മുട്ട ചായയും ബിരിയാണി ടീയും; ഇതാണ് ആ സൂപ്പർ ചായക്കട
Mail This Article
ചായയിൽ വ്യത്യസ്തത തേടുന്നവർക്ക് പരീക്ഷിക്കാനായി ഇതാ വ്യത്യസ്ത മണത്തിലും രുചിയിലും പുതു ചായകൾ. ബിരിയാണി ചായയും രസഗുള ചായയുമൊക്കെയാണ് ഈ ചായക്കടയിലെ സൂപ്പർ താരങ്ങൾ. പുതിയ ചായകളുടെ മാസ്സ് എൻട്രി കണ്ട് സോഷ്യൽ ലോകവും കയ്യടിക്കുകയാണ്. എന്നും ഒരേ രുചിയിലുള്ള ചായയിൽ നിന്നും ഒന്ന് മാറ്റിപിടിക്കാം എന്നുള്ളത് മാത്രമല്ല, വലിയ വില നൽകുകയും വേണ്ട എന്നത് തന്നെയാണ് ഈ ചായകളുടെ സവിശേഷത. എല്ലാ പ്രായത്തിലുള്ളവരും ഈ ചായകളുടെ ആരാധകരാണെന്ന് കേൾക്കുമ്പോൾ മനസ്സിലാക്കാമല്ലോ ഈ പുതുരുചിയ്ക്ക് ലഭിച്ച സ്വീകാര്യത.
പശ്ചിമ ബംഗാളിലെ ബെൽഗാരിയയിലാണ് ആകാശ് ടീ ഷോപ്പ്. കൃത്യമായി പറഞ്ഞാൽ ബെൽഗാരിയ സ്റ്റേഷന്റെ നാലാമത് പ്ലാറ്റ്‌ഫോമിൽ ഏകദേശം 17 വർഷമായി ഈ കുഞ്ഞുകട ഇവിടെയുണ്ട്. മിൽക്ക് ചായ, ലിക്വർ ചായ, മസാല ചായ, തന്തൂരി ചായ, മലായ് ചായ തുടങ്ങി വിവിധ രുചികളിൽ ചായ വിളമ്പുന്നുണ്ട് ഇവിടെ. ഇതിൽ പലതും ഈ അടുത്ത കാലങ്ങളിൽ വന്നതാണെങ്കിലും മിൽക്ക് ചായയും ലിക്വർ ചായയും കട തുടങ്ങിയ കാലം മുതൽ തന്നെയുണ്ട്. പുതുരുചികൾ ചായയിൽ പരീക്ഷിക്കുകയും അത് വിജയിക്കുകയും ചെയ്തതോടെ ഇവിടുത്തെ ചായ കുടിക്കാൻ ധാരാളംപേർ ദിനവും എത്തുന്നുണ്ട്. മേല്പറഞ്ഞ ചായകൾ കൂടാതെ കുറച്ചധികം വ്യത്യസ്‍ത രുചികളിലുള്ള ചായകൾ കൂടി ഇവിടെ ലഭിക്കും. മുട്ട ചായ, പച്ചമുളക് ചായ, രസഗുള ചായ, ചോക്ലേറ്റ് ചായ, കോൾഡ് കോഫി, ഹോട് കോഫി, ബിരിയാണി ചായ എന്നിവയാണിവ. വിവിധ മണവും രുചിയുമുള്ള ഇത്രയും ചായയും കാപ്പിയും കുടിക്കാൻ അഞ്ച് രൂപ മുതൽ 60 രൂപ വരെയാണ് ഈടാക്കുന്നത്. മേല്പറഞ്ഞ ചായകളിൽ രസഗുള ചായ എല്ലാ ദിവസവും ലഭിക്കുകയില്ല. വർഷത്തിൽ ഒരു ദിവസം മാത്രമാണ് ആ ചായ കടയിൽ ഉണ്ടാകുക. ആ ദിവസം ഏതാണെന്നല്ലേ...? വാലെന്റൈൻസ് ഡേ. മറ്റുള്ള എല്ലാ ചായകളും എല്ലാ ദിവസവും ലഭ്യമാണ്.
മുട്ട ചേർത്ത ചായയെ കുറിച്ച് കേട്ടപ്പോഴേ ചിലരെങ്കിലും 'അയ്യേ' എന്നു പറഞ്ഞു കാണും. അതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് കൂടി കേട്ടോളൂ. പച്ചമുട്ട, നല്ല ചൂടുള്ള പാൽ ചായയിൽ അടിച്ചു ചേർക്കും. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ മുട്ടയും പാലും തമ്മിൽ വേർതിരിച്ചു അറിയാൻ കഴിയാത്ത വിധം ചേർന്ന് പോകുമെന്നാണ് പറയുന്നത്. രാവിലെ 7 മണി മുതൽ രാത്രി 11 വരെ ഈ ടീ ഷോപ്പിൽ നിന്നും വിവിധ തരത്തിലും രുചിയിലുമുള്ള ചായകൾ ലഭിക്കും.
English Summary: biryani tea to rosgolla tea this shop in west bengal