ADVERTISEMENT

ചൂടു സമോസ....പോക്കുവെയിൽ തഴുകുന്ന വൈകുന്നേരങ്ങളിൽ ചായയ്‌ക്കൊപ്പം നമ്മുടെ പ്രിയ പലഹാരം. ഏറുപടക്കത്തിന്റെ രൂപവും മസാലദോശയുടെ കാന്തിയുമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന സമോസ എന്നും നമുക്ക് പ്രിയപ്പെട്ടതാണ്. പക്ഷേ, ഒരു ചോദ്യം ; സമോസയ്‌ക്ക് മലയാളം അറിയാമോ ?

ഭക്ഷണപ്രിയരുടെ പ്രണയത്രികോണം എന്നാണു സമോസയെ ഒരു വിദ്വാൻ വിശേഷിപ്പിച്ചത്. സമോസ നമ്മുടെ നാട്ടിലെത്തിയിട്ട് അധികകാലമായിട്ടില്ലെന്നു പഴയ തലമുറ സാക്ഷ്യപ്പെടുത്തുന്നു. ഇന്ന് ഏതു പെട്ടിക്കടയിലും കിട്ടുമെങ്കിലും ഉത്തരേന്ത്യൻ ഭക്ഷണമായാണു മലയാളികൾ സമോസയെക്കണ്ടിരുന്നത്.

സത്യത്തിൽ സമോസയുടെ ജൻമനാടെവിടെയാണ്? പേർഷ്യൻ വാക്കായ സാൻബോസാഗിൽനിന്നാണു സമോസയ്‌ക്കു പേരു ലഭിച്ചതെന്ന് അഭിപ്രായമുണ്ട്. അറബ് രാജ്യങ്ങളിൽ സാൻബുസാഗ്, അഫ്‌ഗാനിലെ സംബൂസ, പോർചുഗലിൽ ചംബൂക എന്നിങ്ങനെയാണു സമോസയ്‌ക്കു പേര്. അതുകൊണ്ട് സമോസയുടെ ജൻമനാട് മധ്യപൂർവേഷ്യൻ രാജ്യങ്ങളിലാണെന്നു ചരിത്രകാരൻമാർ പറയുന്നു. എന്നാൽ ഇറാനിലാണു സമോസ ജനിച്ചതെന്ന വാദവും ശക്‌തമാണ്. അറേബ്യൻ നാടുകളിൽനിന്നെത്തിയ കച്ചവടക്കാരാണ് അഫ്‌ഗാനിസ്‌ഥാനിലും ഇന്ത്യയിലുമൊക്കെ സമൂസയെത്തിച്ചതെന്നു വിശ്വസിക്കപ്പെടുന്നു.

പത്താം നൂറ്റാണ്ടിലെ പ്രശസ്‌ത ഇറാനിയൻ ചിന്തകനായ അബുൽഫസൽ ബെയ്‌ഹാഖിയാണു തന്റെ താരിഖ്-ഇ-ബെയ്‌ഹാഖി എന്ന പുസ്‌തകത്തിൽ സമോസയെക്കുറിച്ച് ആദ്യം വിവരിക്കുന്നത്. ഡൽഹി സുൽത്താൻമാരുടെ ആസ്‌ഥാന കവിയായിരുന്ന അമീർ ഖുസ്രു 1300നോടടുപ്പിച്ച് എഴുതിയ ചില രേഖകളിൽ കൊട്ടാരത്തിലെ രാജകുമാരൻമാരുടെ ഇഷ്‌ട ഭക്ഷണമായിരുന്ന സമോസ എന്ന് എഴുതിച്ചേർത്തിരിക്കുന്നു. അതായത്, പത്താം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിലാണു സമൂസ/സമോസ ഇന്ത്യയിലെത്തിയത്. 14-ാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയ ഇബ്‌നു ബതൂത തുഗ്ലക്കിന്റെ കൊട്ടാരത്തിലെ സദ്യയിൽ സമോസ വിളമ്പിയതായി വിവരിക്കുന്നു. 16-ാം നൂറ്റാണ്ടിലെഴുതിയ ഐൻ ഇ അക്‌ബാരിയിലും സമോസയെക്കുറിച്ചു പരാമർശമുണ്ട്.

സമോസയുടെ ചരിത്രമവിടെ നിൽക്കട്ടെ. ബഹിരാകാശയാത്ര നടത്തിയ ആദ്യ ഏഷ്യൻ ഭക്ഷണമാണു സമോസയെന്നു നാസ പറയുന്നു. ബഹിരാകാശ പേടകത്തിൽ കഴിയവേ ഇന്ത്യൻ വംശജ സുനിത വില്യംസിന് സമൂസയും കടുക് ഇലയും പനീറും ചേർത്തുവച്ച കറിയുമായിരുന്നു ഭക്ഷണം.

രുചികരമായൊരു ചിക്കൻ സമോസ എങ്ങനെ തയാറാക്കാമെന്ന് നോക്കാം

കവറിങ്ങിന്

  • മൈദ- ഒരു കപ്പ്
  • എണ്ണ- രണ്ടു സ്‌പൂൺ
  • എള്ള്- രണ്ടു നുള്ള്
  • ഉപ്പ്- പാകത്തിന്

ഫില്ലിങ്ങിന്

  • എല്ലില്ലാത്ത ചെറിയ ചിക്കൻ കഷണങ്ങൾ- 10
  • ഉരുളക്കിഴങ്ങ് തൊലിയോടെ പുഴുങ്ങിയത്- രണ്ട്
  • മുളകുപൊടി- ഒരു ടീസ്‌പൂൺ
  • നാരങ്ങാ നീര്- ഒരു ടീസ്‌പൂൺ
  • ഇഞ്ചി അരച്ചത്- ഒരു ടീസ്‌പൂൺ
  • വെളുത്തുള്ളി അരച്ചത്- 5 അല്ലി
  • സവാള കൊത്തിയരിഞ്ഞത്- രണ്ട്
  • മല്ലിയില- അര കപ്പ്
  • കറിവേപ്പില- രണ്ടു തണ്ട്
  • ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം

.ചിക്കൻ മുളകുപൊടി, ഉപ്പ്, നാരങ്ങാനീര്, ഇഞ്ചി, വെളുത്തുള്ളി ഇവ പുരട്ടി അരമണിക്കൂർ വയ്‌ക്കുക. അൽപം വെള്ളമൊഴിച്ച് ചിക്കൻ കഷണങ്ങൾ ചെറു തീയിൽ നന്നായി വേവിച്ചു വറ്റിച്ചെടുക്കുക. തണുത്തു കഴിയുമ്പോൾ ഇതു മിക്‌സിയിൽ അടിച്ചെടുക്കുക.

.ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് സവാള വഴറ്റുക. ഇതിൽ ചിക്കൻ കൂട്ടും ഉരുളക്കിഴങ്ങ് പൊടിച്ചതും മല്ലിയിലയും കറിവേപ്പിലയും വഴറ്റി വാങ്ങുക. ഫില്ലിങ് റെഡിയായി.

.കവറിങ്ങിനുള്ള മൈദ എണ്ണയും ഉപ്പും എള്ളുമിട്ട് പൂരി പരുവത്തിൽ കുഴച്ച് ചെറിയ ഉരുളകളാക്കുക. ഇതു ചപ്പാത്തി പലകയിൽ പരത്തി രണ്ടായി മുറിക്കുക. ഒരു പാതിയെടുത്ത് കോൺ ആകൃതിയിൽ മടക്കി ഫില്ലിങ് നിറച്ച് ഒട്ടിക്കുക.

.ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് തിളയ്‌ക്കുമ്പോൾ ഓരോന്നായി വറുത്തു കോരുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com