ഈസ്റ്റർ സ്പെഷൽ രുചിയൊരുക്കി വ്ളോഗർ ദമ്പതിമാരായ താടിക്കാരനും ഭാര്യ സൂസമ്മയും
Mail This Article
ഈസ്റ്ററിനൊരുക്കാം അഫ്ഘാനി മട്ടൺ ഷാങ്ക്, ഏപ്രിൽ ലക്കം കർഷകശ്രീ മാസികയിലേക്കു രുചിക്കൂട്ട് ഒരുക്കിയിരിക്കുന്നതു വ്ളോഗർ ദമ്പതിമാരായ താടിക്കാരനും (മാർക്ക് ആന്റണി) ഭാര്യ സൂസമ്മയുമാണ്.
ചേരുവകള്‍
1. മട്ടൺ ഷാങ്ക് ( mutton shoulder) - ഒന്നര കിലോ
2. വെളുത്തുള്ളി ചതച്ചത് - ഒരു കപ്പ്
3. കുരുമുളക് - ഒരു ടേബിൾ സ്പൂൺ
4. ഉപ്പ് - ആവശ്യത്തിന്
5. ഒരു നാരങ്ങ അഥവാ വിനാഗിരി
6. മുളകുപൊടി അല്ലെങ്കിൽ പപ്രിക - അര ടേബിൾ സ്പൂൺ
7. ജീരകശാല അരി - ഒരു കിലോ
8. സെലറി - ഒരു കപ്പ്
9. ബട്ടർ - 60 ഗ്രാം
10. ബേസിൽ - ഒരു ടീസ്പൂൺ
11. റോസ് മേരി - അര ടീസ്പൂൺ
12. ജിൻജർ ഗാർലിക് പേസ്റ്റ് - ഒരു ടീസ്പൂൺ
13. വെള്ളം - 2 ലീറ്റർ
14. ബേബി പൊട്ടറ്റോ - 6 എണ്ണം
15. ടൊമാറ്റോ അരച്ചത് - 3 എണ്ണം
16. സോയ സോസ് - ഒരു ടീ സ്പൂൺ
പാകം ചെയ്യേണ്ട വിധം
2 മുതൽ 6 വരെ ഉള്ള ചേരുവകൾ കൈകൊണ്ട് ഇളക്കി മട്ടൺ ഷാങ്കിലേക്ക് തേച്ചു പിടിപ്പിക്കുക. ശേഷം കുക്കറിൽ വേവിക്കുക. നല്ല മട്ടൺ ആണെങ്കിൽ 4– 5 വിസിലിനുള്ളിൽ വേകും.
ഒരു വലിയ ചരുവത്തിൽ 50 ഗ്രാം ബട്ടർ ചേർത്ത് അതിലേക്ക് സെലറിയും വെളുത്തുള്ളിയും ബേസിലും റോസ് മേരിയും ഉപ്പും ചേർത്തു പച്ച മണം മാറിയതിനു ശേഷം, എടുക്കുന്ന അരിയുടെ നേരെ ഇരട്ടി വെള്ളം ഒഴിച്ച് തിള പ്പിക്കുക. എന്നിട്ട് അരിയിട്ട് അതിലേക്കു വേവിച്ച ബേബി പൊട്ടറ്റോയും ഇട്ട് പാത്രം അടച്ചു വയ്ക്കുക. അരി വെന്തതിനു ശേഷം പാത്രം അടുപ്പിൽനിന്ന് മാറ്റിവയ്ക്കുക.
ഇനി മട്ടണിലേക്ക് ചേർക്കാനുള്ള സോസ് തയാറാക്കാം. ഒരു പാനിലേക്ക് കുറച്ചു ബട്ടർ ഇട്ട് അതിലേക്ക് അരച്ചുവ ച്ചിരിക്കുന്ന ടൊമാറ്റോയും കുറച്ചു സെലറിയും ചേർത്ത് അതിന്റെ പച്ച മണം പോകുന്നിടം വരെ വേവിക്കുക. ശേഷം കുക്കർ തുറന്ന് അതിലെ മട്ടൺ പീസുകൾ മാറ്റി ഗ്രേവി ടൊമാറ്റോ സോസിലേക്ക് ഒഴിക്കുക. ഇത് ഒന്ന് കുറുകി വരുമ്പോൾ വേണമെങ്കിൽ കുറച്ചു സോയ സോസും ടൊമാറ്റോ സോസും ചേർക്കാം.
ഇനി ഒരു പ്ലേറ്റിലേക്ക് ചോറും ബേബി പൊട്ടറ്റോയും നിരത്തി, ചോറിന്റെ മുകളിലേക്കു മട്ടൺ ഷാങ്കിന്റെ ഒരു പീസ് വച്ചിട്ട് പാകം ചെയ്തു വച്ചിരിക്കുന്ന ഈ സോസ് ചൂടോടെ അതിനു മുകളിലേക്ക് ഒഴിക്കുക. വിഭവം തയാര്‍.
Content Summary : Easter special recipe by Susan Abraham and Marc Antony.