ADVERTISEMENT

മധുരം ഇഷ്ടമുള്ള ആളാണോ നിങ്ങള്‍? എങ്കില്‍ മണിപ്പൂരില്‍ നിന്നുള്ള ഈ രസികന്‍ പായസം തീര്‍ച്ചയായും നിങ്ങള്‍ക്കിഷ്ടപ്പെടും. ബ്ലാക്ക് റൈസ് പുഡ്ഡിംഗ് എന്നും അറിയപ്പെടുന്ന ചക്-ഹാവോ ഖീർ തീര്‍ച്ചയായും പരീക്ഷിക്കേണ്ട ഒരു വിഭവം തന്നെയാണ്.

മണിപ്പൂരില്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന ചക്-ഹാവോ എന്ന കറുത്ത നിറമുള്ള അരിയാണ് ഈ പായസത്തില്‍ ഉപയോഗിക്കുന്നത്. അതീവ പോഷകഗുണമുള്ള ഈ അരി അത്യപൂര്‍വ്വ ഇനങ്ങളില്‍പ്പെട്ടതുമാണ്. ആന്റിഓക്‌സിഡന്റുടെയും വിറ്റാമിനുകളുടെയും മറ്റും സാന്നിധ്യം ഇതിന്‍റെ ആരോഗ്യഗുണങ്ങളില്‍പ്പെടുന്നു. പ്രകൃതിദത്ത പിഗ്മെന്റായ ആന്തോസയാനിൻ ആണ് അരിക്ക് കറുപ്പ് നിറം നല്‍കുന്നത്.

പാകം ചെയ്യുമ്പോള്‍ അരിയുടെ നിറം മാറുന്നതാണ് മറ്റൊരു അദ്ഭുതകരമായ സവിശേഷത. അരി പാലില്‍ ഇട്ടു വേവിച്ചാണ് ചക്-ഹാവോ ഖീർ തയാറാക്കുന്നത്. വെന്തുവരുമ്പോഴേക്കും പായസം ഇരുണ്ട പര്‍പ്പിള്‍ നിറത്തിലേക്ക് മാറുന്നു. മണിപ്പൂരിന്‍റെ സംസ്കാരത്തിലും ആഘോഷപരിപാടികളിലും ഈ പായസത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. ഉത്സവ അവസരങ്ങളില്‍ ഇത് എല്ലാ വീടുകളിലും തയ്യാറാക്കുന്നു. സമൃദ്ധിയുടെയും ഭാഗ്യത്തിന്‍റെയും പ്രതീകമായി കണക്കാക്കപ്പെടുന്ന ചക്-ഹാവോ ഖീർ അതിഥികൾക്കും പ്രിയപ്പെട്ടവർക്കുമെല്ലാം മണിപ്പൂരുകാര്‍ ഉണ്ടാക്കി നല്‍കുന്നു. ചക്-ഹാവോ ഖീർ വീട്ടില്‍ ഉണ്ടാക്കാം

ചേരുവകൾ

 

1 കപ്പ് ചക്-ഹാവോ അരി(കറുത്ത അരി)

4 കപ്പ് പാൽ

1/2 കപ്പ് പഞ്ചസാര 

1/4 ടീസ്പൂൺ ഏലക്ക പൊടി 

ഒരു നുള്ള് കുങ്കുമപ്പൂവ്

അലങ്കാരത്തിനായി കുറച്ച് നട്സ് 

 

ഉണ്ടാക്കുന്ന വിധം

 

ചാക്-ഹാവോ അരി ഒഴുകുന്ന വെള്ളത്തിനടിയിൽ വെച്ച് നന്നായി കഴുകുക, ഏകദേശം 30 മിനിറ്റ് വെള്ളത്തിൽ മുക്കിവച്ച ശേഷം, നന്നായി ഊറ്റിക്കളയുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ, കുതിർത്ത അരിയും 2 കപ്പ് വെള്ളവും ചേർക്കുക. ഇടത്തരം ചൂടിൽ തിളപ്പിക്കുക.

വെള്ളം തിളച്ചു തുടങ്ങിയാൽ, തീ ചെറുതാക്കി പാൻ മൂടുക. അരി മൃദുവാകുന്നതുവരെ വേവിക്കുക. മറ്റൊരു സോസ്പാനില്‍, പാൽ ഇടത്തരം ചൂടിൽ പാല്‍ തിളപ്പിക്കുക. അടിയിൽ പറ്റിപ്പിടിക്കാതിരിക്കാൻ ഇടയ്ക്കിടെ ഇളക്കുക. അരി വെന്തു കഴിഞ്ഞാൽ തിളച്ചു വരുന്ന പാലിൽ ചേർത്ത് നന്നായി ഇളക്കുക. തീ കുറച്ചു വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിലേക്ക് പഞ്ചസാര ചേർത്ത്, പായസം ക്രീമി ആകുന്നതുവരെ ഇളക്കുക. 

ശേഷം പായസത്തിലേക്ക് ഏലക്കാപ്പൊടിയും കുങ്കുമപ്പൂവും ചേർക്കുക. തീയിൽ നിന്ന് ഇറക്കിവെച്ച് നന്നായി തണുക്കാന്‍ വിടുക. തണുത്തു കഴിഞ്ഞാൽ, പായസം സെർവിംഗ് ബൗളുകളിലേക്ക് മാറ്റി  ഇഷ്ടമുള്ള നട്സ് മുകളില്‍ വിതറി അലങ്കരിക്കുക.

English Summary: Manipuri Chak-hao Kheer Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com