ADVERTISEMENT

‘എന്റെയൊക്കെ കുട്ടികാലത്ത് ഞങ്ങൾ കൊതിയോടെ കാത്തിരുന്നിട്ടുള്ളതു കൊട്ടയിൽ വെള്ളയപ്പവുമായി വരുന്ന അപ്പക്കാരനെയാണ്. രാവിലെതന്നെ ചൂരൽ കുട്ടയിൽ അപ്പവുമായെത്തും.ഒരുകൂട് വെള്ളയപ്പം എന്നാണ് കണക്ക്. മലർത്തിയും കമിഴ്ത്തിയും വയ്ക്കുന്ന രണ്ടു വെള്ളയപ്പത്തിനാണ് ഒരു കൂട് എന്നു പറയുന്നത്. പഞ്ചസാര ചേർത്ത തേങ്ങാപാലിൽ മുക്കിയാണു കഴിക്കുന്നത്. ബാല്യത്തിൽ ഏറെ കൊതിപ്പിച്ച ഭക്ഷണമാണിത്. ഇലയിലാണ് വെള്ളയപ്പം തേങ്ങാപാലൊഴിച്ചു തരിക. നേർത്ത അരികുകൾ കുതിർന്നു കഴിയുമ്പോൾ നല്ല രുചിയാണ്, നല്ല മണവും. ’മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരി സാറാ ജോസഫ് ഓർമകളെ പിന്നോട്ടു നയിച്ചു.

appam-angadi
പുത്തൻ പള്ളിയോടു ചേർന്നുള്ള വെള്ളയപ്പത്തെരുവ്. ചിത്രം : ഫഹദ് മുനിർ

‘തൃശൂർകാർക്കെല്ലാം വെള്ളയപ്പം വലിയ ഇഷ്ടമാണ്. അതിനൊരു കാരണമുണ്ട്, കൊതിപ്പിക്കുന്ന രുചിയോടെ വെള്ളയപ്പം ചുട്ടുതരാൻ ഞങ്ങൾക്കൊരു വെള്ളയപ്പത്തെരുവു തന്നെയുണ്ട്. പുത്തൻ പള്ളിയോടു ചേർന്നാണ് വെള്ളയപ്പത്തെരുവുള്ളത്. ആ തെരുവിൽ രാവിലെ അഞ്ചര മുതൽ വെള്ളയപ്പം ഉണ്ടാക്കി തുടങ്ങും.രാത്രി വരെയും അതു തുടരും. വീടുകളിലേക്കും ഹോട്ടലുകളിലേക്കുമെല്ലാം ഒരുപാട് ആളുകൾ ഇപ്പോഴും അപ്പം വാങ്ങിക്കൊണ്ടുപോകും. ഒരുപാട് കാലത്തെ പഴക്കമുള്ള തെരുവാണിത്. തെരുവിലൂടെ നടന്നാൽ അപ്പം ചുട്ടെടുക്കുന്നത് കാണാം. അതു ചുടുന്നതു തന്നെ ഒരു കലയാണ്. അതു കാണുമ്പോൾ തന്നെ നമുക്ക് പാതി വയർ നിറയും.

മറ്റൊരിടത്തും അനുഭവിക്കാനാകാത്ത രുചിയാണ് ഈ തെരുവിലെ അപ്പത്തിന്. ഒത്തിരി വർഷം മുൻപാണ് ഈ തെരുവിലുള്ളവർ വെള്ളയപ്പം ചൂരൽ കുട്ടകളിലാക്കി തലച്ചുമടായി വീടുകളിൽ കൊണ്ടു വന്നു വിറ്റിരുന്നത്. പഞ്ചസാര ചേർത്ത തേങ്ങാപ്പാലിൽ മുക്കി വെള്ളയപ്പം കഴിക്കുന്നത് കുട്ടികൾക്കൊക്കെ വലിയ ഇഷ്ടമാണ്. വലിയവർക്ക് അതത്ര താൽപര്യമുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. മറ്റുകറികളോടൊപ്പം വെള്ളയപ്പം കഴിക്കാനാണു അവർക്കു താൽപര്യം. ഏതു കറിയും വെള്ളയപ്പത്തോടു ചേർക്കാമെങ്കിലും വിവിധതരം സ്റ്റൂകളാണു പ്രധാന കോമ്പിനേഷൻ.

തെരുവിൽ വെള്ളയപ്പം ഉണ്ടാക്കുന്ന ഒരുപാട് വീട്ടുകാരുണ്ട്. അതാണവരുടെ ജീവിത മാർഗം. വീടുകളുടെ ഉമ്മറത്തിരുന്നു സ്ത്രീകളാണ് ഉണ്ടാക്കുന്നത്. മണ്ണൊക്കെ പൊതിഞ്ഞ പ്രത്യേക അടുപ്പാണതിന്. അപ്പം ഉണ്ടാക്കുന്നതിന് ഈ തെരുവിലുള്ളവർക്കു മാത്രം അറിയാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. അരിപ്പൊടി വറുക്കുന്നതിന്റെ പാകമൊക്കെ ഇതിന്റെ രുചിയെ സ്വാധീനിക്കുന്നുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവരുടെ വെള്ളയപ്പം കഴിച്ചു നോക്കേണ്ടതാണ്.എന്റെ ആലാഹയുടെ പെൺമക്കൾ എന്ന നോവലിലെ ഒരു കഥാപാത്രം ഇത്തരത്തിൽ വെള്ളയപ്പം ഉണ്ടാക്കുന്ന സ്ത്രീയാണ്. രുചിക്കൂട്ടിലെ അത്ഭുത പൊടിക്കൈ അവർ രഹസ്യമാക്കി വച്ചിരിക്കയാകാം, ഇതിന്റെ ഒരു പ്രത്യേകത, എത്രകഴിച്ചാലും മടുക്കില്ല എന്നതാണ്.

ജാതി, വർഗ, സമ്പത്തിക വ്യത്യാസങ്ങളൊന്നുമില്ലാതെ പലരും ഈ തെരുവിൽ എത്തി വെള്ളയപ്പം മേടിക്കാറുണ്ട്. വലിയ ഹോട്ടലുകാർ, ചെറിയ തട്ടുകടക്കാർ, ചായക്കടക്കാർ മുതൽ കല്യാണ ആഘോഷങ്ങൾക്കുവരെ ഇവിടെ നിന്ന‌ു വെള്ളയപ്പം മേടിക്കുന്നവരുണ്ട്.

പാചകത്തിന് ആവശ്യമായവ

  • അരിപ്പൊടി - മൂന്ന് കപ്പ്
  • റവ - മൂന്ന് സ്പൂൺ
  • തേങ്ങ - ഒന്ന്
  • മുട്ട - ഒന്ന്
  • യീസ്റ്റ് - രണ്ട് സ്പൂൺ
  • പഞ്ചസാര - നാല് സ്പൂൺ
  • ഉപ്പ് - പാകത്തിന്

ഉണ്ടാക്കേണ്ട വിധം:

തേങ്ങ ചിരകി അരച്ച് വയ്ക്കുക. തേങ്ങാവെള്ളം കളയരുത്. റവ ഒരുകപ്പ് വെള്ളത്തിൽ കുറുക്കിയ ശേഷം യീസ്റ്റ് ചേർക്കണം. അരിപ്പൊടിയും തേങ്ങാവെള്ളവും പഞ്ചസാരയും ചേർത്ത് കുഴച്ചെടുത്ത് റവ കുറുക്കിയതുമായി യോജിപ്പിക്കുക. ആറുമണിക്കൂർ നേരം ഈ മാവ് വയ്ക്കണം. അതിനുശേഷം ഇത‌ിൽ തേങ്ങ അരച്ചതും മുട്ടയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കണം. വീണ്ടും അരമണിക്കൂർ കഴിഞ്ഞാൽ വെള്ളയപ്പം ചുട്ടെടുക്കാം.

English Summary: Vellayappam Velleppanghadi, Thrissur 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com