ഇൗ തോരൻ കഴിച്ചിട്ടുണ്ടോ? പോഷകങ്ങളാൽ സമൃദ്ധമാണ് ഇൗ വിഭവം
Mail This Article
കുമ്പളങ്ങ നമ്മുടെ അടുക്കളയിലെ ഏറ്റവും വിലകുറഞ്ഞതും എന്നാൽ ഏറ്റവുമധികം പോഷകഗുണമുള്ളതുമായ ഒരു പച്ചക്കറിയാണ്. കുമ്പളങ്ങ കൊണ്ട് അങ്ങനെ ഒത്തിരി പരീക്ഷണങ്ങളൊന്നും ആരും നടത്താറില്ല. മോരുകാച്ചാനും തേങ്ങയരച്ചുവയ്ക്കാനും ഉണ്ടാക്കാനുമെല്ലാം കുമ്പളങ്ങ മുന്നിൽ തന്നെയുണ്ടാകും. ജലാംശം, നാരുകൾ, മറ്റു ഗുണം ചെയ്യുന്ന പോഷകങ്ങളാൽ എന്നിവയാൽ സമൃദ്ധമാണ് കുമ്പളങ്ങ.
രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും കാഴ്ച ശക്തി വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. കൂടാതെ ദഹനത്തിനും ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കാനും ഹൃദയത്തെ സംരക്ഷിക്കുവാനും സഹായിക്കുന്ന ഒരു പച്ചക്കറിയാണിത്. ശരീരഭാരം കുറയ്ക്കാൻ മികച്ച ഒന്നാണ് കുമ്പളങ്ങ ജ്യൂസ്. കുമ്പളങ്ങയിൽ ധാരാളം ഫൈബറുണ്ട്. അതുപോലെ കാലറി വളരെ കുറവുമാണ്.എങ്കിൽ കുമ്പളങ്ങ കൊണ്ട് വളരെ പെട്ടെന്ന് പാകം ചെയ്യാൻ പറ്റുന്ന തോരന്റെ റസിപ്പിയാണ് ഇന്നിവിടെ പറയുന്നത്. കുമ്പളങ്ങ കലങ്ങിപ്പോകാതെ അടിപൊളിയൊരു കുമ്പളങ്ങ തോരൻ ഉണ്ടാക്കാം.
ആവശ്യമുള്ള ചേരുവകൾ
∙കുമ്പളങ്ങ - 500 ഗ്രാം
∙മുളക്, കടുക്, കറിവേപ്പില - ആവശ്യത്തിന്
∙മഞ്ഞള്‍പ്പൊടി - പാകത്തിന്
∙തേങ്ങ - ഒരു മുറി
∙ചെറിയ ഉള്ളി - 7 അല്ലി
∙ജീരകം - ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം
കുമ്പളങ്ങ ചെറിയ കഷണങ്ങളാക്കുക. മുളകും കടുകും കറിവേപ്പിലയും ഇട്ട് വറുത്തതില്‍ കുമ്പളങ്ങാ കഷണങ്ങള്‍ ഇട്ട് വേവിക്കുക. മഞ്ഞളപ്പൊടി, തേങ്ങചിരകിയത്, ചെറിയ ഉള്ളി, ജീരകം എന്നിവ ഒരുമിച്ചരച്ച ശേഷം വെന്ത കുമ്പളങ്ങ കഷണങ്ങളില്‍ ചേര്‍ത്ത് വീണ്ടും ചൂടാക്കുക.തേങ്ങയും മറ്റും അധികം അരയ്ക്കേണ്ട ആവശ്യമില്ല ചെറുതായൊന്ന് ഒതുക്കിയാൽ മതി. മിശ്രിതത്തിലുള്ള വെള്ളം പൂർണമായി വറ്റുന്നതുവരെ പാൻ തുറന്നു വേവിക്കുക. തീ ഓഫ് ചെയ്തതിനു ശേഷം വെളിച്ചെണ്ണ ഒഴിച്ച് 5 മിനിറ്റ് മൂടി വയ്ക്കുക. സ്വാദിഷ്ടമായ കുമ്പളങ്ങ തോരൻ തയാർ. ചൂടോടെ വിളമ്പാം.
English Summary: kumbalanga special recipe