ആവിപറക്കുന്ന ചക്കപ്പുഴുക്കിനൊപ്പം തകർപ്പൻ മാങ്ങാ പച്ചടി
Mail This Article
ചക്കയും മാങ്ങയും. പോഷകഗുണങ്ങളേറിയ ഇവ രണ്ടും മലയാളികളുടെ ദൗർബല്യമാണ്. ഇതുരണ്ടും എവിടെക്കണ്ടാലും ചെന്ന് കൈക്കലാക്കും. മറുനാട്ടിലായാൽ എന്തുവില കൊടുത്തും ഇവ വാങ്ങും. അത്രയ്ക്കുണ്ട് ചക്കയോടും മാങ്ങയോടുമുള്ള മലയാളികളുടെ കൊതി. അപ്പോൾ മഴക്കാലത്ത് ആസ്വദിച്ച് കഴിക്കാൻ ഇവ രണ്ടും ചേർന്നുള്ള ഒരുഗ്രൻ കോംപിനേഷൻ ആയാലോ. വായിലൂടെ കപ്പലോടും. ചക്കപ്പുഴുക്കിനൊപ്പം പോകുന്ന തകർപ്പൻ വിഭവമാണ് ഈ സ്പെഷൽ മാങ്ങാ പച്ചടി. ചൂടുപുഴുക്കിനൊപ്പം കടുകും ഉള്ളിയും വറ്റൽ മുളകുമൊക്കെയിട്ട് താളിച്ച തേങ്ങാപ്പാൽ ചേർന്ന മാങ്ങാ പച്ചടി ഒഴിച്ച് കഴിക്കുമ്പോഴുള്ള സുഖം കഴിച്ചുതന്നെ അറിയണം.
ചക്കയ്ക്കൊപ്പം കൂട്ടാൻ നോൺവെജ് ഇഷ്ടമുള്ളവർക്കും നോൺവെജ് കഴിച്ച് മടുത്തവർക്കും ഈ വെറൈറ്റി മാങ്ങാ പച്ചടി തയാറാക്കി കഴിക്കാം. വളരെ എളുപ്പത്തിൽ വേഗം തയാറാക്കാവുന്ന ഇതിന്റെ ചേരുവകളിലേക്ക് കടക്കാം.
- പച്ചമാങ്ങ– 1 എണ്ണം
- ചെറിയ ഉള്ളി– 6 എണ്ണം
- കടുക് ചതച്ചത് – 1 ചെറിയ സ്പൂൺ
- പച്ചമുളക്– 1–2 എണ്ണം
- തേങ്ങാപാൽ– ഒരു തേങ്ങ
- കറിവേപ്പില– ഒരുതണ്ട്
- ഉപ്പ് ആവശ്യത്തിന്
താളിക്കാൻ
- എണ്ണ, കടുക്, 2 ചെറിയ ഉള്ളി, 1 വറ്റൽ മുളക് 3 ആയി കീറിയത്.
ഉണ്ടാക്കുന്ന വിധം
- പച്ചമാങ്ങ തൊലി കളഞ്ഞ് ചെറുതായി കൊത്തിയരിയുക. അതിലേക്ക് ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞ് ചേർക്കുക. ഇതിലേക്ക് ചതച്ച കടുകും വട്ടത്തിൽ ചെറുതായി അരിഞ്ഞ പച്ചമുളകും കറിവേപ്പില മുറിച്ചിട്ടതും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ കൈകൊണ്ട് തിരുമ്മുക. തയാറാക്കിവച്ചിരിക്കുന്ന തേങ്ങാപാൽ കൂടി ഇതിലേക്ക് ചേർത്ത് വീണ്ടും കൂട്ടിയോജിപ്പിക്കുക.
- ഇനി ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുക് ഇട്ട് ചെറിയ ഉള്ളി മൂത്തുവരുമ്പോഴേക്കും കീറിയ വറ്റൽമുളകും കൂടി ചേർത്തശേഷം വാങ്ങി തേങ്ങാപ്പാലിൽ ചേർക്കും. അതോടെ സ്പെഷൽ മാങ്ങാ പച്ചടി റെഡി. ഇനി ചൂടു ചക്കപ്പുഴുക്കിനൊപ്പം വിളമ്പാം.
English Summary : Mango Pachadi, Nadan Recipe.