ക്ഷീണം മാറ്റാൻ അയൺ ധാരളമുള്ള റാഗി ബോൾസ്, ഏതു കറിക്കൊപ്പവും കഴിക്കാം
Mail This Article
എല്ലാദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്ന ഒരു ഹെൽത്തി റാഗി വിഭവമാണിത്. കർണാടകയിൽ ഏറെ പ്രസിദ്ധമാണ്. ആരോഗ്യ ഭക്ഷണശീലങ്ങളിൽ മുൻനിരയിലാണ് റാഗിയുടെ സ്ഥാനം. റാഗി ബോൾസിൽ (മുദ്ദേ) ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും കഴിക്കാൻ പറ്റിയില്ലെങ്കിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും മെനുവിൽ ഉൾപ്പെടുത്താം. സാമ്പാറിനൊപ്പം അല്ലെങ്കിൽ എരിവും പുളിയുമുള്ള ഏതു കറിക്കൊപ്പവും കഴിക്കാം.
ചേരുവകൾ
- വെള്ളം – 2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- നെയ്യ് – 1 ടീസ്പൂൺ
- കാൽകപ്പ് വെള്ളത്തിൽ 2 ടേബിൾസ്പൂൺ റാഗിപ്പൊടി കലക്കിയത്
- റാഗിപ്പൊടി – 1 കപ്പ്
- നെയ്യ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഫ്രൈയിങ് പാനിൽ 2 കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പും 1 ടീസ്പൂൺ നെയ്യും ചേർത്തു ചൂടാക്കുക. ചൂടായി തുടങ്ങുമ്പോൾ കാൽക്കപ്പ് വെള്ളത്തിൽ 2 ടേബിൾസ്പൂൺ റാഗിപ്പൊടി കലക്കിയതു ചേർത്തു കട്ടകളില്ലാതെ ഇളക്കി യോജിപ്പിക്കാം. തിളച്ചു തുടങ്ങുമ്പോൾ റാഗിപ്പൊടി ചേർക്കാം. ഒരു മിനിറ്റ് തിളപ്പിക്കാം, ശേഷം കട്ട കെട്ടാതെ നന്നായി ഇളക്കി യോജിപ്പിക്കാം. ഒരു സ്പൂൺ നെയ്യ് ചേർത്ത ശേഷം ഒരു മിനിറ്റു അടച്ചു വയ്ക്കാം. ശേഷം തീ ഓഫ് ചെയ്തു നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്കു മാറ്റി ഉരുളകളാക്കാം. സാമ്പാർ അല്ലെങ്കിൽ ഏതെങ്കിലും കറികൾക്കൊപ്പം കഴിക്കാം.
Content Summary : Ragi mudde, gluten-free traditional balls made with finger millet flour.