പടവലങ്ങയെ വിലകുറച്ച് കാണേണ്ട, സ്പെഷൽ വിഭവം ഉണ്ടാക്കാം
Mail This Article
അവിയൽ വയ്ക്കാനും തോരനും മാത്രമല്ല, രുചിയൂറും കറി ഉണ്ടാക്കാനും പടവലങ്ങ സൂപ്പറാണ്. ഇതുപോലൊരു പടവലങ്ങ കറി ഉണ്ടെങ്കിൽ ആരായാലും ചോറ് കഴിച്ച് പോകും. അത്രയും ടേസ്റ്റ് ആണ് ഈ കറിക്ക്. ഇത് എങ്ങനെ എളുപ്പത്തിൽ തയാറാക്കുന്നു എന്ന് നോക്കാം.
ചേരുവകൾ
•മുളകുപൊടി - 1 & 3/4 ടീസ്പൂൺ
•മഞ്ഞൾപ്പൊടി - 3/4 ടീസ്പൂൺ
•മല്ലിപ്പൊടി - 3/4 ടീസ്പൂൺ
•ചെറിയ ഉള്ളി - 25 എണ്ണം
•വെളുത്തുള്ളി - 5 അല്ലി
•ഇഞ്ചി - ചെറിയ കഷണം
•തേങ്ങ ചിരവിയത് - ഒരു കപ്പ്
•തക്കാളി - 1
•ഉപ്പ് - ആവശ്യത്തിന്
•കടുക് - ഒരു ടീസ്പൂൺ
•ഉണക്കമുളക് - മൂന്നെണ്ണം
•കറിവേപ്പില - രണ്ടു തണ്ട്
•വാളൻപുളി - ചെറിയ നെല്ലിക്കാ വലിപ്പത്തിൽ
•പടവലങ്ങ - അര കിലോ
തയ്യാറാക്കുന്ന വിധം
•പടവലങ്ങ തൊലി ചുരണ്ടി ഉള്ളിലത്തെ കുരു എല്ലാം കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളാക്കി നുറുക്കിയെടുക്കാം. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും, ഉപ്പും, മുക്കാൽ ടീസ്പൂൺ മുളകുപൊടിയും ചേർത്ത് നന്നായി പുരട്ടിവയ്ക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും, 10 ചെറിയ ഉള്ളിയും, 5 വെളുത്തുള്ളിയും, ഒരു ചെറിയ കഷണം ഇഞ്ചിയും ഇട്ട് നന്നായി വറുത്തെടുക്കുക. ശേഷം ഇതിലേക്ക് 3/4 ടീസ്പൂൺ മല്ലിപ്പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത് വീണ്ടും വഴറ്റുക. ഇത് ചൂടാറിയതിനു ശേഷം മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാം.
•ഇനി ഒരു മൺചട്ടി അടുപ്പിൽ വച്ച് അതിലേക്ക് ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം 10 ചെറിയുള്ളി ചതച്ചതും കുറച്ച് കറിവേപ്പിലയും ചേർത്ത് വഴറ്റിയെടുത്ത ശേഷം നമ്മൾ നേരത്തെ പുരട്ടിവെച്ച പടവലങ്ങ ഇട്ടുകൊടുക്കാം. ഇതും കൂടി ചേർത്ത് ചെറിയ തീയിൽ വഴറ്റി എടുക്കുക. ശേഷം ഇതിലേക്ക് ഒരു തക്കാളി അരിഞ്ഞതും കൂടെ ചേർത്ത് വീണ്ടും വഴറ്റുക വെള്ളം തീരെ ചേർക്കാതെ ചെറിയ തീയിൽ വച്ച് വേണം ഇത് വഴറ്റിയെടുക്കാൻ അപ്പോഴാണ് രുചി കൂടുക.
•പടവലങ്ങ നന്നായി വെന്തു വരുമ്പോൾ ഇതിലേക്ക് കാൽകപ്പ് വെള്ളവും തേങ്ങ അരപ്പും കുറച്ചുകൂടി വെള്ളവും ചേർത്ത് വീണ്ടും എല്ലാം കൂടെ തിളപ്പിക്കുക ഉപ്പ് ആവശ്യമെങ്കിൽ വീണ്ടും ചേർക്കാം ശേഷം നെല്ലിക്ക വലിപ്പത്തിൽ ഒരു പുളി പിഴിഞ്ഞതും കൂടി ചേർത്ത് തിളയ്ക്കുമ്പോൾ കറി ഓഫ് ചെയ്യാം.
•മറ്റൊരു പാൻ അടുപ്പിൽ വച്ച് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് കടുകിട്ട് പൊട്ടി വരുമ്പോൾ ഇതിലേക്ക് കറിവേപ്പിലയും, ഉണക്കമുളകും, ചെറിയ ഉള്ളി അരിഞ്ഞതും കൂടെ ചേർത്ത് നന്നായി താളിച്ച് എടുക്കുക. ഇത് നേരത്തെ ഓഫ് ചെയ്തു വെച്ച കറിയിലേക്ക് ഒഴിക്കാം. സ്വാദിഷ്ടമായ പടവലങ്ങ കറി റെഡി.