അരി അരച്ച ഉടൻ പഞ്ഞിപോലുള്ള നെയ്യപ്പം ഉണ്ടാക്കാം; ബേക്കിങ് സോഡയും യീസ്റ്റും വേണ്ട
Mail This Article
തേങ്ങാകൊത്തു ചേർത്ത് എണ്ണയിൽ മൊരിച്ചെടുത്ത നെയ്യപ്പം കഴിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. നല്ല പഞ്ഞി പോലെ മൃദുവെങ്കിൽ പറയുകയും വേണ്ട. കുട്ടികൾ സ്കൂൾ വിട്ട് വരുമ്പോൾ നാലുമണി പലഹാരമായും കൊടുക്കാം. ഞൊടിയിടയിൽ ഇൻസ്റ്റന്റ് നെയ്യപ്പം വീട്ടിൽ തന്നെ തയാറാക്കാവുന്നതാണ്. ബേക്കിങ് സോഡയോ യീസ്റ്റോ ചേർക്കേണ്ട. മാവ് അരച്ച് പൊങ്ങാനും വയ്ക്കാതെ ഉടനെ തന്നെ നല്ല സോഫ്റ്റ് നെയ്യപ്പം ചുട്ടെടുക്കാം. ഇനി ഇങ്ങനെ ചെയ്യാം.
പച്ചരി കഴുകി വൃത്തിയാക്കിയത് 2 മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുക്കാം. വെള്ളം ഉൗറ്റിയ അരിയിലേക്ക് പച്ചരി എത്രയാണോ എടുത്തത് അതേ അളവിൽ ചോറും ചേർക്കണം. കൂടാതെ അഞ്ച് ഏലക്കായയും കാൽ ടീസ്പൂൺ ഉപ്പും ചേര്‍ക്കാം. പിന്നീട് 1 കപ്പ് ശർക്കരയിലേക്ക് കാല്‍ കപ്പ് വെള്ളം ചേർത്ത് ഉരുക്കിയെടുക്കണം. ശർക്കര പാനി തണുത്തതിനു ശേഷം മിക്സിയുടെ ജാറിലേക്ക് അരിയുടെ മിശ്രതിവും ശർക്കര പാനിയും ചേർത്ത് നന്നായി അരയ്ക്കണം.
അരച്ചെടുത്ത മാവിലേക്ക് 1 ടീസ്പൂൺ നെയ്യും അതേ അളവിൽ എള്ളും തേങ്ങാകൊത്തും ചേർത്ത് നന്നായി യോജിപ്പിക്കണം. ശേഷം ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തവി കൊണ്ട് മാവ് കോരി ഒഴിക്കാം. തിരിച്ചു മറച്ചും ഇട്ട് വേവിക്കണം. നല്ല മയമുള്ള നെയ്യപ്പം റെഡി. മാവ് അരച്ചുടൻ തന്നെ ഉണ്ടാക്കാവുന്നതാണ്. ബേക്കിങ് സോഡയും മൈദയും ഒന്നും ചേർക്കേണ്ടതില്ല.
English Summary: Kerala Style Neyyappam Recipe