ബേക്കിങ് സോഡ വേണ്ട, ഗോതമ്പിന്റെ രുചിയിലും സ്പെഷൽ ഉണ്ണിയപ്പം തയാറാക്കാം; വളരെ എളുപ്പത്തിൽ
Mail This Article
ഉണ്ണിയപ്പം എല്ലാവർക്കും ഇഷ്ടമുള്ള പലഹാരമാണ്. പച്ചരിയും പഴവും ശർക്കരയുടെ മധുരവും ചേർന്ന ഉണ്ണിയപ്പം കുട്ടികൾക്കും പ്രിയമാണ്. അരിപ്പൊടി മാത്രമല്ല, ഗോതമ്പിന്റെ രുചിയിലും ഉണ്ണിയപ്പം തയാറാക്കാം. എങ്ങനെയെന്ന് നോക്കാം. പെട്ടെന്ന് ഉണ്ടാക്കാവുന്ന ഗോതമ്പു ഉണ്ണിയപ്പം
ചേരുവകൾ
ഗോതമ്പു പൊടി - 1.5കപ്പ്
അരിപൊടി -1/2 കപ്പ്
ഉപ്പ് -1 പിഞ്ച്
ചെറിയ പഴം -1 എണ്ണം
ശർക്കരപാവ് -1/2 കപ്പ് ( ആവശ്യത്തിന് )
തേങ്ങ -1/4 കപ്പ്
തേങ്ങാക്കൊത്ത് -1/4 കപ്പ്
ജീരകം -1/2 ടീസ്പൂൺ
എള്ള് -1 ടീസ്പൂൺ
ചുക്കും ജീരകവും ചേർത്ത് പൊടിച്ചത് -1/2 ടീസ്പൂൺ
അല്ലെങ്കിൽ
ഏലക്ക പൊടിച്ചത് -1/2 ടീസ്പൂൺ
നെയ്യ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഗോതമ്പുപൊടിയും അരിപ്പൊടിയും ഉപ്പും ശർക്കരയും ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സിയിൽ ഇട്ട് കട്ട കൂടാതെ അടിച്ചെടുക്കുക. മാവ് പാത്രത്തിലേക്ക് മാറ്റിയ ശേഷം മിക്സിയിൽ കുറച്ചു മാവും തേങ്ങയും പഴവും ചേർത്ത് അരച്ചെടുക്കുക ആ മിക്സിനെയും മാവിലേക്ക് ചേർക്കുക. ഒരു പാനിൽ നെയ്യൊഴിച്ചു തേങ്ങാക്കൊത്ത് വറുത്തെടുക്കുക. അതും മാവിലേക്ക് ചേർക്കുക.
ചുക്കും ജീരകവും പൊടിച്ചതും കൂടി ചേർത്ത് നന്നായി ഇളക്കുക.10 മിനിറ്റ് അടച്ചു റസ്റ്റ് ചെയ്യാൻ വയ്ക്കുക. 10 മിനിറ്റിനു ശേഷം ഉണ്ണിയപ്പകാരയിൽ എണ്ണയോ നെയ്യോ ഒഴിച്ചു ചൂടാകുമ്പോൾ അപ്പം ഉണ്ടാക്കി എടുക്കാം.
English Summary: easy unniyappam recipe