ഇത് കലക്കി! കുട്ടികളെ ഇലക്കറികൾ കഴിപ്പിക്കാനുള്ള എളുപ്പ വഴികൾ ഇതാ
Mail This Article
എല്ലാ അമ്മമാരും നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് കുട്ടികളെക്കൊണ്ട് ഇലക്കറികൽ കഴിപ്പിക്കുക എന്നത്. ഒട്ടുമുക്കാൽ കുഞ്ഞുങ്ങളും ഇലവർഗങ്ങൾ കഴിക്കാൻ മടിയ്ക്കും. നമ്മൾ ഏതൊക്കെ രീതിയിൽ പാകം ചെയ്തുകൊടുത്താലും അവർ അതിനോട് മുഖം തിരിക്കും. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് ഇലക്കറികൾ. മുരിങ്ങയില, പയർ ഇല, ചീരയില തുടങ്ങിയ ഇലകളെല്ലാം സൂപ്പായോ അല്ലാതെയോ കഴിക്കാം. ഇലകൾ ചേർത്ത മാവ് ഉപയോഗിച്ച് ദോശ, ചപ്പാത്തി എന്നിവ തയാറാക്കുന്നതും നല്ലതാണ്. വിറ്റാമിൻ എ സമൃദ്ധമായുണ്ട് ഇലക്കറികളിൽ. കാഴ്ചയ്ക്ക് അത്യന്താപേക്ഷിതമായ വിറ്റാമിൻ എ കുട്ടികളുടെ വളർച്ചയിലും ബുദ്ധിവികാസത്തിലും, രോഗപ്രതിരോധത്തിലുമെല്ലാം വളരെ അധികം പങ്ക് വഹിക്കുന്നു.
പച്ച ഇലക്കറികൾ മൈക്രോ ന്യൂട്രിയന്റുകളുടെ സമ്പന്നമായ ഉറവിടങ്ങൾക്ക് പേരുകേട്ടതാണ്. പച്ച ഇലക്കറികളിൽ ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ അവശ്യ മൈക്രോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ കേടുപാടുകൾ തടയാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനും സഹായിക്കും. കാര്യം ഇതൊക്കെയാണെങ്കിലും നമ്മുടെ മക്കൾക്ക് ഇലക്കറികൾ എന്നാൽ എന്തോ പ്രശ്നമുള്ള കാര്യമാണ്. അങ്ങനെയുളളപ്പോൾ കുറച്ച് വ്യത്യസ്തമായ രീതിയിൽ കുട്ടികളെകൊണ്ട് ഇലക്കറികൾ കഴിപ്പിക്കാം. ഇലക്കറികൾ വെറുക്കുന്ന കുട്ടികൾക്കായി ചില രസകരവും എളുപ്പവും രുചിയേറിയതുമായ പാചക ആശയങ്ങൾ ഇതാ...
ചീര റോളുകൾ
റോളുകൾ കുട്ടികൾ ഇഷ്ടപ്പെടുന്ന ഒരു സ്നാകാണ്. വീട്ടിൽ തന്നെയുണ്ടാക്കുന്ന ചപ്പാത്തിയോ അല്ലെങ്കിൽ കടകളിൽ നിന്നും വാങ്ങുന്ന ടോർട്ടിലയോ മതിയാകും ഈ റോൾ ഉണ്ടാക്കാൻ. റോളിനായുള്ള ഫില്ലിങ് തയാറാക്കുമ്പോൾ ചീരയ്ക്കൊപ്പം ആവശ്യത്തിന് ചീസും മുട്ട ചിക്കിയതും കൂടിചേർത്താൽ ഇലക്കറിയാണ് കഴിക്കുന്നതെന്ന തോന്നൽ ഉണ്ടാകില്ല. കുറച്ച് മസാലയും മുട്ടയും ചേർത്ത് ചീര നല്ലതുപോലെ പാകം ചെയ്തതിനുശേഷം ചീസ് ചേർത്ത് റോളാക്കി കുട്ടികൾക്ക് നൽകാം.
പാൻകേക്കുകൾ
ഏറ്റവും എളുപ്പത്തിൽ തയാറാക്കാവുന്ന ഒന്നാണ് പാൻകേക്കുകൾ. ചില കുട്ടികൾ ഏതൊക്കെ രീതിയിൽ കൊടുത്താലും ഇലകൾ പെറുക്കി മാറ്റിയതിനുശേഷം കഴിക്കുന്നത് കണ്ടിട്ടില്ലേ. അവർക്ക് വേണ്ടിയുള്ളതാണ് ഈ റെസിപ്പി. മൈദയും പാലും ഒപ്പം ചീരയും ചേർത്ത് മിക്സിയിലിട്ട് നല്ലതുപോലെ അടിച്ചെടുക്കുക. രുചികൂട്ടാൻ ഒരു മുട്ട കൂടി ചേർക്കാം. എന്നിട്ട് ചട്ടി ചൂടാക്കി ബട്ടർ പുരട്ടി അതിലേക്ക് ഈ മാവ് ഒഴിച്ചുകൊടുക്കാം. ചെറിയ കട്ടിയുള്ള ഈ പാൻകേക്കുകൾ സോസിനൊപ്പമോ അല്ലെങ്കിൽ തേൻചേർത്തോ കഴിക്കാം. പാൻകേക്കിന്റെ പച്ചനിറം കുട്ടികളെ ആകർഷിക്കുമെന്നുറപ്പ്.
ചീര ചിപ്സ്
പൊട്ടറ്റോ ചിപ്സ്, പായ്ക്കറ്റ് ചിപ്സുകൾ, ലെയ്സ് പോലെ ആരോഗ്യത്തിന് യാതൊരു ഗുണവുമില്ലാത്ത പലതുമാണല്ലോ നമ്മുടെ മക്കൾക്ക് എപ്പോഴും ഇഷ്ടം. എങ്കിൽ ആ ഇഷ്ടത്തിൽ തന്നെ നമുക്കും ഒരു ഐറ്റം തയാറാക്കിയെടുക്കാം. ഒരു പാനിൽ ചീരയിലകൾ കുറച്ച് ഒലിവ് ഓയിലും ആവശ്യത്തിനും ഉപ്പും വേണമെങ്കിൽ കുറച്ച് ഒറിഗാനോയും ചേർത്ത് ഓവനിൽ വച്ച് മൊരിച്ചെടുക്കാം. ഇത്രയും ടേസ്റ്റിയായിട്ടുള്ള ഒരു ചിപ്സ് വേറെ കാണില്ല. ഇലക്കറികളെ ഇഷ്ടപ്പെടാത്ത കുട്ടികൾ ഈ ചീര ചിപ്സിനെ ഇഷ്ടപ്പെടും ഉറപ്പ്.