ADVERTISEMENT

ഒാണക്കാലമായതോടെ ഏത്തയ്ക്ക ചിപ്സും ശർക്കര വരട്ടിയുമൊക്കെ തകൃതിയായി ഉണ്ടാക്കുന്ന സമയമാണിപ്പോൾ. മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ ശർക്കര വരട്ടി വളരെ സിംപിളായി വീട്ടിൽ ഉണ്ടാക്കാം. പാളിപോകുമോ എന്ന ചിന്ത വേണ്ട. എപ്പോഴും കടകളിൽ നിന്നും വാങ്ങുന്നതിനേക്കാൾ നല്ലത് വീടുകളിൽ തയാറാക്കുന്നതാണ്. ശുദ്ധമായ എണ്ണ ചേർത്ത് നമുക്ക് തന്നെ വറുത്തെടുക്കാം. എങ്ങനെ എളുപ്പത്തിൽ ശർക്കര വരട്ടി ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമുള്ള ഏത്തയ്ക്ക തൊലി പൊളിച്ച് വെള്ളത്തിലിട്ട് വയ്ക്കാം. കഞ്ഞിവെള്ളത്തിലാണെങ്കിൽ കായയുടെ കറ പോകാൻ വളരെ എളുപ്പമാണ്. 15 മിനിറ്റെങ്കിലും വെള്ളത്തിൽ ഇട്ട്‍‍ വയ്ക്കാം. ശേഷം കായയുടെ നെടുകെ മുറിക്കണം. ഏത്തയ്ക്ക ചിപ്സിന് മുറിക്കുന്ന പോലെ കനം കുറച്ച് ശർക്കര വരട്ടിയ്ക്ക് മുറിക്കരുത്. ഇത്തിരി കട്ടിയ്ക്ക് മുറിക്കണം. എല്ലാം കഷ്ണങ്ങളും ഒരേ വലുപ്പത്തിൽ മുറിച്ചെടുക്കണം. അല്ലെങ്കിൽ എണ്ണയിൽ വേവുമ്പോൾ ചിലത് മൂക്കാതെയിരിക്കും. എത്രയാണോ കായ എടുത്തത് അതിനനുസരിച്ച് ശർക്കര പൊടിച്ച് ഇത്തിരി വെള്ളം ചേർത്ത് ഉരുക്കാൻ വയ്ക്കണം. നന്നായി ഉരുക്കിയെടുത്ത ശർക്കര പാനി അരിപ്പയിൽ അരിച്ച് മാറ്റിവയ്ക്കാം. (നാലു പച്ചക്കായ എങ്കിൽ മുക്കാൽ കപ്പ് ശർക്കര എടുക്കാം.)

ചുവടുരുണ്ട പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ അരിഞ്ഞെടുത്ത കായ ഇട്ട് വറുത്തെടുക്കാം. കുറഞ്ഞ തീയിൽ വേണം വേവിക്കാന്‍. ഇടയ്ക്ക് ഇളക്കി കൊടുക്കണം. കായ കഷ്ണങ്ങൾ ഇളക്കുമ്പോൾ നല്ല ക്രിസ്പിയായ ശബ്ദം വന്നാൽ തീ കൂട്ടി വച്ച് അതിലേക്ക് ഇത്തിരി പച്ചവെള്ളം തളിക്കണം. ചൂടു വെളിച്ചെണ്ണയിലേക്ക് പച്ചവള്ളം ഒഴിക്കുമ്പോൾ പൊട്ടുന്നപോലെ ഉണ്ടാകും, ഇടയ്ക്ക് വേവാതെ കിടക്കുന്ന കായ കഷ്ണങ്ങൾ വെന്തു ക്രിസ്പിയാകാനാണ് ഇങ്ങനെ ചെയ്യുന്നത്. വറുത്ത ഉപ്പേരി എണ്ണയിൽ നിന്ന് കോരി മാറ്റിവയ്ക്കാം. 

 

ശർക്കര പാനിയിലേക്ക് 2 സ്പൂൺ പഞ്ചസാര കൂടി ചേർത്ത് ചെറിയ തീയിൽ ഒന്നൂടി ഉരുക്കിയെടുക്കാം. ഒരു നൂൽ പരുവം ആകുന്നിടം വരെ വേണം. ശേഷം തീ അണയ്ക്കാം. അതിലേക്ക് ആവശ്യത്തിന് ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ചേര്‍ക്കാം. ഏകദേശം തണുത്ത കായ കഷ്ണങ്ങളും ചോർത്ത് നന്നായി ഇളക്കണം. ശർക്കര പാനി തണുക്കുന്നതനുസരിച്ചാണ് ഏത്തയ്ക്ക ഉപ്പേരിയിലേക്ക് ശർക്കര പിടിച്ചിരിക്കുന്നത്. നന്നായി ഇളക്കി കൊടുക്കണം. ഇളക്കുന്നതു കൊണ്ട് ഒട്ടിപിടിക്കാതെ ക്രിസ്പിയായി ശർക്കര വരട്ടി എടുക്കാം. വേണമെങ്കില്‍ ഒരു സ്പൂൺ അരിപ്പൊടി ചേർത്തുകൂടി ഇളക്കാം. നല്ലതായി ശർക്കര പിടിച്ച് അടിപൊളി സ്വാദിൽ ശർക്കര വരട്ടി ഇൗസിയായി തയാറാക്കാം.

English Summary: Easy Sharkara Varatti

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com