വറുത്തരച്ച മത്തിക്കറി കഴിച്ചിട്ടുണ്ടോ?
Mail This Article
തേങ്ങവറുത്തരച്ച് മത്തിക്കറി കഴിച്ചിട്ടുണ്ടോ ? ചിക്കൻ മാത്രമല്ല നമ്മുടെ സ്വന്തം മത്തിയും വറുത്തരച്ച് വയ്ക്കാം. ഈ കറി കഴിച്ചാൽ ‘എന്നും ഒരേ കറിയാണോ’ എന്ന് ഭർത്താവും മക്കളും ഇനി ചോദിക്കില്ല.
ചേരുവകൾ
മത്തി – അര കിലോ
മുരിങ്ങയ്ക്ക – ഒന്ന്
മഞ്ഞൾപൊടി – അര ടീസ്പൂൺ
പച്ചമുളക് – രണ്ടെണ്ണം പിളർന്നത്
പുളി – ഒരു ചെറു ഉരുള
ചുരണ്ടിയ തേങ്ങ – രണ്ടര കപ്പ്
ഉണക്കമുളക് – നാലെണ്ണം
ഉള്ളി – അഞ്ച് എണ്ണം
കറിവേപ്പില – രണ്ടു തണ്ട്
മല്ലി – ഒരു ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
ഉലുവ – കാൽ ടീസ്പൂൺ
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
വെളിച്ചെണ്ണ ഒരു ചീനച്ചട്ടിയിൽ ഒഴിച്ചു ചൂടാക്കുക. അതിൽ തേങ്ങ, ഉലുവ, ഉണക്കമുളക്, ഒരു തണ്ട് കറിവേപ്പില, മല്ലി, ഉള്ളി അരിഞ്ഞത് എന്നിവയിട്ട് വറുത്ത്, ബ്രൗൺനിറമാക്കി കോരുക. ആറിയതിനുശേഷം കുരുനീക്കിയ പുളിയും ചേർത്തു മിക്സിയിൽ നന്നായി അരച്ചു വയ്ക്കുക. മീൻ കഴുകി വൃത്തിയാക്കി (മുഴുവനായോ) രണ്ടായി മുറിക്കുക. ഇത് ഒരു ചട്ടിയിലാക്കി പിളർന്ന പച്ചമുളകും മുരിങ്ങയ്ക്കാ അരിഞ്ഞതും മഞ്ഞളും ഉപ്പും ചേർത്ത് പാകത്തിനു വെള്ളം ഒഴിച്ച് അടച്ചു വേവിക്കുക. ഇനി അരപ്പു ചേർത്ത് അൽപനേരം കൂടി അടുപ്പത്തുവച്ച ശേഷം വാങ്ങുക. ഒരു തണ്ട് കറിവേപ്പില ഇതിൽ ഇട്ട് അൽപനേരം അടച്ചു വയ്ക്കുക.