ADVERTISEMENT

ഫ്രൈയിങ് പാൻ ഉപയോഗിച്ച് എളുപ്പത്തിൽ ബിരിയാണി ഉണ്ടാക്കാൻ പറ്റുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? മിച്ചം വന്ന അല്ലെങ്കിൽ മുൻകൂർ തയാറാക്കിയ അരി ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാവുന്ന ഈ ബിരിയാണിക്ക് ഇപ്പോൾ ആരാധകരേറെയാണ്. സ്ട്രീറ്റ് ഫുഡിൽ കേമനായ തവ പുലാവിനോട് സാമ്യമുള്ളതും എന്നാൽ രുചിയിൽ വിട്ടുവീഴ്ചയില്ലാത്ത തവ ബിരിയാണി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

 

ചേരുവകൾ

 

  • ബസ്മതി അരി– ഒരു കപ്പ്(അര മണിക്കൂർ കുതിർത്തത്)
  • നെയ്– 2 ടേബിൾ സ്പൂൺ
  • റിഫൈൻഡ് ഓയിൽ–  ഒരു ടേബിൾ സ്പൂൺ
  • സവാള–  ഒരെണ്ണം നേരിയതായി അരിഞ്ഞത്
  • ഇഞ്ചി– വെളുത്തുള്ളി പെയ്സ്റ്റ്– ഒരു ടേബിൾ സ്പൂൺ
  • തക്കാളി– ഒരെണ്ണം
  • സാജീരകം– അര ടീ സ്പൂൺ
  • പട്ട/ ഏലയ്ക്ക / ഗ്രാമ്പൂ– 2 എണ്ണം
  • ബേ ലീഫ്– ഒരെണ്ണം
  • കാരറ്റ്, ബീൻസ്, കോളിഫ്ലവർ, ഗ്രീൻപീസ്, ഉരുളക്കിഴങ്ങ് – എല്ലാം കൂടി ഒരു കപ്പ്
  • മുളകുപൊടി – ഒരു ടീ സ്പൂൺ
  • മഞ്ഞൾപ്പൊടി – അര ടീ സ്പൂൺ
  • ബിരിയാണി മസാല – 2 ടേബിൾ സ്പൂൺ
  • തൈര് – കാൽ കപ്പ്
  • മല്ലിയില, പുതിനയില– ആവശ്യത്തിന്
  • ഉപ്പ്– ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

അര മണിക്കൂർ കുതിർത്ത അരി 80 ശതമാനം വേവ് ആകുമ്പോൾ ഊറ്റി മാറ്റി വയ്ക്കുക. ഇത് പിന്നീട് ഫ്രിജിൽ തണുപ്പിക്കാനായി വയ്ക്കാം. ബിരിയാണി തയാറക്കുന്നതിനു തൊട്ട് മുൻപായി പുറത്തെടുത്താൽ‌ മതിയാകും. ശേഷം ഫ്രൈയിങ് പാനിലേക്ക് നെയ്യും ഓയിലും ഒഴിക്കുക.

 

ഇതിലേക്ക് പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, ബേ ലീഫ്, സാജീരകം എന്നിവ ചേർക്കുക. പിന്നാലെ സവാള ഇട്ട് നന്നായി വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്, തക്കാളി, മല്ലി–പുതിനയില, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. മിശ്രിതം നന്നായി വഴറ്റിയതിനു ശേഷം ഇതിലേക്ക് പച്ചക്കറികൾ ചേർക്കാം. പച്ചക്കറികൾക്ക് പകരം ഉപ്പും മഞ്ഞളും ചേർത്തു വേവിച്ച ചിക്കൻ, ബീഫ് എന്നിവയും ഉപയോഗിക്കാം. ഒന്ന് നന്നായി ഇളക്കിയതിനു ശേഷം ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, ബിരിയാണി മസാല, തൈര് എന്നിവ ചേർക്കാം. വീണ്ടും ഇളക്കി യോജിപ്പിച്ച് ആവശ്യമെങ്കിൽ വെള്ളവും ഒഴിച്ച് നന്നായി 5 മിനിറ്റ് ലോ ടു മീഡിയം ഫ്ലെയ്മിൽ വേവിക്കുക.

 

പച്ചക്കറികൾ ആവശ്യത്തിന് വെന്ത്, അത്യാവശ്യം കുറുകിയ ഗ്രേവി ഉണ്ടെന്ന് ഉറപ്പാക്കുക. ഈ സമയം ഉപ്പ്, എരിവ് എന്നിവ പരിശോധിക്കാം.

 

ശേഷം ചെറു തീയിലേക്ക് ബർണർ സെറ്റ് ചെയ്തിട്ട്, മിശ്രിതത്തിനു മുകളിലായി വേവിച്ച അരി ഇടുക. അരിക്ക് മുകളിലായി ആവശ്യമെങ്കിൽ വറുത്ത സവാള, കിസ്മിസ്, മല്ലിയില, പുതിനയില, ഒരു നുള്ള് ഗരംമസാല എന്നിവ വിതറാം. ശേഷം ഫ്രൈയിങ് പാൻ അടച്ച് വച്ച് ചെറുതീയിൽ 5 മിനിറ്റ് വേവിക്കുക. 5 മിനിറ്റിനു ശേഷം അടുപ്പിൽ നിന്ന് മാറ്റി തണുക്കാനായി വയ്ക്കാം. രണ്ട് മണിക്കൂറിനു ശേഷം വിളമ്പുന്നതാണ് ഉചിതം. 

 

English Summary : Tawa biryani is different both in the making and taste from the regular biryani.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com