തേങ്ങ ചേർക്കാത്ത ഒഴിച്ചുകറി, ദേ ഇങ്ങനെ വയ്ക്കാം
Mail This Article
അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് വെള്ളരിക്ക. ഇന്ത്യയിലാണ് ആദ്യം വെള്ളരിക്ക ഉപയോഗിച്ച് തുടങ്ങിയിരുന്നു എന്ന് പറയപ്പെടുന്നു. 95% വെള്ളമാണെങ്കിലും ഗുണം ഏറെയുള്ള ഒന്നാണ് വെള്ളരിക്ക. അസിഡിറ്റി ഉള്ളവർക്ക് വെള്ളരിക്ക നല്ലൊരു ഔഷധമാണ്. രക്തശുദ്ധി ഇല്ലായ്മമൂലം ചർമത്തിൽ കാണപ്പെടുന്ന പാടുകൾ ചൊറിച്ചിൽ മുതലായ രക്തസംബന്ധമായ അസുഖങ്ങൾക്ക് വെള്ളരിക്ക മികച്ചതാണ് .ഇന്നത്തെ റെസിപ്പി വെള്ളരിക്ക കൊണ്ടുള്ള ഒരു ഒഴിച്ചു കറിയാണ്. പഥ്യ കറി എന്നും ഇതിനെ പറയാം. നെയ്യിൽ വറുത്തിടുന്നതാണ് ഈ കറിയുടെ പ്രത്യേകത. നല്ല സ്വാദും പിന്നെ തയാറാക്കാനോ വളരെ എളുപ്പവും.
ചേരുവകൾ
വെള്ളരിക്ക –ഒന്ന്
ഉപ്പ് –ആവശ്യത്തിന്
സവാള –ഒന്ന്
മുളകുപൊടി – ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി –1/4 ടീസ്പൂൺ
ചെറിയ ഉള്ളി –10
നെയ്യ് – രണ്ടു ടീസ്പൂൺ
കറിവേപ്പില– രണ്ട് തണ്ട്
തയാറാക്കേണ്ട വിധം
വെള്ളരിക്ക തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കുക. അതിൽ കുറച്ചു വെള്ളവും മഞ്ഞൾപ്പൊടി, ഉപ്പ്, മുളകുപൊടി എന്നിവ ചേർത്ത് വേവിക്കുക. ഈ കറിയുടെ പ്രത്യേകത നെയ്യിൽ വറുത്തിടുകയെന്നതാണ്. അതിനായി കുറച്ച് ചെറിയ ഉള്ളിയും ഒരു സവാളയും നുറുക്കി എടുക്കുക.
വെള്ളരിക്ക വെന്തു കഴിഞ്ഞാൽ അതിലേക്ക് നെയ്യിൽ വഴറ്റിയെടുത്ത സവാളയും ചേർക്കാം. നന്നായി യോജിപ്പിക്കണം. ശേഷം പാനിൽ എണ്ണ ചേർത്ത് വറ്റൽ മുളകും ഉലുവയും കടുകും കറിവേപ്പിലയും മൂപ്പിച്ച് ചേർക്കാം. ഒരു സാധാരണ ഒഴിച്ചു കറിയാണ്. സ്വാദേറും ഒഴിച്ച്കറി റെഡി.
English Summary: Vellarikka Easy Curry