ADVERTISEMENT

സാധാരണ സാമ്പാറിൽ നിന്നും ഉള്ളി സമ്പാറിനെ വ്യത്യസ്തമാക്കുന്നത് അതിൽ അധിക കഷ്ണങ്ങൾ ഇല്ലെന്നതും വളരെ എളുപ്പത്തിൽ തയാറാക്കാം എന്നതുമാണ്. ഉള്ളി സാമ്പാർ വറുത്തരച്ചും അല്ലാതെയും ഉണ്ടാക്കാം. വറുത്തരച്ചതിന് ഒരു പ്രത്യേക സ്വാദ് തന്നെയാണ്. വളരെ എളുപ്പത്തിൽ കുറച്ച് സമയം കൊണ്ട് എങ്ങനെ വറുത്തരച്ച ഉള്ളി സാമ്പാർ  ഉണ്ടാക്കാമെന്നു നോക്കാം.

 

ചേരുവകൾ

  • ഉള്ളി – ഒരു പിടി ( തൊലികളഞ്ഞ് കഴുകി വൃത്തിയാക്കിയത്– കഷ്ണങ്ങൾ ആക്കേണ്ട)
  • തേങ്ങ – കാൽ മുറി ചിരകിയത്
  • സാമ്പാർ പരിപ്പ്– കാൽ കപ്പ്
  • തക്കാളി – 1
  • എണ്ണ– ടേബിൾ സ്പൂൺ
  • വാളൻപുളി (പിഴുപുളി) – ഒരു നെല്ലിക്കാ വലുപ്പത്തിൽ (  കാൽകപ്പ് വെള്ളത്തിൽ കുതിർത്തത്)
  • പച്ചമുളക്– 2
  • കറിവേപ്പില– 2 തണ്ട്
  • സാമ്പാർ പൊടി – 2 ടേബിൾ സ്പൂൺ
  • കാശ്മീരി മുളക്പൊടി – 1 ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി– കാൽ ടി സ്പൂൺ
  • കായം– കാൽ ടി സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മല്ലിയില– രണ്ട് തണ്ട്

 

തയാറാക്കുന്ന വിധം

കുതിർത്തുവച്ച സാമ്പാർ പരിപ്പ് കാൽ ടി സ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കുക്കറിൽ നന്നായി വേവിച്ച് മാറ്റി വയ്ക്കുക. ഒരു ഫ്രൈയിങ് പാനിൽ തേങ്ങ ചിരകിയത് വറക്കുക, ബ്രൗൺ നിറമാകുമ്പോൾ അതിലേക്കു സാമ്പാർ പൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് ഒരു മിനിറ്റ് ഇളക്കാം. ഇത് തണുത്തതിന് ശേഷം  അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. 

 

ഒരു ചുവടുകട്ടിയുള്ള കടായിയിൽ മൂന്ന് ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉള്ളിയിട്ട് അത് ട്രാൻസ്പരന്റ് ആകുന്നത് വരെ ഇളക്കുക. തക്കാളി ചെറിയ കഷ്ണങ്ങളാക്കി ചേർത്ത് ഇളക്കുക. ഇതിലേയ്ക്ക് വേവിച്ച പരിപ്പ് ചേർക്കാം. അതിന് ശേഷം കുതിർത്തു വച്ച പുളി അരിച്ച വെള്ളം ചേര്‍ക്കുക. ഇത് തിള വരുമ്പോൾ അരച്ചുവച്ച തേങ്ങാക്കൂട്ട് ചേർക്കുക. ആവശ്യത്തിന്  ഉപ്പ് ചേർക്കുക. കാൽ ടി സ്പൂൺ കായപ്പൊടി വിതറി ഇളക്കാം. വെന്തതിന് ശേഷം ചെറിയ ഉള്ളിയും കറിവേപ്പിലയും വറ്റൽ മുളകും ചേർത്ത്  കടുകു പൊട്ടിച്ച് താളിക്കുക. ഒടുവിൽ  മല്ലിയില ചെറുതായി അരിഞ്ഞിടാം. ഉള്ളി സാമ്പാർ തയാർ. മൂടിവച്ച് പത്ത് മിനിറ്റിനു ശേഷം ഉപയോഗിക്കാം. ചോറിനും ഇഡ്ഡലിയ്ക്കും ദോശയ്ക്കും പൂരിയ്ക്കും ഒപ്പം തകർപ്പൻ കോമ്പിനേഷനാണ് ഉള്ളി സാമ്പാർ. 

 

English Summary : Kerala Cheriya Ulli Sambar Recipe. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com