ആരെയും കൊതിപ്പിക്കുന്ന ബ്ലാക്ക് ഫോറസ്റ്റ് കേക്ക് നിസ്സാരമായി വീട്ടിൽ തയാറാക്കാം
Mail This Article
ക്രിസ്മസിന് ദിവസങ്ങൾ മാത്രം, ആരെയും കൊതിപ്പക്കുന്ന രുചികരമായ കേക്കുകൾ വീട്ടിൽ തയാറാക്കിയാലോ? ഒവൻ ഇല്ലെങ്കിൽ കുക്കറിലും ഈ കേക്ക് തയാറാക്കാം. ശ്രദ്ധിക്കേണ്ട കാര്യം, കുക്കറിൽ ഒന്നര ഇഞ്ച് കനത്തിൽ ഉപ്പു പൊടി നിരത്തി മുകളിൽ വളയമോ വക്കുള്ള പാത്രമോ കമഴ്ത്തി വയ്ക്കുക. കുക്കറിലെ വാഷറും വെയ്റ്റും മാറ്റി കുക്കർ അടച്ച് 10 മിനിറ്റ് നന്നായി ചൂടാക്കണം. ശേഷം കേക്ക് മിശ്രിതം നിറച്ച പാത്രം വച്ചു കുക്കർ അടച്ച് ചെറിയ തീയിൽ 40–45 മിനിറ്റ് കൊണ്ടു ബേക്ക് ചെയ്തെടുക്കാം.
ബ്ലാക് ഫോറസ്റ്റ് (പാചകക്കുറിപ്പ് തയാറാക്കിയത്: ശാന്ത അരവിന്ദ്
ചേരുവകൾ
- മൈദ – ¾ കപ്പ്
- കൊക്കോ പൗഡർ – ¼ കപ്പ്
- ബേക്കിങ് പൗഡർ – ¾ ടീസ്പൂൺ
- ബേക്കിങ് സോഡ – ¼ ടീസ്പൂൺ
- മുട്ട – 4 എണ്ണം
- പൊടിച്ച പഞ്ചസാര – 1 കപ്പ്
- വാനില എസന്‍സ് – 1 ½ ടീസ്പൂൺ
- ഉപ്പ് – 1 നുള്ള്
- സസ്യ എണ്ണ – ¼ കപ്പ്
- (എല്ലാം പുതിയതും റൂം െടംപറേച്ചറില്‍ ഉള്ളതും വേണം)
പാകം ചെയ്യുന്ന വിധം
മൈദ, കൊക്കോപൗഡർ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ് എന്നിവ യോജിപ്പിച്ച് 3–4 തവണ അരിച്ചെടു ക്കുക. മുട്ടയുടെ വെള്ളയും മഞ്ഞയും വെവ്വേറെ ആക്കി തുടച്ചു വൃത്തിയാക്കിയ വലിയ ബൗളുകളിൽ എടുക്കുക. മുട്ടയുടെ വെള്ള ബീറ്റർ കൊണ്ടു നന്നായി അടിച്ചെടുക്കണം. മഞ്ഞ അടിച്ചെടുത്ത് പൊടിച്ച പഞ്ചസാര കുറേശ്ശെ ചേർത്ത് വീണ്ടും നന്നായി അടിച്ചെടുത്ത്, വനില എസൻസ് ചേർത്ത് വീണ്ടും അടിച്ച് അതിൽ മുട്ട വെള്ളയും മൈദ കൂട്ടും കുറേശ്ശെ ചേർത്തു കൊണ്ട് ഒരേ വശത്തേക്കു മെല്ലെ ഇളക്കി കൂട്ട് തയാറാക്കാം. ഏഴോ എട്ടോ ഇഞ്ച് വ്യാസമുള്ള കേക്ക് ടിന്നിൽ എണ്ണയോ ബട്ടറോ പുരട്ടി കൊക്കോ പൗഡർ തൂകി പാത്രം ചുഴറ്റി പൊടി തട്ടിക്കളയണം. അതിനുശേഷം പാത്രത്തിൽ കേക്ക് കൂട്ട് ഒഴിച്ച് ഒന്നു രണ്ടു തവണ പാത്രം തട്ടിക്കൊടുത്ത് വായു കുമിളകൾ കളയണം. ഓവൻ 180 ഡിഗ്രി ചൂടിൽ പത്തു മിനിറ്റ് ചൂടാക്കിയശേഷം കേക്ക് പാത്രം വച്ച് 30 മിനിറ്റ് കൊണ്ടു ബേക്ക് ചെയ്യാം. തണുത്തു കഴിഞ്ഞാൽ വിലങ്ങനെ മൂന്ന് തുല്യഭാഗങ്ങളായി മുറിച്ചു വയ്ക്കണം. പഞ്ചസാര ലായനി തയാറാക്കാൻ ഒരു കപ്പ് വെള്ളത്തിൽ കാൽ ഗ്ലാസ് പഞ്ചസാരയിട്ട് തിളപ്പിക്കുക. വറ്റിത്തുടങ്ങുമ്പോൾ മറ്റൊരു ബൗളിലേക്കു പകർത്തി മാറ്റിവയ്ക്കണം.
കേക്ക് ഡെക്കറേറ്റ് ചെയ്യാൻ
- ഡാർക്ക് ചോക്ലേറ്റ് – 100 ഗ്രാം
- ചെറി – 15–20 എണ്ണം
- പഞ്ചസാര ലായനി – 1 കപ്പ്
- വിപ്പിങ് ക്രീം – 1 ¼ കപ്പ്
(മാർക്കറ്റിൽ ലഭിക്കുന്ന ഏതെങ്കിലും വിപ്പിങ് ക്രീം നേരത്തെ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കണം) കേക്ക് ഉണ്ടാക്കുന്നതിന്റെ തലേദിവസം ഫ്രീസറിൽ നിന്നു ഫ്രിഡ്ജിൽ താഴേക്കു വയ്ക്ക ണം. ബൗളും ബീറ്ററും തുടച്ചു ഫ്രീസറിൽ വച്ചിരിക്കണം. നന്നായി തുടച്ചെടുത്തു വേണം ബീറ്റ് ചെയ്യാൻ പാത്രത്തിൽ ഒന്നേകാൽ കപ്പ് വിപ്പിങ് ക്രീം എടുത്ത് സാവധാനം അടിച്ചെ ടുക്കുക. ക്രമേണ സ്പീഡ് കൂട്ടി അടിക്കുക. 6–7 മിനിറ്റ് അങ്ങനെ അടിക്കുന്നതു നല്ലതാണ്. ചെറി മുക്കാൽ പങ്ക് ചെറി കഷണങ്ങളാക്കി വയ്ക്കണം. അടിയിൽ മധ്യത്തിലായി അൽപം ക്രീം വച്ച് അതിനു മുകളിലായി ഒരു അടുക്ക് കേക്ക് വച്ച് ഷുഗർ സിറപ്പ് കുറേശ്ശെ മുകളിൽ ഒരേ പോലെ തേച്ച് ചെറിയും വിതറുക. ശേഷം രണ്ടും അടുക്കും അങ്ങനെ തന്നെ ചെയ്യുക. മൂന്നാം അടുക്കിൽ ഷുഗർ സിറപ്പ് ഒഴിച്ച് ക്രീം നിരത്തിയതിനു ശേഷം കേക്കിനു ചുറ്റും ചോക്ലേറ്റ് ചിരകി ഇടുക. മുകളിൽ നോസിൽ ഉപയോഗിച്ച് ഡിസൈൻ ചെയ്ത് ബാക്കി ചെറികൊണ്ട് അലങ്കരിക്കുക. മൂന്നു മണിക്കൂർ ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചെടുത്താൽ ബ്ലാക് ഫോറസ്റ്റ് കേക്ക് തയാറായി.
English Summary: Black Forest Cake Homemade