ഇത് ഇടിമുട്ട, കണ്ണൂർ സ്പെഷൽ ബർഗർ; എളുപ്പത്തിൽ ഇനി വീട്ടിൽ തയാറാക്കാം
Mail This Article
രുചിഭേദങ്ങളുടെ നാടെന്ന് വിളിക്കാം മലബാറിനെ. മലബാറിൽ നിന്നും പിറക്കുന്ന സ്നാക്സുകൾക്കും വിഭവങ്ങൾക്കും കയ്യും കണക്കുമില്ല. കണ്ണൂരുകാരുടെ ഒരു സ്പെഷൽ പലഹാരമാണ് ഇടിമുട്ട. ജാവ സിമ്പിളാണ് എന്നാൽ പവർ ഫുള്ളും എന്ന് പറയുന്നതുപോലെ, ഇടിമുട്ട വളരെ സിമ്പിളാണ് എന്നാൽ ടേസ്റ്റിന്റെ കാര്യത്തിൽ ഒട്ടും പുറകിൽ നിൽക്കില്ല. ഇടിമുട്ട രുചികരമായ ഒരു വിഭവം ആണെങ്കിലും ഈ ഇടിമുട്ട കൊണ്ട് ഉണ്ടാക്കാവുന്ന ഒരു ബർഗറിന്റെ റെസിപ്പിയാണ് പങ്കുവയ്ക്കുന്നത്.വളരെ എളുപ്പത്തിൽ വൈകുന്നേരം നാലുമണി പലഹാരമായി സ്കൂൾ വിട്ടുവരുന്ന കുഞ്ഞുമക്കൾക്ക് ഉണ്ടാക്കിക്കൊടുക്കാവുന്ന ഒരു സൂപ്പർ സ്നാക്സ്. ഇടിമുട്ട എന്ന പേര് കിട്ടിയത് മുട്ട ഇഡ്ഡലിത്തട്ടിൽ വച്ച് ഉണ്ടാക്കിയെടുക്കുന്ന ഒരു ഐറ്റം ആയതിനാലാണ്.
ചേരുവകൾ
∙മുട്ട
∙മുളകുപൊടി– ഒരു ടേബിൾ സ്പൂൺ
∙കുരുമുളകുപൊടി–ഒരു ടീ സ്പൂൺ
∙ഗരം മസാല പൊടി – 1/2 ടീസ്പൂൺ
∙മഞ്ഞൾ പൊടി– 1/4 ടീസ്പൂൺ
∙ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീ സ്പൂൺ
∙ഉപ്പ് – ആവശ്യത്തിന്
∙ബർഗറിനായി ആവശ്യമുള്ളത്
∙സവാള –വട്ടത്തിൽ അരിഞ്ഞത്
∙തക്കാളി –വട്ടത്തിൽ അരിഞ്ഞത്
∙മയണൈസ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
4 മുട്ട പൊട്ടിച്ച് ഇഡ്ഡലി തട്ടിൽ കലങ്ങാതെ ഒഴിച്ച് ഇഡ്ഡലി പോലെ 10 മിനിട്ട് ആവിയിൽ വേവിച്ചെടുക്കുക. മുട്ട ഒഴിക്കുന്നതിനു മുന്‍പ് ഇഡ്‍ഡലിത്തട്ടിൽ കുറച്ച് എണ്ണ പുരട്ടണം. അതു തണുത്ത ശേഷം തട്ടിൽ നിന്ന് ഇളക്കി എടുക്കുക. ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും
കുരുമുളകുപൊടിയും 1/2 ടീസ്പൂൺ ഗരം മസാല പൊടിയും 1/4 ടീസ്പൂൺ മഞ്ഞൾ പൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിനുള്ള ഉപ്പും കൂട്ടി ചേർത്ത് പേസ്റ്റ് രൂപത്തിൽ മസാല തയാറാക്കുക. ഈ മസാല വേവിച്ചെടുത്ത മുട്ടയിൽ നല്ലപോലെ പുരട്ടി കുറച്ചു നേരം വയ്ക്കണം. വെളിച്ചെണ്ണ ചൂടാക്കി മീൻ പൊരിക്കുന്ന പോലെ പൊരിച്ചെടുക്കുക. ഇടിമുട്ട സംഭവം റെഡി.
ബർഗറിനായി ആവശ്യമുള്ള വട്ടത്തിൽ അരിഞ്ഞ സവാളയും തക്കാളിയും എടുക്കാം. ഇനി ബർഗർ ബണ്ണ് എടുത്ത് നടുക്ക് മുറിച്ച് ആദ്യം കുറച്ച് മയോണൈസ് പുരട്ടണം. ഇടിമുട്ട അതിലേക്ക് വച്ചതിനു ശേഷം ഒരു മുറി സവോളയും ഒരു മുറി തക്കാളിയും വച്ച് അടച്ച് കഴിക്കാം. ചടപടേന്ന് രുചികരമായ ഒരു സിമ്പിൾ സ്നാക്സ് റെഡി.
English Summary: Idi Mutta kannur special Recipes