മത്തങ്ങ കൊണ്ട് മൊരിഞ്ഞ പൊറോട്ട! അതിശയിച്ച് ഭക്ഷണപ്രേമികൾ
Mail This Article
മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷണം ഏതാണ് ചോദിച്ചു കഴിഞ്ഞാൽ ആദ്യം മനസ്സില്‍ നിറയുന്നത് പൊറോട്ട തന്നെയായിരിക്കും. മൈദയും എണ്ണയും മാത്രം ചേർത്ത് ഉണ്ടാക്കുന്നതുകൊണ്ട് പൊറോട്ട ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പറയപ്പെടുന്നത്.
ആരോഗ്യഗുണങ്ങൾ ഏറെയുള്ള മത്തങ്ങ ചേർത്ത് പൊറോട്ട ഉണ്ടാക്കിയാലോ?ശരീരത്തിനാവശ്യമായ ആന്‍റി ഓക്‌സിഡന്റുകള്‍, നാരുകൾ, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പൊറോട്ടയും നമുക്ക് ആരോഗ്യകരമായി കഴിക്കാം.
ചേരുവകൾ
മത്തങ്ങ - 400 ഗ്രാം
വെള്ളം - കാൽ കപ്പ്
ഉപ്പ് ആവശ്യത്തിന്
മൈദ - 4 കപ്പ്
എണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
മത്തങ്ങ തൊലി കളഞ്ഞ് വലിയ കഷണങ്ങളാക്കി കാൽ കപ്പ് വെള്ളം ചേർത്ത് കുക്കറിൽ നാല് വിസിൽ വരുന്നതുവരെ വേവിക്കുക. ചൂടാറുമ്പോൾ വേവിച്ച വെള്ളം കൂടി ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക
അരച്ച മത്തങ്ങ ഒരു വലിയ പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പ് ചേർക്കുക. മൈദമാവ് കുറേശ്ശെയായി ചേർത്ത് നന്നായി കുഴച്ചെടുക്കുക.
ഒരു ടേബിൾ സ്പൂൺ എണ്ണ കൂടി പുരട്ടിയതിനുശേഷം അടച്ച് ഒരു മണിക്കൂർ മാറ്റിവെക്കുക.തയറാക്കിയ മാവിനെ എട്ടു ഉരുളകളാക്കി മാറ്റുക.
ഒരു ചപ്പാത്തി പലകയിൽ നന്നായി എണ്ണ പുരട്ടുക. തയാറാക്കിയ ഉരുള പറ്റുന്ന അത്രയും വലിപ്പത്തിൽ ചപ്പാത്തി പരത്തുന്നതുപോലെ പരത്തുക. നന്നായി എണ്ണ തേച്ചുപിടിപ്പിക്കുക. അല്പം മൈദ പൊടി ഇതിനു മുകളിലേക്ക് വിതറുക.
ഇനി ഒരു കത്തി ഉപയോഗിച്ച് നൂൽ കനത്തിൽ നീളത്തിൽ മുറിക്കുക.മുറിച്ച മാവ് ഒന്നിച്ചാക്കി വട്ടത്തിൽ ചുറ്റി എടുക്കുക. കയ്യിൽ ഒരല്പം എണ്ണമയം പുരട്ടിയതിനു ശേഷം പരത്തി എടുക്കുക. ചൂടായ ദോശക്കല്ലിൽ തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കാം. അല്പം എണ്ണ കൂടി ഒഴിച്ചു കൊടുത്താൽ പൊറോട്ട നന്നായി മൊരിഞ്ഞു കിട്ടും.
English Summary: Pumpkin Porota Recipe