തൊട്ടു കൂട്ടാൻ രുചികരമായ വെളുത്തുള്ളി അച്ചാർ
Mail This Article
ഔഷധ പ്രാധാന്യമുള്ള വെളുത്തുള്ളി നിത്യ ജീവിതത്തിലെ ആഹാരത്തിൽ പല തരത്തിൽ കഴിക്കാറുണ്ട്. ഉദരരോഗങ്ങൾ, ശ്വാസതടസ്സം,ആസ്മ എന്നിവയക്ക് ഇതു മികച്ച ഔഷധമായി കരുതിവരുന്നു. രുചികരമായ വെളുത്തുള്ളി അച്ചാർ എങ്ങനെ തയാറാക്കാമെന്നു നോക്കിയാലോ?
ചേരുവകൾ
1. ചെറിയ ഇനം വെളുത്തുള്ളിയല്ലി –250 ഗ്രാം
2. പഴുത്തു ചുവന്നതും പച്ചനിറമുള്ളതുമായ പച്ചമുളകു ഞെടുപ്പോടു കൂടി അറ്റം പിളർന്നത് – 8 എണ്ണം
3. നല്ലെണ്ണ – 2 ഡിസേർട്ട് സ്പൂണ്‍
കടുക് – ½ ടീ സ്പൂണ്‍
ഉലുവ – 1/8 ടീ സ്പൂണ്‍
4. ഇഞ്ചി നീളത്തിൽ അരിഞ്ഞത് – ½ ഡിസേർട്ട് സ്പൂണ്‍
5. വെള്ളം – ½ കപ്പ്
വിന്നാഗിരി – 2 ഡിസേർട്ട് സ്പൂൺ
ചെറുനാരങ്ങാ നീര് – 2 ഡിസേർട്ട് സ്പൂൺ
പഞ്ചസാര – 1 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
അപ്പച്ചെമ്പിൽ വെള്ളം വെട്ടിത്തിളയ്ക്കുമ്പോൾ മൂടി തുറന്നു കിഴുത്തയുള്ള തട്ടിൽ വെളുത്തുള്ളി നിരത്തുക. അതിന്റെ ഒരു വശത്തു പച്ചമുളക് വയ്ക്കുക. പച്ചമുളകിന് ഒരാവി തട്ടിയാൽ ഉടൻ മാറ്റണം. അല്ലെങ്കിൽ മുളകിന്റെ നിറം പോകും. പിന്നീടു വെളുത്തുള്ളി അല്ലി വേവിക്കണം. അതു വെന്തു പൊടിഞ്ഞു പോകരുത്. വേവിച്ച വെളുത്തുള്ളിയല്ലി ഒരു പാത്രത്തിൽ കുടഞ്ഞിട്ടു നിരത്തിയതിനുശേഷം വെള്ളം മുഴുവനും ഒപ്പിക്കളയണം.
ചൂടായ എണ്ണയിൽ കടുകും ഉലുവയും ഇട്ടു പൊട്ടുമ്പോൾ ഇഞ്ചി ഇട്ടു വഴറ്റുക. അവസാനം പച്ചമുളകും നിറം പോകാതെ ഒന്നു വഴന്നാലുടൻ അര കപ്പ് വെള്ളം, 2 ഡിസേർട്ട് സ്പൂൺ വിന്നാഗിരി, 2 ഡിസേർട്ട് സ്പൂൺ ചെറുനാരങ്ങാ നീര്, ഒരു ടീസ്പൂൺ പഞ്ചസാരും പാകത്തിന് ഉപ്പും ചേർക്കുക. ചേരുവ വെട്ടിത്തിളയ്ക്കുമ്പോൾ വെളുത്തുള്ളിയും ചേർത്ത് ഉടൻ തന്നെ വാങ്ങിവയ്ക്കണം. ശരിക്കു തണുത്താലുടൻ തന്നെ വായു കടക്കാത്ത കുപ്പിയില്‍ ഇട്ടു വയ്ക്കുക. ഒരു ദിവസം വച്ചിരുന്ന ശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.