മലബാർ സ്പെഷൽ മട്ടന്‍ വറുത്തരച്ചതുണ്ടെങ്കിൽ ചോറിനു വേറെ കറിവേണ്ട!
Mail This Article
വിഷു ദിനത്തിലെ സദ്യയുടെ ആലസ്യം വിട്ടുമാറുന്നതിനു മുൻപേ ഈസ്റ്റർ എത്തുകയാണ്. വിഷുവിന് സദ്യയും പായസവുമൊക്കെ പരീക്ഷിച്ച് വിജയിച്ചെങ്കിൽ ഈസ്റ്ററിന്റെ വിഭവങ്ങളിൽ കുറച്ച് എരിവും പുളിയുമൊക്കെ ആവാം.
മട്ടന്‍ വറുത്തരച്ചത്
മലബാറിന്റെ തനത് രുചിയാണ് മട്ടൺ വറുത്തരച്ചതിന്. നാവിൽ എരിവിന്റെ മേളം തീർക്കുന്ന വറുത്തരച്ച മട്ടൺ കറിയുണ്ടെങ്കിൽ ചോറിനും അപ്പത്തിനുമൊക്കെ ഉഗ്രൻ കൂട്ടായി.
ആവശ്യമുള്ള സാധനങ്ങൾ
- മട്ടൺ– 500 ഗ്രാം.
- സാവാള– 2 വലുത്
- ഇഞ്ചി– 1 ചെറിയ കഷ്ണം
- പച്ചമുളക്– 5 എണ്ണം
- വെളുത്തുള്ളി – 6 അല്ലി
- തേങ്ങ– അരമുറി
- ജീരകം– 1 ടിസ്പൂൺ
- കറിവേപ്പില– ആവശ്യത്തിന്
- മുളകുപൊടി – 1.5 ടേബിൾ സ്പൂൺ
- മല്ലിപ്പൊടി– 2 ടേബിൾ സ്പൂൺ
- കുരുമുളകുപൊടി –1 ടേബിൾ സ്പൂൺ ( എരിവിന് അനുസരിച്ച്)
- വെളിച്ചെണ്ണആവശ്യത്തിന്
- ഉപ്പ്–ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം വെളിച്ചെണ്ണയിൽ തേങ്ങ നന്നായി വറുത്തെടുക്കുക. ബ്രൗൺ നിറമാവുമ്പോൾ കറിവേപ്പിലയും ജീരകവും ചേർത്ത് ഇറക്കി വയ്ക്കാം. ശേഷം നന്നായി അരച്ചെടുക്കുക. കഴുകി വൃത്തിയാക്കിയ മട്ടൺ ഉപ്പും മഞ്ഞളും ചേർത്ത് നന്നായി വേവിച്ചെടുക്കാം. മറ്റൊരു പാത്രത്തിൽ സവാള നന്നായി വഴറ്റിയ ശേഷം അരിഞ്ഞു വച്ച ഇഞ്ചിയും വെളുത്തുള്ളിയും നീളത്തിൽ കീറിയെടുത്ത പച്ചമുളകും ചേർത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ചുവച്ച മട്ടൺ ചേർത്ത് നന്നായി യോജിപ്പിക്കാം.. അതിനു ശേഷം ചൂടാക്കിയെടുത്ത മുളകുപൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് യോജിപ്പിച്ച ശേഷം ആവശ്യത്തിനു വെള്ളം ഒഴിച്ചു നന്നായി തിളപ്പിക്കുക. എരിവിന് ആവശ്യമായ കുരുമുളകുപൊടിയും ചേർക്കാം. നന്നായി തിളച്ച ശേഷം അരച്ചു വച്ച തേങ്ങ ചേർക്കാം. കുറുകി വരുമ്പോൾ കറിവേപ്പില ചേർത്ത് ഇറക്കി വയ്ക്കാം.