ഇതാണ് മീൻ രുചി; ഉണക്കമാങ്ങയിട്ട പള്ളത്തിപ്പീര കഴിച്ചിട്ടുണ്ടോ?
Mail This Article
ചെറിയമീനുകളിൽ ഏറ്റവും പ്രിയമേറിയതും കരിമീനോട് സാദൃശ്യമുള്ള ഒരു ചെറിയ ശുദ്ധജലമത്സ്യവുമാണ് പള്ളത്തി. വെട്ടി കഴുകിയെടുക്കാൻ പ്രയാസമാണെങ്കിലും നല്ല രുചിയേറിയതാണ്. എപ്പോഴും ഈ മീൻ കിട്ടണമെന്നുമില്ല. പള്ളത്തി വറുത്തും തേങ്ങ ചേർത്ത് പറ്റിച്ചുമൊക്കെ എടുക്കാറുണ്ട്. വറുത്തു കോരിയാൽ കറുമുറെയെന്ന് കഴിക്കുകയുമാവാം. ഉണക്കമാങ്ങയിട്ട പള്ളത്തി പീര എങ്ങനെ തയാറാക്കുമെന്നു നോക്കാം. ഫൂഡ് ഫനാറ്റിക് മീ (food_fanatic_me) എന്ന ഇൻസ്റ്റഗ്രാമിലാണ് പള്ളത്തി പീരയുടെ റെസിപ്പി പങ്കിട്ടിരിക്കുന്നത്.
പള്ളത്തിയുടെ തലയും വാലും അരികുമൊക്കെ വെട്ടി കല്ലുപ്പ് ഇട്ട് നന്നായി കഴുകിയെടുക്കാം. കല്ലേൽ തേച്ചെടുത്താലും അഴുക്ക് പോകും.
ഒരുമുറി തേങ്ങയും ചെറിയ കഷ്ണം ഇഞ്ചി വെളുത്തുള്ളി ചതച്ചതും ആവശ്യത്തിനുള്ള പച്ചമുളകും കശ്മീരി മുളക് പൊടിയും കാൽ ടീസ്പൂൺ മഞ്ഞപൊടിയും ആവശ്യമായ ഉപ്പും ചേർത്ത് ചതച്ചെടുക്കാം.
അരഞ്ഞ് പോകരുത്. മിക്സിയിൽ ചതച്ചെടുക്കാതെ ഇൗ കൂട്ടുകൾ യോജിപ്പിച്ചാലും മതി. ഇൗ കൂട്ടിലേക്ക് ആവശ്യമായ ഉണക്കമാങ്ങയും വൃത്തിയാക്കിയ പള്ളത്തി മീനും കറിവേപ്പിലയും ചേർക്കണം. മീൻ വേവാനായി ഇത്തിരി വെള്ളവും ചേർത്ത് കുറഞ്ഞ തീയിൽ വയ്ക്കാം. മീൻ വെന്ത് വരുമ്പോൾ ഇത്തിരി വെളിച്ചെണ്ണയും ചേർത്ത് കൊടുക്കണം. നല്ല രൂചിയൂറും ഉണക്കമാങ്ങയിട്ട പള്ളത്തി ചുരുങ്ങിയ സമയം കൊണ്ട് റെഡിയാക്കാം.
English Summary: Pallathi Kerala Style Meen Peera