ഇഫ്താർ സ്‌പെഷൽ ഇറാനി പോള
Mail This Article
മലബാറിന്റെ ഇഫ്താർ സ്‌പെഷൽ രുചികളിലൊന്നാണ് ഇറാനി പോള. ചിക്കൻ, ബീഫ് എന്നിവ കൊണ്ടു മാത്രമല്ല ചിലർ മുട്ട കൊണ്ടും സ്വാദൂറും പോള ഉണ്ടാക്കാറുണ്ട്. ഇറാനി പോളയിലെ ചിക്കൻ രുചിയറിയാം.
ചേരുവകൾ
- എല്ലില്ലാത്ത ചിക്കൻ - 150 ഗ്രാം
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- കശ്മീരി മുളകുപൊടി - 1 ടീ സ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ
- സവാള - 2
- പച്ചമുളക് - 2
- ഗരം മസാല - 1/2 ടീ സ്പൂൺ
- മൈദ - 1 കപ്പ്
- മുട്ട - 2
- പാൽ - 1 കപ്പ് + 2 ടേബിൾ സ്പൂൺ
- സൺഫ്‌ളവർ ഓയിൽ - 3/4 കപ്പ്
- കുരുമുളക് പൊടി - 1/2 ടീ സ്പൂൺ
- ഉപ്പ് - പാകത്തിന്
- കറിവേപ്പില, മല്ലിയില - കുറച്ച് വീതം
തയാറാക്കുന്ന വിധം
ചിക്കൻ വൃത്തിയാക്കി കഷണങ്ങൾ ആക്കിയ ശേഷം അതിലേക്ക് അൽപം മഞ്ഞൾപ്പൊടി, കശ്മീരി മുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി പുരട്ടി 30 മിനിറ്റ് വയ്ക്കണം.
പാനിൽ എണ്ണ ചൂടാക്കി ചിക്കൻ കഷണങ്ങൾ വറുത്തെടുക്കണം. തണുത്ത ശേഷം ഇവ ചെറിയ കഷണങ്ങളാക്കിയെടുക്കണം.
ചിക്കൻ വറുത്ത അതേ എണ്ണയിൽ തന്നെ സവാള അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മഞ്ഞൾപ്പൊടി, കശ്മീരി മുളകുപൊടി, ഗരം മസാല, മല്ലിയില, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റണം.
ഇതിലേക്ക് ചെറു കഷണങ്ങളാക്കിയ ചിക്കൻ ചേർത്ത് ഒന്നു വഴറ്റി ആവശ്യമെങ്കിൽ ഉപ്പ് പാകത്തിന് ചേർത്ത് ഇളക്കിയ ശേഷം തീ ഓഫാക്കാം. മുട്ട, പാൽ, അൽപം എണ്ണ, മൈദ, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പും എന്നിവ മിക്‌സിയിൽ അടിച്ചെടുക്കുക. അടുപ്പത്ത് ഒരു തവ വെച്ച് അതിന്റെ മുകളിൽ അടികട്ടിയുള്ള പാത്രം വെച്ച ശേഷം മുട്ടക്കൂട്ടിന്റെ പകുതി ഒഴിച്ച് 3-4 മിനിറ്റ് മൂടിവെച്ച് വേവിക്കുക. ഇതിലേക്ക് തയാറാക്കി വെച്ചിരിക്കുന്ന ചിക്കൻ മസാല കൂട്ട് നല്ലതു പോലെ നിരത്തി വെച്ച് അതിനു മുകളിൽ ബാക്കി മുട്ടക്കൂട്ട് ഒഴിക്കണം. ഇതിനു മുകളിലായി ചിക്കൻ കഷണങ്ങളോ കാപ്‌സിക്കമോ വെച്ച് അലങ്കരിച്ച് 20-25 മിനിറ്റ് മൂടിവെച്ച് വേവിക്കണം. പോള തിരിച്ചിട്ട് 4-5 മിനിറ്റ് മറുവശവും വേവിച്ചാൽ ഇറാനി പോള തയാർ.
English Summary : Iftar Special Dish Irani Pola Recipe.