മഴക്കാലമല്ലേ; ചൂട് മുരിങ്ങ സൂപ്പ് കുടിച്ചാലോ
Mail This Article
തുലാമഴയിൽ നനഞ്ഞു കുളിച്ചു വീട്ടിൽക്കയറിച്ചെല്ലുമ്പോൾ ഒരു ചൂടൻ സൂപ്പ് തീൻമേശയിലിരുന്ന് മാടിവിളിച്ചാലെങ്ങനെയുണ്ടാകും?. ആ സൂപ്പ് പോഷകസമ്പുഷ്ടമാണെങ്കിൽ പറയുകയും വേണ്ട. മുരിങ്ങക്കയും സോയാബീനുംകൊണ്ട് ഈ ഹെൽത്തി സൂപ്പ് തയാറാക്കാം.
1.മുരിങ്ങാക്കായ് 5 എണ്ണം കഷണങ്ങളാക്കി വേവിച്ച് ഉടച്ച് അരിച്ചെടുത്ത വെള്ളം– 1 കപ്പ്
2. സോയ വേവിച്ചത് – 1 കപ്പ്
3. ക്യാരറ്റ് പൊടിയായി അരിഞ്ഞത് – 1 എണ്ണം
4. സവാള പൊടിയായി അരിഞ്ഞത് – 1 എണ്ണം
5. ഇഞ്ചി, വെളുത്തുള്ളി പെയിസ്റ്റ് – 1 സ്പൂൺ വീതം
6. സോയ സോസ് –1 സ്പൂൺ
7.ഗ്രീൻ ചില്ലി സോസ് – 1 സ്പൂൺ
8. മുട്ട – 1
9.കോൺ ഫ്ലവർ – ആവശ്യത്തിന്
10. വെളളം – അര കപ്പ്
11. കുരുമുളകുപൊടി – മുക്കാൽ സ്പൂൺ
12. മല്ലി, പുതിനയില – 1 പിടി വീതം
13. നെയ്യ് – 2 സ്പൂൺ
പാകം ചെയ്യുന്ന വിധം
പാനിൽ നെയ്യൊഴിച്ച് സോയാ ഒന്നു വഴറ്റി മാറ്റുക. ബാക്കി നെയ്യിൽ ക്യാരറ്റ്, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ നല്ലവണ്ണം വഴറ്റുക. ഇതിലേക്ക്, മുരിങ്ങ വെള്ളം, വെള്ളം ആവശ്യത്തിന് ഉപ്പുചേർത്ത് തിളച്ചാൽ ഒരു മുട്ട പൊട്ടിച്ച് ഇളക്കി ചേർക്കുക. ഇതിൽ സോയാചങ് ചേർത്തിളക്കിയ കൂട്ടിലേക്ക് സോയ സോസ്, ചില്ലി സോസ്, കുരുമുളകുപൊടി ചേർത്ത് തീ കുറച്ച് ആവശ്യത്തിന് കോൺഫ്ലവർ വെള്ളത്തിൽ കലക്കി ബാറ്ററുണ്ടാക്കി കൂട്ടിലൊഴിച്ച് ഒന്നു തിളച്ചാൽ മല്ലിയിലയും പൊതിനയിലയും ചേർത്ത കൂട്ട് അലങ്കരിക്കുക. സൂപ്പ് തയാർ. കുറച്ചുകൂടി സ്വാദുകൂട്ടാൻ ഒരു കഷണം റൊട്ടി വളരെ ചെറുതായി ചതുരത്തിൽ അരിഞ്ഞ് നെയ്യിൽ വറുത്ത് മീതെയിടുക.
Content Summary : Drumstick Soup Recipe