ഓണരുചി
Mail This Article
വിഭവസമൃദ്ധമായ സദ്യയും മധുരമൂറുന്ന പായസവുമൊക്കെയായി ഓണം ആഘോഷമാക്കണം. സദ്യയിലെ ഓരോ കറിയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം ഓണസദ്യയുടെ പാചകത്തിലും വിളമ്പലിലും പലതരത്തിലുമുള്ള വ്യത്യാസങ്ങളുമുണ്ട്. ഇരുപത്തിയാറിലധികം വിഭവങ്ങള്‍ ചേരുന്നതാണ് പരമ്പരാഗതമായ ഓണസദ്യ. ഇത്തവണത്തെ ഓണത്തിന് മാറ്റുകൂട്ടാനായി ചേന കായ എരിശ്ശേരിയും അച്ചിങ്ങ ഉലർത്തും കാരമൽ പായസവുമെക്കെ തയാറാക്കാം. എങ്ങനെയെന്ന് നോക്കാം.
ചേന കായ എരിശ്ശേരി
1.ചേന – രണ്ടു കപ്പ്
കായ – രണ്ടു കപ്പ്
2.തേങ്ങ ചിരകിയത് – രണ്ടു കപ്പ്
ജീരകം – അൽപം
പച്ചമുളക്– നാല്
വെളുത്തുള്ളി – നാലഞ്ച് അല്ലി
മഞ്ഞൾപ്പൊടി – ഒന്നു–രണ്ടു ചെറിയ സ്പൂൺ
3.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ
4.കടുക് – അര ചെറിയ സ്പൂൺ
ചുവന്നുള്ളി – ഏഴ്, അരിഞ്ഞത്
വറ്റൽമുളക് – മൂന്ന്
കറിവേപ്പില – ഒരു തണ്ട്
തേങ്ങ ചിരകിയത് – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ നികക്കെ വെള്ളം ഒഴിച്ച് പ്രഷർ കുക്കറിൽ വേവിക്കുക. രണ്ടു വിസിൽ വന്ന ശേഷം ചെറുതീയിലാക്കി 20 മിനിറ്റു വേവിക്കുക.
∙അടുപ്പിൽ നിന്നു വാങ്ങി ആവി പോയ ശേഷം കുക്കർ തുറന്ന് രണ്ടാമത്തെ ചേരുവ ചതച്ചെടുത്തതും പാകത്തിനുപ്പും ചേർത്തിളക്കി യോജിപ്പിക്കുക.
∙ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തിളക്കി വിളമ്പാം.
അച്ചിങ്ങ ഉലർത്ത്
1. അച്ചിങ്ങ - 250 ഗ്രാം, ഒരിഞ്ചു നീളത്തിൽ മുറിച്ചത്
സവാള - ഒരു ഇടത്തരം, കനം കുറച്ചരിഞ്ഞത്
പച്ചമുളക് - നാല്, ചരിച്ചു മുറിച്ചത്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ/എണ്ണ - ഒരു വലിയ സ്പൂൺ
മീറ്റ് മസാലപ്പൊടി - ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ
2. എണ്ണ - അൽപം
3. തേങ്ങ കനം കുറച്ച് ഒരിഞ്ചു നീളത്തിൽ അരിഞ്ഞത് -
കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ പരന്ന പാനിലാക്കി വെള്ളം തളിച്ച് അടച്ചു വച്ചു ചെറുതീയിൽ വേവിക്കുക.
∙ അച്ചിങ്ങ വെന്ത ശേഷം പാൻ തുറന്നു നന്നായി ഉലർത്തുക.
∙ എണ്ണ ചൂടാക്കി തേങ്ങാക്കൊത്തു ചേർത്തു ബ്രൗൺ നിറത്തിൽ വറുത്തുകോരി അച്ചിങ്ങാക്കൂട്ടിൽ ചേർത്തു നന്നായി ഉലർത്തിയെടുക്കാം.
കാരമൽ സേമിയ പായസം
1. പഞ്ചസാര - ഒരു കപ്പ്
2. വെള്ളം - അരക്കപ്പ്
3. നെയ്യ് - അര ചെറിയ സ്പൂൺ
4. സേമിയ - 100 ഗ്രാം
5. പാൽ - മൂന്നു കപ്പ്
െവള്ളം - ഒന്നരക്കപ്പ്
6. കണ്ടൻസ്ഡ് മിൽക്ക് - ഒരു ടിൻ
7. നെയ്യ് - ഒരു വലിയ സ്പൂൺ
8. കശുവണ്ടിപ്പരിപ്പ് - 25 ഗ്രാം
9.ഉണക്കമുന്തിരി - 25 ഗ്രാം
10. ഏലയ്ക്ക - ഏഴ്, പൊടിച്ചത്
പാകം ചെയ്യുന്ന വിധം
∙ ഒരു പാനിൽ പഞ്ചസാര ചേർത്തു ചെറുതീയിൽ വച്ചു നല്ല ബ്രൗൺ നിറമാകുമ്പോൾ വെള്ളം ഒഴിച്ചു തിളപ്പിച്ചു കാരമൽ തയാറാക്കി വയ്ക്കണം.
∙ ഉരുളിയിൽ നെയ്യ് ചൂടാക്കി സേമിയ ചേർത്തു ബ്രൗൺ നിറത്തിൽ വറുക്കുക.
∙ ഇതിലേക്കു പാലും വെള്ളവും ചേർത്തു ചെറുതീയിൽ വച്ചു വേവിക്കണം.
∙സേമിയ വെന്ത ശേഷം കണ്ടൻസ്ഡ് മിൽക്കും ചേർത്തിളക്കണം. ഇതിലേക്കു തയാറാക്കി വച്ചിരിക്കുന്ന കാരമൽ ചേർത്തിളക്കി തിളയ്ക്കുമ്പോൾ അടുപ്പിൽ നിന്നു വാങ്ങുക.
∙ നെയ്യിൽ വറുത്ത കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും മുകളിൽ ഒഴിക്കുക. ഏലയ്ക്കാപ്പൊടി വിതറി വാങ്ങാം.
English Summary: Onam Sadhya Recipes