ചോറിന് കറി ഒന്നുമില്ലേ? മുളക് കൊണ്ട് സ്പെഷല് ഉണ്ടാക്കാം
Mail This Article
ചോറിന് കറി ഒന്നുമില്ലേ? എങ്കിൽ വിഷമിക്കേണ്ട, പച്ചക്കറികൾ ഒന്നും ചേർക്കാതെ മുളക് കൊണ്ട് ഒരു നല്ല കറി തയാറാക്കാം. എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
മുളക് - 10 എണ്ണം
ചെറിയ ഉള്ളി - 8 എണ്ണം
വെളുത്തുള്ളി - 4
ഇഞ്ചി - ചെറിയ കഷ്ണം
കറിവേപ്പില - കുറച്ച്
ഉണക്കമുളക് - 4
വെളിച്ചെണ്ണ - മൂന്ന് ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ
കായപ്പൊടി - ഒരു ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കടുക് - ഒരു ടീസ്പൂൺ
ഉലുവ - അര ടീസ്പൂൺ
തൈര് - ഒരു കപ്പ്
വെള്ളം - ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ചെറുതായി വരഞ്ഞെടുത്ത മുളകിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ കായപ്പൊടിയും അര ടീസ്പൂൺ ഉപ്പും, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി പുരട്ടിവയ്ക്കുക.
ഒരു കപ്പ് തൈരും ഒരു കപ്പ് വെള്ളവും കൂടി നന്നായി അടിച്ചെടുക്കുക. ഇനിയൊരു ചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ശേഷം ഇതിലേക്ക് നേരത്തെ പുരട്ടിവച്ച മുളക് ഇട്ടതിനുശേഷം കുറച്ചുനേരം ഫ്രൈ ചെയ്ത് എടുക്കുക.
മുളക് എടുത്ത് മാറ്റി വച്ചതിനുശേഷം ബാക്കി വെളിച്ചെണ്ണയിലേക്ക്, ഒരു ടീസ്പൂൺ കടുകും കടുക് നന്നായി പൊട്ടി വന്നതിനു ശേഷം അര ടീസ്പൂൺ ഉലുവയും കൂടി ഇട്ട് കൊടുക്കാം. ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചതച്ചെടുക്കാം. അതും കൂടി ഇതിലേക്ക് ഇട്ടുകൊടുത്ത് നന്നായി വഴറ്റുക. കൂടെത്തന്നെ ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് കുറച്ചു വഴറ്റിയതിനുശേഷം അടിച്ചെടുത്ത മോര് ഇതിനകത്തേക്ക് ഒഴിച്ചു കൊടുക്കാം. ശേഷം വറുത്തുവച്ച മുളകും കൂടി ഇട്ടു കൊടുത്തതിനുശേഷം എല്ലാം കൂടെ നല്ലപോലെ ഇളക്കി കൊടുത്താൽ മുളക് കറി തയാർ