അവ്ൻ ഇല്ലെങ്കിലെന്താ ഇഡ്ഡലിപാത്രമില്ലേ, നമുക്കും ഉണ്ടാക്കാം ചോക്ലേറ്റ് കേക്ക്
Mail This Article
പണ്ടൊരു ക്രിസ്‌മസ് നാളിലാണു രാജ്യത്തെ ആദ്യത്തെ കേക്ക് ഉണ്ടാക്കിയത്. ബ്രിട്ടനിലെ വിക്‌ടോറിയ രാജ്‌ഞിയുടെ കൊട്ടാരത്തിൽനിന്നു രുചിയുടെ ലോകത്തേക്കിറങ്ങിയ കേക്കിനെ മലയാളികൾ അറിഞ്ഞതു തലശ്ശേരിയിലെ മമ്പള്ളീസ് റോയൽ ബിസ്‌ക്കറ്റ് ഫാക്‌ടറിയിലൂടെയായിരുന്നു. അവ്ൻ ഇല്ലാതെ വീട്ടിൽ തയാറാക്കാവുന്നൊരു ചോക്ലേറ്റ് കേക്ക് രുചി പരിചയപ്പെടാം.
ഒരു ചോക്ലേറ്റ് കേക്ക് ഇഡ്ഡലിപാത്രത്തിൽ ഉണ്ടാക്കിയാലോ? ഇഡ്ഡലിപാത്രത്തിൽ (അപ്പച്ചെമ്പ് ) കേക്കൊ? എന്നു അമ്പരക്കാൻ വരട്ടെ, അവ്നിൽ വച്ചുണ്ടാക്കുന്നുതുപോലെയോ അതിനേക്കാള്‍ സോഫ്റ്റായതോ ആയ നല്ല സൂപ്പർ കേക്ക് അപ്പച്ചെമ്പ് ഉപയോഗിച്ച് ഉണ്ടാക്കാം. മറ്റൊരു പ്രത്യേകത കൂടെയുണ്ട് ഈ കേക്കിന്, ഇതിനുള്ള ബാറ്റർ ഉണ്ടാക്കുന്നത് ബീറ്റർ ഉപയോഗിച്ചല്ല മറിച്ച് മിക്സിയിൽ അടിച്ചാണ്. ചിത്രത്തിലുള്ളത് സാധാരണ ചോക്ലേറ്റ് കേക്കാണ്. വേണമെങ്കിൽ ഇതിനെ നമുക്ക് നല്ല സൂപ്പർ ബ്ലാക്ക് ഫോറസ്റ്റ് കേക്കാക്കി മാറ്റുകയും ചെയ്യാം.
ചേരുവകൾ
- മൈദ – 1 കപ്പ്
- മുട്ട – 3 എണ്ണം
- ചോക്ലേറ്റ് പൗഡർ– കാൽക്കപ്പ്
- പഞ്ചസാര– മുക്കാൽ കപ്പ്
- ബേക്കിങ് പൗഡർ– മുക്കാൽ ടേബിൾ സ്പൂൺ
- ബേക്കിങ് സോഡ – അര ടേബിൾ സ്പൂൺ
- സൺഫ്ലവർ ഓയിൽ– അരക്കപ്പ്
- അധികം പുളിയില്ലാത്ത തൈര്– രണ്ട് ടീ സ്പൂൺ
തയാറാക്കുന്ന വിധം
വെള്ളമയമില്ലാത്ത അപ്പച്ചെമ്പിൽ അരക്കപ്പ് പൊടിയുപ്പ് വിതറി അതിന്റെ മുകളിൽ ഒരു തട്ട് (തിരിക) വയ്ക്കുക. ഈ അപ്പച്ചെമ്പ് ഗ്യാസിൽ മീഡിയം ഫ്ലെയ്മിൽ 10 മിനിറ്റ് ചൂടാക്കാൻ വയ്ക്കാം. അപ്പച്ചെമ്പ് പ്രീ ഹീറ്റ് ആകുന്ന നേരം കൊണ്ട് നമുക്ക് കേക്കിനുള്ള ബാറ്റർ തയാറാക്കാം.
മൈദ, ചോക്ലേറ്റ് പൗഡർ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ എന്നിവ ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം. (ഒന്നിലധികം തവണ അരിക്കുന്നത് നല്ലതാണ്). പഞ്ചസാര മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. മുട്ട മിക്സിയുടെ ജാറിൽ പൊട്ടിച്ചൊഴിച്ച് നന്നായി അടിച്ചെടുക്കുക അതിലേയ്ക്ക് പൊടിച്ചുവച്ച പഞ്ചസാര ചേർത്ത് അടിക്കുക. അതിലേയ്ക്ക് സൺഫ്ലവർ ഓയിലും തൈരും ചേർത്ത് വീണ്ടും ഒരു ഒന്നര മിനിറ്റ് നേരം അടിക്കുക. ഈ കൂട്ട് ഒരു പാത്രത്തിലേയ്ക്ക് മാറ്റാം. ഇതിലേയ്ക്ക് നമ്മൾ നേരത്തേ പൊടിച്ചുവച്ചിരിക്കുന്ന ഡ്രൈ കൂട്ട് അല്പാൽപ്പമായി ചേർത്ത് ഒരു സ്പാറ്റുല ഉപയോഗിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക (ഹാൻഡ് മിക്സർ ഉപയോഗിച്ചും ഇത് മിക്സ് ചെയ്യാം).
ഒരു കേക്ക് ട്രേയിൽ അല്പം എണ്ണയോ ബട്ടറോ തടവി ഒരു ബട്ടർ പേപ്പറോ അലുമിനിയം ഫോയിൽ പേപ്പറോ നിരത്തുക. അതിനു മുകളിലും അല്പം എണ്ണ പുരട്ടാം. അതിനുശേഷം കേക്കിന്റെ മിശ്രിതം അതിലേയ്ക്ക് ഒഴിക്കുക. കേക്ക് ട്രേ പതിയെ തട്ടി അതിലെ വായു കുമിളകൾ കളയുക. പ്രീഹീറ്റായ അപ്പച്ചെമ്പിലേയ്ക്ക് പതിയെ ഈ ട്രേ ഇറക്കിവയ്ക്കാം. അപ്പച്ചെമ്പ് അടച്ചുവച്ച് അതിന് മുകളില്‍ ഭാരമുള്ള എന്തെങ്കിലും വയ്ക്കുക. മീഡിയം ഫ്ലെയ്മിൽ 30 മുതൽ 40 വരെ മിനിറ്റ് വരെ കേക്ക് ബേക്ക് ചെയ്തെടുക്കാം. കേക്ക് അപ്പച്ചെമ്പിൽ നിന്നും പുറത്തെടുത്തുവയ്ക്കുക. നന്നായി തണുത്തതിന് ശേഷം മാത്രം മുറിച്ചെടുക്കുക.
കേക്ക് തയാറായതിന് ശേഷം വേണമെങ്കിൽ അത് രണ്ടോ മൂന്നോ ലെയറുകളാക്കി മുറിച്ച് പഞ്ചസാര പാനി തൂവാം അപ്പോൾ കേക്ക് കൂടുതൽ സോഫ്റ്റും മധുരമുള്ളതുമാകും. വിപ്പിങ് ക്രീമും ഗ്രേറ്റ് ചെയ്ത ചോക്ലേറ്റും ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്താൽ നല്ല തകർപ്പൻ ബ്ലാക്ക്ഫോറസ്റ്റ് കേക്ക് റെഡി.
English Summary: Chocolate Cake in Idli Steamer