ADVERTISEMENT

വേനലായതോടെ എല്ലായിടത്തും ‘മടുപ്പാ’ണ്. തീച്ചൂടു പേടിച്ചു പലർക്കും പുറത്തിറങ്ങാൻ തന്നെ പേടി. എന്നാൽ, അടച്ചുപൂട്ടി വീട്ടിലിരിക്കാൻ പറ്റില്ലല്ലോ. വേനലും ആഘോഷമാണ്. രുചിയും കുളിരുമൊന്നിക്കുന്ന കൂൾ ഡ്രിങ്ക്സാണു വേനൽക്കാലത്തു ചെറുപ്പക്കാർക്ക് ഇഷ്ടം.

 

നാരങ്ങാവെള്ളം 

ജനകോടികളുടെ വിശ്വസ്ത പാനീയമാണ് അന്നുമിന്നും നാരങ്ങാവെള്ളം. എന്നാൽ അതിന്റെ യാതൊരു അഹങ്കാരവുമില്ല. ‘പോക്കറ്റ് ഫ്രണ്ട്ലി’ എന്നാണു നാരങ്ങാവെള്ളത്തെ പുതുതലമുറ വിശേഷിപ്പിക്കുന്നത്. പൈനാപ്പിൾ ലൈം, മിന്റ് ലൈം, ഗ്രേപ് ലൈം, ജിഞ്ചർ ലൈം എന്നു തുടങ്ങി മസാല ലൈം വരെ സുലഭം. കാലമേറെയായെങ്കിലും സോഡാ നാരങ്ങാവെള്ളത്തിനും ഫാൻസ് കുറഞ്ഞിട്ടില്ല. വിലയോ തുഛം, ഗുണമോ മെച്ചം എന്ന പോളിസി പിന്തുടരുന്നതിനാൽ ലൈം ജ്യൂസ് ഇന്നും സൂപ്പർസ്റ്റാർ. 

 

ലസ്സി

നാടെങ്ങും ലസ്സി തരംഗമാണ്. പഴയ പല ജ്യൂസ് കടകളും മുഖം മിനുക്കി ലസ്സി ഷോപ്പുകളായി. കണ്ണഞ്ചിപ്പിക്കുന്ന അകത്തളവും സ്വസ്ഥമായി ഇരുന്നു സമയം ചെലവഴിക്കാമെന്നതും ലസ്സി ഷോപ്പുകളെ മാസ് ഹിറ്റാക്കുന്നു. മാംഗോ, സ്ട്രോബെറി, വനില, ചോക്ലേറ്റ് തുടങ്ങി വിവിധ ഫ്ലേവറുകളിൽ രുചിയുടെ പുത്തൻ വിപ്ലവം തീർക്കുകയാണു ലസ്സി.

 

കോക്ക്ടെയിൽ

കണ്ണൂരുകാരുടെ മുത്താണു കോക്ക്ടെയിൽ. പാലും പപ്പായയും മാതള അല്ലികളും ഡ്രൈ ഫ്രൂട്സുമൊക്കെ ചേർന്ന കോക്ക്ടെയിൽ നാവിൽ രുചിമേളം തീർക്കും. ന്യൂജൻ ഭാഷയിൽ പറഞ്ഞാൽ ‘ബജറ്റ് ഫ്രണ്ട്ലി ഡ്രിങ്ക്’ ആണു കോക്ക്ടെയിൽ. കൃത്രിമ നിറങ്ങളും മറ്റുമില്ലാതെ പാലും പഴങ്ങളും കൊണ്ടുള്ള കളിയായതിനാൽ യൂത്ത് പറയുന്നു... ചിയേഴ്സ്!

 

സംഭാരം

പുതുമയെ വാരിപ്പുണരുമ്പോഴും പഴമയുടെ നന്മയെ തീർത്തും മറക്കാറില്ല നമ്മുടെ യൂത്ത്സ്. കാലമെത്ര കഴിഞ്ഞാലും സംഭാരത്തിന്റെ ഡിമാൻഡ് കുറയാത്തത് ഇതുകൊണ്ടാണ്. ഇഞ്ചിയും പച്ചമുളകും ഉള്ളിയുമൊക്കെ ചതച്ചിട്ടു മൺപാത്രത്തിലെ തണുപ്പിൽ നിന്നു കോരിയെടുത്തു തരുന്ന സംഭാരത്തിന്റെയത്ര വരുമോ മറ്റെന്തും? സോഡ ചേർത്തു സംഭാരം കുടിക്കുന്നതു ട്രെൻഡാണ്.

 

ഷേക്കും ജ്യൂസും

പുതിയ പാനീയങ്ങൾ വന്നതോടെ ഫീൽഡിൽ നിന്ന് ഔട്ട് ആകാതെ പിടിച്ചുനിൽക്കാൻ ഏറെ രൂപമാറ്റം വരുന്ന രണ്ടു കക്ഷികളാണു ഷേക്കും ജ്യൂസും. ബേക്കറികളിലും കഫേകളിലും മെനു കാർഡിൽ മിന്നിത്തിളങ്ങി നിൽക്കുകയാണ് ഇവർ. തണുത്ത പാലിൽ പിസ്ത, ബദാം, കാഷ്യുനട്ട് എന്നിവയെല്ലാം ചേർത്ത കണ്ണൂരിലെ കടി ഷേക്ക് അഡാറ് ഐറ്റമാണ്.

 

Content Summary : Healthy way to chill yourselves on a hot summer day.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com