ഇത് കൊള്ളാം! ബിരിയാണി അരി കൊണ്ട് സിൽക്ക് ദോശയോ?
Mail This Article
പലതരത്തിലുള്ള ദോശകൾ കേട്ടിട്ടുണ്ട്. അടുക്കളയിൽ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾക്കു ഇരയാകുന്നതും ദോശ തന്നെയാണ്. എങ്കിലിതാ ആ നിരയിലേക്ക് ഒരു സുന്ദര കുട്ടൻ ദോശ. സിൽക്ക് ദോശ എന്നും ടിഷ്യു പേപ്പർ ദോശയെന്നും പാലടയെന്നുമെല്ലാം ഈ സൂപ്പർ ദോശയെ വിളിക്കുന്നു. ഈസിയായി ഉണ്ടാക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ക് ഫാസ്റ്റ് ദോശയാണിത്.
പേരുപോലെ തന്നെ പട്ടു പോലത്തെ വിഭവമായതിനാൽ ഈ ദോശ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും. ഇതിന്റെ മറ്റൊരു പ്രത്യേക സാധാരണ ദോശകളിൽ നിന്ന് വ്യത്യസ്തമായി ബിരിയാണി അരി കൊണ്ടാണ് ഇതുണ്ടാക്കുന്നത്. എങ്ങനെയാണ് സിൽക്ക് ദോശ ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ചേരുവകൾ
∙കൈമ അരി - 1 കപ്പ്
∙തേങ്ങാപ്പാൽ - 1 കപ്പ്
∙മുട്ട - 2 എണ്ണം
∙കാരറ്റ് - ഒരെണ്ണം
∙മല്ലിയില്ല - ഒരു പിടി
∙ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം തന്നെ കൈമ അരി ഒരു നാലു മണിക്കൂർ കുതിർക്കാൻ വെള്ളത്തിലിടണം. നല്ലതുപോലെ കുതിർന്ന് കഴുകി വാരിയെടുത്ത അരിയിലേക്ക് 2 മുട്ടയും തേങ്ങാപ്പാലും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ദോശ ചുടാനുള്ള പാകത്തിന് വേണം മാവ് അരച്ചെടുക്കാൻ. അരച്ചെടുത്ത മാവിലേക്ക് ചെറുതായി അരിഞ്ഞ കാരറ്റും മല്ലിയിലയും ചേർത്ത് ആവശ്യത്തിന് ഉപ്പുമിട്ട് ചുട്ടെടുക്കാം. പാനിൽ മാവ് ഒഴിച്ചതിന് ശേഷം മുകളിൽ അൽപം നെയ്യ് കൂടി തൂവിയാൽ സംഭവം ഉഷാർ.
English Summary: silk dosa recipe