അര ഗ്ലാസ് ഉഴുന്ന് മതി, അഞ്ചു ലിറ്ററിലേറെ മാവുണ്ടാക്കാം; പൂ പോലുള്ള ഇഡ്ഡലിയും കിട്ടും!
Mail This Article
ഇഡ്ഡലി കല്ലു പോലിരിക്കുന്നു, ദോശ ആവശ്യത്തിനു മൊരിഞ്ഞില്ല എന്നൊക്കെയുള്ള പരാതികള്‍ സ്ഥിരം കേള്‍ക്കാറുണ്ടോ? എന്നാല്‍ ഇനി അങ്ങനെയൊരു വിഷമം വേണ്ട! വെറും അര ഗ്ലാസ് ഉഴുന്ന് മാത്രം ഉപയോഗിച്ച് പൂ പോലെ മൃദുവായ ഇഡ്ഡലിയും മൊരിഞ്ഞ ദോശയുമെല്ലാം ഉണ്ടാക്കുന്നത് എങ്ങനെയെന്നു പറഞ്ഞുതരാം.
ചേരുവകൾ
പച്ചരി - 3 ഗ്ലാസ്
ഉഴുന്ന് - അര ഗ്ലാസ്
ഉലുവ - ഒരു ടേബിള്‍സ്പൂണ്‍
നല്ലെണ്ണ - ഒരു ടീസ്പൂണ്‍
ചോറ്/അവില്‍/സാബുദാന - അര ഗ്ലാസ്
പാകം ചെയ്യുന്ന വിധം
പച്ചരിയും ഉഴുന്നും നന്നായി കഴുകിയ ശേഷം, വെവ്വേറെ പാത്രങ്ങളിലാക്കി, അഞ്ചു മണിക്കൂര്‍ ഫ്രിജിനുള്ളില്‍ കുതിരാന്‍ വയ്ക്കുക. ഇങ്ങനെ ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍, ഇത് അരയ്ക്കാനായി മിക്സിയില്‍ ഇടുന്ന സമയത്ത് മിക്സി ചൂടാകില്ല, ഇതാണ് ആദ്യത്തെ സൂത്രപ്പണി. ഉഴുന്ന് കുതിര്‍ത്ത അതേ വെള്ളത്തിലാണ് ഉഴുന്നും പച്ചരിയും അരച്ചെടുക്കുന്നത്. ആദ്യം തന്നെ ഉഴുന്ന് മാത്രം നന്നായി അരച്ചെടുക്കുക. ഈ ഉഴുന്നിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ നല്ലെണ്ണ ചേര്‍ക്കുക. വീണ്ടും മിക്സിയില്‍ ഇട്ട് നന്നായി അടിക്കുക. ഇതാണ് രണ്ടാമത്തെ ടിപ്പ്. ഒരു ഗ്ലാസില്‍ കുറച്ചു വെള്ളം എടുത്ത് രണ്ടുതുള്ളി ഉഴുന്ന് മാവ് ഇതിലേക്ക് ഒഴിച്ച്നോക്കുക. ഇത് പൊങ്ങി കിടക്കുന്നുണ്ടെങ്കില്‍ ഉഴുന്ന് നല്ല സോഫ്റ്റ് ആയി എന്നാണു അര്‍ഥം. ഈ അരച്ച ഉഴുന്ന് ഒരു പാത്രത്തിലേക്ക് മാറ്റുക. ഉഴുന്ന് കുതിര്‍ത്ത വെള്ളത്തില്‍ തന്നെ പച്ചരിയും നന്നായി അരച്ചെടുക്കുക. ഇതിലേക്ക് അര ഗ്ലാസ് അവിലോ ചോറോ ചേര്‍ത്ത് വീടും അടിച്ചെടുക്കുക. തുടര്‍ന്ന്, രണ്ടു മാവുകളും കൂടി ഒരു പാത്രത്തിലേക്കാക്കി, ഒരു ചപ്പാത്തിക്കോല്‍ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക. മൂന്നാമത്തെ ടിപ്പ് ഇതാണ്. ഇങ്ങനെ കിട്ടിയ മാവ്, ഒരു രാത്രി മുഴുവന്‍ പുറത്ത് തന്നെ വയ്ക്കുക.പിറ്റേ ദിവസം രാവിലെ എടുക്കുമ്പോള്‍ ഏകദേശം അഞ്ചു ലിറ്ററോളം മാവ് ഉണ്ടായതായി കാണാം. ഇത് ആവശ്യാനുസരണം എടുത്ത് രുചികരമായ ഇഡ്ഡലിയോ ദോശയോ ഉണ്ടാക്കാം.
English Summary: Soft Idli Batter With Tips And Tricks