ഇരുമ്പൻ പുളി കൊണ്ട് തോരന്‍ ഉണ്ടാക്കാം; നെറ്റി ചുളിക്കാൻ വരട്ടെ!
Mail This Article
നമ്മുടെ വീട്ടില്‍ ധാരാളമായി ഉണ്ടാകുന്ന ഇരുമ്പന്‍ പുളിയില്‍ വിറ്റാമിനുകളും, മിനറല്‍സും ഒരുപാടുണ്ടെന്ന് ഒട്ടുമിക്കപേർക്കും അറിയില്ല. അതുകൊണ്ടുതന്നെ കുറെ പാഴായി പോകാറുമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവും, രക്തസമ്മര്‍ദ്ദവും കുറയ്ക്കാനും കൊഴുപ്പിനെ ഇല്ലാതാക്കാനും രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും ഇത് വളരെ ഉത്തമമാണ്. മിക്കവരും ഇരുമ്പൻ പുളികൊണ്ട് അച്ചാറാണ് കൂടുതലും ഇണ്ടാക്കാറ്. വ്യത്യസ്തമായി ഇരുമ്പന്‍ പുളി വച്ച് നല്ല രുചിയുള്ള ഒരു തോരന്‍ ഉണ്ടാക്കിയാലോ? ചോറ് തീരുന്നതറിയില്ല അത്രയ്ക്കും രുചിയാണ്. വളരെ പെട്ടെന്ന് തയാറാക്കുകയും ചെയ്യാം.
ചേരുവകൾ:
• ഇരുമ്പന്‍ പുളി (അധികം മൂക്കാത്തത്) - 1 കപ്പ്
• ചുവന്നുള്ളി - 15 എണ്ണം
• മഞ്ഞള്‍ പൊടി - ഒരു നുള്ള്
• മുളക് പൊടി - 1/2 ടീസ്പൂണ്‍
• കറിവേപ്പില - 2 തണ്ട്
• വെളിച്ചെണ്ണ - 1 1/2 ടേബിള്‍സ്പൂൺ
• ഉപ്പ് - ആവശ്യത്തിന്
• തേങ്ങ ചിരകിയത് - 1/2 കപ്പ്
തയാറാക്കുന്ന വിധം:
• ഇരുമ്പന്‍ പുളി നന്നായി കഴുകി, നാലാക്കി മുറിച്ച് വയ്ക്കുക.
• ചുവന്നുള്ളി തൊലി കളഞ്ഞ് മുറിച്ചെടുക്കുക.
• ഇനി ഇരുമ്പന്‍ പുളിയും, ചുവന്നുള്ളിയും, മഞ്ഞള്‍ പൊടിയും, മുളക് പൊടിയും, കറിവേപ്പിലയും, ഉപ്പും, ഒരു ടേബിള്‍സ്പൂൺ വെളിച്ചെണ്ണയും കൂടി തിരുമ്മിയെടുക്കുക.
• അതിനു ശേഷം ഒരു ചീനച്ചട്ടി സ്റ്റൌവില്‍ വെച്ച് ചൂടായി വരുമ്പോള്‍ അര ടേബിള്‍സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച്, തിരുമ്മിവെച്ച കൂട്ട് ചേര്‍ത്ത് ഇളക്കിക്കൊടുക്കുക. ഇനി തേങ്ങ ചിരകിയത് ചേര്‍ത്തിളക്കി, ചെറിയ തീയില്‍ 5-6 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക.
• അടിപൊളി രുചിയില്‍ ഇരുമ്പന്‍ പുളി തോരന്‍ തയാർ!