ADVERTISEMENT

ഒരാൾ ഭക്ഷണം വയറു നിറയെ കഴിക്കുന്നതു കാണുമ്പോൾ കിട്ടുന്ന ആനന്ദം വേറെയെവിടെനിന്നും കിട്ടില്ലെന്നു വിശ്വസിക്കുന്നൊരാളാണ് ഞാൻ. പാചകവും എഴുത്തുമായി  അഭേദ്യമായ ബന്ധം ഉണ്ട്. കാരണം കേരളത്തിൽ കാസർകോട് തൊട്ട് തിരുവനന്തപുരം വരെയുള്ള കടകളിൽനിന്ന് ചിക്കൻ കറി കഴിച്ചിട്ടുണ്ടെങ്കിൽ നമുക്ക് മനസ്സിലാകും,  വ്യത്യസ്തമായ രുചികളാണ്. പക്ഷേ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കടകളിൽ പാചകം ചെയ്യുന്നത് ഒരേ ബ്രോയിലർ ചിക്കനാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഈ രുചിവ്യത്യാസമെന്നു ചിന്തിച്ചിട്ടുണ്ടോ?. ഒന്നു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, അതിലെ ചേരുവകൾ, പിന്നെ, പാകം ചെയ്യുന്ന സമയം, രീതി, ഏത്ര ചൂടിലാണ് വേവിച്ചെടുക്കുന്നത് തുടങ്ങിയവ. കഥകളുടെ കാര്യത്തിൽ, മിക്കവാറും കഥകളിലെ പ്രമേയം  ഒന്നുതന്നെയായിരിക്കും. പക്ഷേ നമ്മൾ അതിൽ ചേർക്കുന്ന ചേരുവകൾ, ഏറ്റവും കൂടുതൽ വേണ്ടത് ശ്രദ്ധയാണ്. പിന്നെ കൈയുടെ താളം. എഴുത്തിനും വിരലിനും ഒരു താളം വേണം, മനസ്സിന്റെ ഒരു ചേർന്നുനിൽപു വേണം. അങ്ങനെ ഒരുപാടു ഘടകങ്ങൾ  പാചകവും എഴുത്തുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ഞങ്ങളുടെ കുട്ടിക്കാലത്ത് ക്രിസ്മസിനു മാത്രമേ ഇറച്ചി വാങ്ങിക്കാറുള്ളൂ. അന്ന് ഇതു പോലെ ബ്രോയിലർ ചിക്കനില്ല. നാടൻ ചിക്കൻ മാത്രമേ ഉള്ളൂ. എന്റെ കഥയായ തൊട്ടപ്പനിൽ ക്രിസ്മസിന് കുഞ്ഞാടിനു കഴിക്കാൻ ചിക്കൻ ഇല്ലാഞ്ഞിട്ട് തൊട്ടപ്പൻ അവളെയും കൂട്ടി കോഴി മോഷ്ടിക്കാൻ പോകുന്നുണ്ട്. അത് എന്റെ നാട്ടിൽ നടന്ന സംഭവം തന്നെയാണ്. ആളുകൾക്ക് ഇങ്ങനെ വല്ലാത്തൊരു ദാരിദ്ര്യം ഉള്ള കാലഘട്ടത്തിലാണ് എന്റെ കുട്ടിക്കാലം. അന്ന് വലിയ ആർഭാടമായിരുന്നു ഈ കഞ്ഞിയും പയറും ചമ്മന്തിയും കഴിഞ്ഞിട്ടുള്ള ബാക്കി എല്ലാ ഭക്ഷണവും. ഭക്ഷണത്തിന്റെ കാര്യത്തിൽ സന്തോഷം നൽകുന്ന അനുഭവത്തോടൊപ്പം ഒരുപാട് നോവുന്ന ഓർമകളും ഉണ്ട്. എന്റെ അമ്മച്ചിയാണ് പല വിഭവങ്ങളും ഉണ്ടാക്കാൻ എന്നെ പഠിപ്പിച്ചത്. അതിലൊന്നാണ് കുട്ടനാടൻ താറാവുകറി. പൊട്ടറ്റോ ചിപ്സും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്ത ഈ വിഭവം തീരദേശത്തെ  അമ്മച്ചിമാർ പരമ്പരാഗതമായി ഉണ്ടാക്കുന്നതാണ്.

സ്പെഷൽ കുട്ടനാടൻ താറാവ് കറി

ആമുഖം

കുട്ടനാടൻ ഗ്രാമപ്രദേശങ്ങളിൽ വയ്ക്കുന്ന താറാവ് കറിയാണിത്. മുളകുപൊടി ചേർക്കുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. എണ്ണയിൽ വറുത്തെടുത്ത ഉരുളക്കിഴങ്ങും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും സവോളയും ചേർത്ത് ഇത് വിളമ്പാം. നിങ്ങളും ഇത് പരീക്ഷിച്ചു നോക്കുക.  പാലപ്പത്തിന്റെ കൂടെയോ വെള്ളയപ്പത്തിന്റെ കൂടെയോ ചൂടോടെ കഴിക്കാം.

ഉള്ളടക്കം

  • താറാവ് – 1 (മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിച്ചത്)
  • കശുവണ്ടി – ഒരു പിടി
  • ഉരുളക്കിഴങ്ങ് (ഇടത്തരം വലിപ്പമുള്ളത്) – 2 എണ്ണം
  • സവാള – 1 എണ്ണം
  • ഇഞ്ചി – 1 ചെറിയ കഷ്ണം
  • വെളുത്തുള്ളി – 4 അല്ലി
  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
  • മല്ലിപ്പൊടി – രണ്ട് ടീസ്പൂൺ
  • കറിവേപ്പില – ആവശ്യത്തിന്
  • തേങ്ങാപ്പാൽ – ഒരു മുറി തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും

അരപ്പ് തയാറാക്കാൻ വേണ്ടത്

  • പെരുംജീരകം - 2 ടേബിൾ സ്പൂൺ
  • കുരുമുളക് – 2 ടേബിൾ സ്പൂൺ
  • കറുവാപട്ട – ചെറിയ കഷണം
  • ഏലയ്ക്ക – 2 എണ്ണം
  • ഗ്രാമ്പൂ– 2 എണ്ണം

അധ്യായം 1

എണ്ണ ചൂടാക്കി അതിൽ കശുവണ്ടി, ഉണക്കമുന്തിരി, ഉരുളക്കിഴങ്ങ്, സവാള എന്നിവ വറുത്തു കോരി മാറ്റുക. ഉരുളക്കിഴങ്ങ് അധികം വറുക്കണ്ട, വെന്തുകിട്ടിയാൽ മതി. 

അധ്യായം 2

നമ്മൾ പാചകത്തിന്റെ അടുത്ത അധ്യായത്തിലേക്ക് പ്രവേശിക്കുകയാണ്. കുറച്ച് മസാലക്കൂട്ടുകൾ ഇവിടെയുണ്ട്. അത് സവാളയിൽ വെളുത്തുള്ളി, ഇഞ്ചി ഒക്കെയിട്ട്  വഴറ്റിയെടുക്കുന്ന അത്ഭുത പ്രതിഭാസമാണ്. ചൂടായ എണ്ണയിലേക്ക് ഇഞ്ചി ആദ്യം ഇടണം. ഇഞ്ചി ബ്രൗൺ നിറമാകുമ്പോൾ വെളുത്തുള്ളി ഇടാം. അത് ബ്രൗൺ നിറമാകുമ്പോൾ മുറിച്ചുവച്ചിരിക്കുന്ന സവാള ചേർക്കാം. അതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി, മല്ലിപ്പൊടിയും ചേർക്കാം. തീ കുറച്ചു വയ്ക്കുക. ഇതിലേക്കു കറിവേപ്പില ചേർക്കാം. അധികം എണ്ണ വേണമെന്നില്ല.

കഥയുടെ മർമം എന്നു പറയുന്നതുപോലെ താറാവ് കറിയുടെ മർമം ഈ മസാലക്കൂട്ടാണ്. പെരുംജീരകവും കുരുമുളകും കറുവപ്പട്ടയും ഗ്രാമ്പൂവും ഏലയ്ക്കയും അരച്ച് േപസ്റ്റാക്കി വച്ചിരിക്കുന്നതാണ്. കറിവേപ്പില ഇട്ടതു കൊണ്ട് ഇത് കരിഞ്ഞു പോകുമെന്ന് പേടിക്കേണ്ട. ഇതിലേക്കു തേങ്ങയുടെ രണ്ടാംപാൽ ഒഴിക്കാം, ഇതിലേക്ക് വേവിച്ചു വച്ച താറാവും ചേർത്ത് അഞ്ച് മിനിറ്റ്  വേവാൻ വയ്ക്കാം. ഏകദേശം കുറുകി വന്നാൽ തലപ്പാൽ ചേർക്കാം. തലപ്പാൽ ചേർത്തു കഴിഞ്ഞാൽ പിന്നെ തിളയ്ക്കരുത് എന്നാണ് പറയുന്നത്. പക്ഷേ താറാവ് കറിക്ക് തിളയ്ക്കണം. ഒരു നുള്ള് ഗരം മസാല മണത്തിനു വേണ്ടി ചേർക്കാം. ഗ്രേവി കുറച്ചു കൂടി കുറുകണമെന്നുണ്ടെങ്കിൽ നട്സ് അരച്ചിട്ട് അതിന്റെ പേസ്റ്റ് കൂടി ചേർത്താൽ മതി. 

കറിയുടെ അവസാന അധ്യായം

ഇതൊരു ബൗളിലേക്ക് മാറ്റാം. വറുത്തു വച്ചിരിക്കുന്ന നട്സും സവാളയും പൊട്ടറ്റോയും ഇട്ട് അലങ്കരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com