അരി കുതിർക്കാതെ, കപ്പി കാച്ചാതെ നല്ല പൂ പോലുള്ള അപ്പം; വളരെ എളുപ്പത്തിൽ
Mail This Article
അരി കുതിർത്തു അരച്ച് എടുക്കുന്ന അപ്പം സൈഡിലേക്ക് മാറി നിൽക്കട്ടെ...ഇനി അവന്റെ വരവാണ് റവ അപ്പം. തലേദിവസം അരി കുതിർക്കാൻ ഇടാതെ, കപ്പി കാച്ചാതെ നല്ല പൂ പോലുള്ള അപ്പം തയാറാക്കിയെടുക്കാം. അതും വളരെ എളുപ്പത്തിൽ...അരച്ച് വച്ച് കഴിഞ്ഞു, ഒരു പാട് നേരം പൊങ്ങി വരാൻ കാത്തിരിക്കേണ്ട എന്നതും ഈ അപ്പത്തിന്റെ സവിശേഷതയാണ്. എങ്ങനെയാണു തയാറാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
∙റവ - ഒരു കപ്പ്
∙ഗോതമ്പ് പൊടി - രണ്ട് ടേബിൾ സ്പൂൺ
∙തേങ്ങ - രണ്ടു ടേബിൾ സ്പൂൺ
∙ഉപ്പ് - ആവശ്യത്തിന്
∙പഞ്ചസാര - ഒരു ടീസ്പൂൺ
∙ഇൻസ്റ്റന്റ് യീസ്റ്റ് - അര ടീസ്പൂൺ
∙ഇളം ചൂട് വെള്ളം - രണ്ടു കപ്പ്
തയാറാക്കുന്ന വിധം
മേല്പറഞ്ഞ ചേരുവകളെല്ലാം ഒരു മിക്സിയുടെ ജാറിലേയ്ക്കിട്ടു, ഒരു കപ്പ് ഇളം ചൂട് വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ആവശ്യമെങ്കിൽ ഒരു കപ്പ് വെള്ളം കൂടി ചേർക്കാവുന്നതാണ്. ദോശമാവിന്റെ കട്ടിയിൽ വേണം അരച്ചെടുക്കാൻ.
മാവ് ഒരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം അര മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെ പൊങ്ങി വരാനായി വെയ്ക്കാം. നല്ല ചൂടുള്ള കാലാവസ്ഥയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മാവ് പൊങ്ങി വരും. ഇത് ഒരു പാനിലൊഴിച്ചു ചുട്ടെടുക്കാം. കാഴ്ചയിൽ മാത്രമല്ല, കഴിക്കാനും വളരെ രുചികരമാണ് റവ കൊണ്ട് തയാറാക്കുന്ന ഈ അപ്പം.
English Summary: Rava Appam Recipe