അതീവരുചികരമായ ശർക്കരവരട്ടി വീട്ടിൽ എളുപ്പം തയാറാക്കാം
Mail This Article
ശർക്കര വരട്ടി ഇല്ലാതെ ഓണം നമ്മൾക്ക് പൂർണമാവില്ല. വീട്ടിൽ ഉണ്ടാക്കുന്ന ശർക്കര വരട്ടിക്ക് പ്രത്യേക രുചിയും മണവും ആണ്. വളരെ എളുപ്പത്തിൽ രുചികരമായി ഇത് നമ്മൾക്ക് വീട്ടിൽ ഉണ്ടാക്കാം.
ചേരുവകൾ
പച്ചക്കായ - ഒരു കിലോ
വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
ജീരകപ്പൊടി - 1/2 ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി - 1 ടേബിൾ സ്പൂൺ
ചുക്കുപൊടി - 1 & 1/2 ടേബിൾ സ്പൂൺ
പഞ്ചസാര - 1 ടേബിൾ സ്പൂൺ
ശർക്കര - 200 ഗ്രാം
വെള്ളം - അരക്കപ്പ്
തയാറാക്കുന്ന വിധം
പച്ചക്കായ തൊലി കളഞ്ഞതിനുശേഷം മഞ്ഞൾപൊടിയും ഉപ്പും ചേർത്ത വെള്ളത്തിൽ കുറച്ചുനേരം ഇട്ടുവച്ചതിനുശേഷം അതിന്റെ കറയെല്ലാം പോയി കഴിഞ്ഞിട്ട് നമ്മൾക്ക് അത് തുടച്ചെടുക്കാം. തുടച്ചെടുത്ത പച്ചക്കായ അര സെൻറീമീറ്റർ കനത്തിൽ അരിഞ്ഞെടുക്കുക.ചൂടായ വെളിച്ചെണ്ണയിൽ ഇത് അര മണിക്കൂർ ചെറിയ തീയിൽ ഇട്ട് വറുത്തുകോരാം. ശേഷം ഇത് നന്നായി തണുക്കാൻ അനുവദിക്കുക. മറ്റൊരു പാത്രത്തിൽ ജീരകപ്പൊടിയും, ഏലയ്ക്കാപ്പൊടിയും, ചുക്കുപൊടിയും കൂടി മിക്സ് ചെയ്ത് എടുക്കാം. പഞ്ചസാര നന്നായി പൊടിച്ചെടുക്കുക. ശർക്കര വെള്ളം ഒഴിച്ച് ഉരുക്കിയതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് അരിച്ചു മാറ്റാം. ഇത് ഒറ്റനൂൽ പരുവം ആകുന്നവരെ ചെറിയ തീയിൽ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. ഒറ്റനൂൽ പരുവം ആകുമ്പോൾ നമ്മൾ നേരത്തെ വറുത്തുവച്ച കായ ഇതിനകത്തേക്ക് ഇട്ടുകൊടുക്കാം. ഇളക്കിക്കൊണ്ടിരിക്കുക, നമ്മൾ മിക്സ് ചെയ്തുവച്ച പൊടികളെല്ലാം ഇട്ടു കൊടുക്കാം. ശേഷം നമ്മൾ നേരത്തെ പൊടിച്ചുവച്ച പഞ്ചസാര കൂടി വിതറി കൊടുക്കാം. ഒട്ടിപ്പിടിക്കാതിരിക്കാൻ വേണ്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് കുറച്ചുനേരം ഇളക്കിക്കൊടുത്ത കൊടുത്തു കൊണ്ടേയിരിക്കുക. കുറച്ചു കഴിയുമ്പോഴേക്കും ശർക്കര വരട്ടി റെഡി.
വിഡിയോ കാണാം
English Summary: Sarkara Varatti (Sweet Banana with Jaggery) Recipe