മാവ് കുഴച്ച് പരത്താതെ ബേക്കറി രുചിയിൽ മിനിറ്റുകൾ കൊണ്ട് മുട്ട പഫ്സ്
Mail This Article
വീട്ടിൽ ഒരുക്കാം ടേസ്റ്റി മുട്ട പഫ്സ്, രുചിയൊട്ടും കുറയില്ല.
ആവശ്യമുള്ള സാധനങ്ങൾ
- മൈദ -1 1/2 കപ്പ്
- ചിക്കൻ - 250 ഗ്രാം
- സവാള - 1
- പച്ചമുളക് - 2
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- കുരുമുളക് പൊടി - 1 ടീസ്പൂൺ
- ഗരം മസാലപ്പൊടി- 1 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- മുട്ട - 5
- ബട്ടർ - 2 ടീസ്പൂൺ
- ഓയിൽ - 3 ടേബിൾസ്പൂൺ
പ്രഷർ കുക്കറിൽ 250 ഗ്രാം എല്ലില്ലാത്ത ചിക്കനും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും അര ഗ്ലാസ് വെള്ളവും ഒഴിച്ച് ഒരു വിസിൽ വരുന്നത് വരെ വേവിച്ചെടുക്കാം.
ചിക്കൻ വെന്ത് കിട്ടിയാൽ ചിക്കനിൽ നിന്നിറങ്ങിയ വെള്ളവും ചിക്കനും വേറെ മാറ്റിയെടുക്കാം.
ഇനി ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളം വച്ചതിനുശേഷം 4 മുട്ട പുഴുങ്ങി എടുക്കാം. മുട്ട തൊലി എല്ലാം കളഞ്ഞു മാറ്റിവയ്ക്കാം.
ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് നാല് ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ച് കൊടുക്കാം. ചൂടായി വരുമ്പോൾ ഒരു വലിയ സവാള ചെറുതായി അരിഞ്ഞത്, 2 പച്ചമുളക് വട്ടത്തിൽ അരിഞ്ഞത്, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ഇട്ട് നന്നായി വഴറ്റി എടുക്കാം. എല്ലാം കൂടി നന്നായി വഴന്നു വരുന്ന സമയത്ത് 1 ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഗരം മസാലപ്പൊടി എന്നിവ ഇട്ട് യോജിപ്പിച്ച് എടുക്കാം. മാറ്റിവച്ച ചിക്കനിൽ നിന്ന് ഇറങ്ങിയ വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ഈ വെള്ളം ഒന്ന് വറ്റി വരുന്ന സമയത്ത് മാറ്റി വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർത്ത് നന്നായി യോജിപ്പിച്ച് എടുത്തതിനു ശേഷം കുറച്ച് മല്ലിയില കൂടി ഇട്ട് കൊടുക്കാം. ഇനി ഇതൊന്ന് അടച്ചുവച്ച് 2 മിനിറ്റ് മീഡിയം തീയിൽ വേവിച്ചെടുക്കാം. ഇതോടെ സ്വാദിഷ്ടമായ മസാല തയാർ.
ഇനി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് മൈദയും ഒരു ഗ്ലാസ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് അധികം ലൂസും അധികം കട്ടിയും ഇല്ലാത്ത രീതിയിൽ ഒരു ബാറ്റർ തയാറാക്കി എടുക്കാം. കട്ടകൾ ഒന്നുമില്ലാതെ കലക്കി എടുക്കാം. ഈ മാവ് മാറ്റിവയ്ക്കാം.
ഇനി ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ഓരോ തവി മാവ് ഒഴിച്ച് കൊടുത്ത് ദോശ പരത്തുന്നത് പോലെ പരത്തി എടുക്കാം. മേൽ ഭാഗം കളർ മാറുന്ന സമയത്ത് നമുക്ക് ദോശ പാനലിൽ നിന്നും മാറ്റിയെടുക്കാം. ഇങ്ങനെ മുഴുവൻ മാവും ചുട്ടെടുക്കാം.
പഫ്സ് തയാറാക്കാൻ
ഓരോ ദോശയും എടുക്കാം അതിന് മുകളിൽ ഒരു സ്പൂൺ മസാല വച്ച് കൊടുത്തതിനു ശേഷം ഒരു മുട്ട പുഴുങ്ങിയത്തിന്റെ പകുതി കൂടി മുകളിൽ വച്ച് കൊടുക്കാം. ഇനി നാല് ഭാഗം കൂടി മടക്കി എടുക്കാം. ഇങ്ങനെ എല്ലാ ദോശയും ചെയ്തെടുക്കാം. ഇനി ഒരു ഫ്രൈയിങ് പാൻ ചൂടാകുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന ഓരോ പഫ്സും ഒരു മുട്ടയും ബീറ്റ് ചെയ്ത് അതിലേക്ക് മുക്കിയ ശേഷം പാനിലേക്ക് വച്ചു കൊടുക്കാം. ഓരോ ഭാഗവും രണ്ട് മിനിറ്റ് വേവിച്ചെടുക്കാം. കളർ ഒന്ന് മാറുമ്പോൾ തവയിൽ നിന്നും മാറ്റാം.
Content Summary : How to Make Egg Puffs at Home.