ടർക്കി കൊണ്ടാട്ടം, ഒരിക്കൽ കഴിച്ചാൽ മറക്കില്ല ഈ രുചി ; വിഡിയോ
Mail This Article
ഈസ്റ്റർ വിരുന്നുനൊരുക്കാൻ ചിക്കനും ബീഫും മാത്രമല്ല, സൂപ്പർ ടേസ്റ്റിലൊരു ടർക്കി കൊണ്ടാട്ടവും ഒരുക്കിയാലോ? കള്ളപ്പം, റൊട്ടി, പാലപ്പം, ചപ്പാത്തി, പൊറോട്ട ഏതിനൊപ്പവും കഴിക്കാവുന്ന കൊണ്ടാട്ടം രുചിയാണിത്. ഉണക്കമുളകു പൊടിയും ചതച്ചതും ചെറിയുള്ളിയുമാണ് ഇതിനു സ്പെഷൽ രുചി പകരുന്നത്. കൊളസ്ട്രോൾ നന്നെ കുറവുള്ള വൈറ്റ് മീറ്റാണ് ടർക്കി. മറ്റ് ഇറച്ചികളെ അപേക്ഷിച്ചു മാംസ്യത്തിന്റെ (പ്രോട്ടീൻ)യും നാരിന്റെയും അളവു കൂടുതലും. കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് എന്നീ ധാതുക്കളും മികച്ച തോതിലുണ്ട്. കിലോയ്ക്ക് 350 – 400 രൂപയാണ് ടർക്കിയുടെ വില. പാലാ മരങ്ങാട്ടുപിള്ളിയിലെ ടിജെടി ഫാമിൽ നിന്നുള്ള ഫ്രഷ് ടർക്കിയെ റോസ്റ്റാക്കുന്നത് മോളി ടോമിയും തെരേസ ചാർളിയുമാണ്.
ചേരുവകൾ
മാരിനേറ്റ് ചെയ്യുന്നതിനായി
1. ടർക്കി – 750 ഗ്രാം (കഷ്ണങ്ങളാക്കിയത്)
2. ഇഞ്ചി –വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
3. കുരുമുളകുപൊടി – 1 ടേബിൾ സ്പൂൺ
4. കശ്മീരി മുളകുപൊടി – 1/2 േടബിൾ സ്പൂൺ
5. നാരങ്ങ / വിനാഗിരി – 1 ടേബിൾ സ്പൂൺ
6. മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
7. ഉപ്പ് – പാകത്തിന്
ഇറച്ചി നന്നായി മാരിനേറ്റ് ചെയ്തതിനു ശേഷം 1 മണിക്കൂർ എങ്കിലും വയ്ക്കുക.
1. ഉള്ളി – 15–20 എണ്ണം
2. വറ്റൽ മുളക് – 2 എണ്ണം
3. കറിവേപ്പില – ആവശ്യത്തിന്
4. ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
5. കശ്മീരി മുളകുപൊടി – 1/2 ടീ സ്പൂൺ
6. കുരുമുളകുപൊടി – 1/2 ടീ സ്പൂൺ
7. മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
8. വറ്റൽ മുളകുപൊടി – 1/2 ടീ സ്പൂൺ
9. മല്ലിപ്പൊടി – 1/2 ടീ സ്പൂൺ
10. ഗരംമസാല – 1/2 ടീ സ്പൂൺ
11. ടൊമാറ്റോ കെച്ചപ്പ് – 2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
മാരിനേറ്റ് ചെയ്ത ടർക്കി ഇറച്ചി എണ്ണയിൽ വറുത്ത് എടുക്കുക. ഇറച്ചി വറുക്കാൻ എടുത്ത എണ്ണയിൽ നിന്നു 3–4 ടേബിൾ സ്പൂൺ എണ്ണയിലേക്ക് ഉള്ളി, വറ്റൽമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേർത്തു നന്നായി വഴറ്റുക. പാകത്തിന് ഉപ്പും ചേർക്കുക. നന്നായി വഴന്നതിനു ശേഷം മല്ലിപ്പൊടി, കശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്തു പച്ചമണം മാറുന്നതുവരെ വഴറ്റുക. ശേഷം ഗരംമസാല ചേർത്തു യോജിപ്പിക്കുക. വറ്റൽമുളകു പൊടിച്ചത് ഇതിലേക്കു ചേർത്തു നന്നായി ഇളക്കുക. 1/2 കപ്പ് ചൂട് വെള്ളം ചേർത്തു തിളച്ചശേഷം വറുത്ത ടർക്കി ഇതിലേക്ക് ഇട്ടു കൊടുക്കുക. കറി ഒരുവിധം വറ്റി വരുമ്പോൾ കറിവേപ്പില ചേർത്തു യോജിപ്പിച്ചു തീ ഓഫ് ചെയ്യാം. ചൂടോടെ വിളമ്പാം.
Content Summery : The turkey kondattam will be the perfect Easter dinner you can hope for!