ഷക്‌ഷുക്ക, അറേബ്യൻ നാട്ടിലെ ഈ പ്രാതലിന് ആരാധകരേറെയാണ്
Mail This Article
ഷക്‌ഷുക്ക. പേര് കേൾക്കുമ്പോൾ ഒരൽപം കൗതുകം തോന്നുമെങ്കിലും അറേബ്യൻ നാടുകളിൽ ഈ പേരും വിഭവവും അറിയാത്തവർ ചുരുക്കം. അറേബ്യൻ നാടുകളിൽ പ്രാതലിന് പതിവായി ഒരുക്കുന്ന വിഭവങ്ങളിൽ ഒന്നാണ് ഷക്‌ഷുക്ക. ടൂണീഷ്യൻ ക്യൂസീനായിട്ടാണ് ഷക്‌ഷുക്ക അറിയപ്പെടുന്നതെങ്കിലും മൊറോക്കോ, ലിബിയ, ഇസ്രയേൽ അടക്കമുള്ള രാജ്യങ്ങളിലും ഷക്‌ഷുക്ക പ്രശസ്തമാണ്. തക്കാളി, ബെൽ പെപ്പർ, മുട്ട എന്നിവയാണ് ഷക്‌ഷുക്കയിലെ പ്രധാന ചേരുവകൾ. ആദ്യം മിൻസ്ഡ് മീറ്റാണ് ഉപയോഗിച്ചിരുന്നതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും മുട്ട ഉപയോഗിച്ചുള്ള ഷക്‌ഷുകയ്ക്കാണ് ആരാധകരേറെ.
ചേരുവകൾ
∙ മുട്ട– 4 എണ്ണം
∙ തക്കാളി– 5 എണ്ണം(ഇടത്തരം വലുപ്പമുള്ളത്)
∙ സവാള– ഒരെണ്ണം ചെറുത് അരിഞ്ഞത്
∙ ചുവന്ന ബെൽ പെപ്പർ– ഒരെണ്ണം ചെറുതായിട്ടരിഞ്ഞത്
∙ വെളുത്തുള്ളി– 7 അല്ലി ചെറുതായിട്ടരിഞ്ഞത്
∙ റിഫൈൻഡ് ഓയിൽ– 2 വലിയ സ്പൂൺ
∙ മുളക്പൊടി– ഒരു ടേബിൾ സ്പൂൺ
∙ മിക്സ് ഹെർബ്സ്(ഒറിഗാനോ, തൈം, റോസ്മേരി)– ഒരു ടേബിൾ സ്പൂൺ
∙ ഉപ്പ്– ആവശ്യത്തിന്
∙ ജീരകം പൊടിച്ചത്– ഒരു ടീ സ്പൂൺ
∙ പഞ്ചസാര– ഒരു നുള്ള്
തയാറാക്കുന്ന വിധം
∙ മിക്സിയിൽ തക്കാളി വെള്ളം ചേർക്കാതെ അടിച്ചെടുക്കുക. അടിച്ചെടുത്ത മിശ്രിതം അരിച്ചെടുക്കുക. ശേഷം മാറ്റിവയ്ക്കുക.
∙ ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിക്കുക. ശേഷം സവാളയും ബെൽപെപ്പറും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഇവ നന്നായി വഴറ്റിയതിനു ശേഷം ഇതിലേക്ക് അരിച്ചെടുത്ത തക്കാളി മിശ്രിതം ചേർക്കുക.
∙ നന്നായി തിളയ്ക്കുമ്പോൾ ഇതിലേക്ക് മുളക്പൊടി, മിക്സ് ഹെർബ്സ്, ഉപ്പ്, ജീരകം പൊടിച്ചത്, പഞ്ചസാര എന്നിവ ചേർക്കുക. ശേഷം ചെറുതീയിൽ രണ്ട് മിനിറ്റ് അടച്ചുവയ്ക്കുക
∙ രണ്ട് മിനിറ്റിനു ശേഷം 4 മുട്ട ഒരോന്നായി ഓംലെറ്റിനു ഒഴിക്കുന്ന രീതിയിൽ മിശ്രിതത്തിലേക്ക് ചേർക്കുക. 4 മുട്ടയും വെന്തു കഴിയുമ്പോൾ വിളമ്പുക. ബ്രെഡ്, ബൺ എന്നിവയുടെ കൂടെ വിളമ്പുന്നതാണ് നല്ലത്.
English Summary : Shakshuka in a Frying Pan, Eggs Poached in Spicy Tomato Pepper Sauce.