പിയർ അപ് സൈഡ് ഡൗൺ കേക്ക്, ആനന്ദം പകരും രുചി
Mail This Article
വിദേശിയാണെങ്കിലും സ്വദേശിയെപ്പോലെ മലയാളികൾ ചേർത്തു പിടിക്കുന്ന പഴങ്ങളിൽ ഒന്നാണ് പിയർ. പത്ത് വർഷം മുൻപ് കിട്ടാക്കനിയായിരുന്നെങ്കിലും ഇന്ന് മിക്ക സൂപ്പർമാർക്കറ്റുകളിലും ഇവ ലഭ്യമാണ്. നിറത്തിലും രൂപത്തിലും കണ്ണുകൾക്ക് ആനന്ദം പകരുന്ന പിയർ രുചിയിലും മുന്നിലാണ്. പിയർ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരുപാട് വിഭവങ്ങളുണ്ട്. അതിൽ ചൈനീസ് മുതൽ ഫ്രഞ്ച് വരെ ഉൾപ്പെടും. വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന പിയർ അപ് സൈഡ് ഡൗൺ കേക്കിനെ പരിചയപ്പെടാം.
ചേരുവകൾ
∙ മുട്ട – 2 എണ്ണം
∙ പഞ്ചസാര – കാൽ കപ്പ്
∙ ഓയിൽ – കാൽ കപ്പ്
∙ പാൽ – കാൽകപ്പ്
∙ വാനില എസ്സൻസ് – ഒരു ടീ സ്പൂൺ
∙ മൈദ – ഒന്നര കപ്പ്
∙ ബേക്കിങ് പൗഡർ – ഒരു ടേബിൾ സ്പൂൺ
∙ പിയർ – 3 എണ്ണം
∙ ബട്ടർ – 4 ടേബിൾ സ്പൂൺ
∙ ബ്രൗൺ ഷുഗർ – അര കപ്പ്
തയാറാക്കുന്ന വിധം
അവ്ൻ 350 ഡിഗ്രി ഫാരൻഹീറ്റ്/ 180 ഡിഗ്രി സെൽഷ്യസ് പ്രീ ഹീറ്റ് ചെയ്തിടുക. ഒരു ബൗളിലേക്ക് 2 മുട്ട പൊട്ടിച്ച് ഒഴിച്ച് കാൽ കപ്പ് പഞ്ചസാര ചേർത്തു നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്കു കാൽ കപ്പ് ഓയിൽ, കാൽ കപ്പ് പാൽ, ഒരു ടീ സ്പൂൺ വാനില എസ്സൻസ് എന്നിവ ചേർത്ത് വീണ്ടും ബീറ്റ് ചെയ്തെടുക്കുക. ഈ മിശ്രിതത്തിലേക്ക് ഒന്നര കപ്പ് മൈദ, ബേക്കിങ് പൗഡർ എന്നിവ അരിപ്പയിലൂടെ ഇടഞ്ഞ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പിയർ തൊലി കളഞ്ഞ് ഇടത്തരം വലുപ്പത്തിൽ മുറിച്ചു മാറ്റി വയ്ക്കുക.
ഒരു പാനിൽ 4 ടേബിൾ സ്പൂൺ ബട്ടർ എടുത്ത് ഉരുക്കി അതിൽ അരക്കപ്പ് ബ്രൗൺ ഷുഗർ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. 3–4 മിനിറ്റ് ഇളക്കി പഞ്ചസാര ഉരുക്കിക്കഴിഞ്ഞാൽ വെണ്ണ പുരട്ടി വച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ഒഴിക്കുക. ടിന്നിൽ നന്നായി പരത്തിയതിനു ശേഷം ഇതിനു മുകളിൽ മുറിച്ചു വച്ചിരിക്കുന്ന പിയർ കഷ്ണങ്ങൾ ചേർക്കുക. ബ്രൗൺ ഷുഗർ മിശ്രിതം മൂടും വരെ പിയർ കഷ്ണങ്ങൾ ചേർക്കണം. ഇതിനു മുകളിൽ, നേരത്തേ തയാറാക്കി വച്ച കേക്ക് മിക്സ് ചേർക്കുക. മിശ്രിതത്തിനുള്ളിലെ എയർ ബബിൾ കളയാൻ കേക്ക് ടിൻ രണ്ടുമൂന്നു വട്ടം ചെറുതായി മേശയിൽ തട്ടി അവ്നിലേക്ക് മാറ്റുക. അവ്ൻ 350 ഡിഗ്രി ഫാരൻഹീറ്റ്/ 180 ഡിഗ്രി സെൽഷ്യസ് 40–45 മിനിറ്റ് വരെ ബേക്ക് ചെയ്യുക. തണുത്തു കഴിഞ്ഞ് ഐസ്ക്രീം, ചോക്ലേറ്റ് സോസ് എന്നിവയ്ക്കൊപ്പം വിളമ്പാം.
English Summary : Little piece of heaven, cake itself is ever-so-slightly sweet, yet tangy.