ADVERTISEMENT

അങ്ങേയറ്റം പോഷകസമൃദ്ധമായ ഭക്ഷണമാണെങ്കിലും, മീന്‍ പാചകം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വൃത്തിയാക്കുന്നത് മുതല്‍ തുടങ്ങി ശരിയായ രുചി ലഭിക്കുന്ന രീതിയില്‍ പാചകം ചെയ്യുന്നത് വരെ നല്ല ശ്രദ്ധ വേണം. വീട്ടില്‍ മീന്‍ വിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കൂ

 

മീന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക

ശരിയായ മീന്‍ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ആദ്യത്തെ കടമ്പ. ചീഞ്ഞ മീന്‍ കണ്ടാല്‍ മനസ്സിലാക്കാന്‍ ചില എളുപ്പവഴികളുണ്ട്. ആദ്യത്തേത്, ദുര്‍ഗന്ധം തന്നെ. മീനിന്‍റെ ഉളുമ്പു മണം കൂടാതെ ചീഞ്ഞ മണം വരുന്നുണ്ടോ എന്ന് പരിശോധിക്കുക. മീനിന്‍റെ ദേഹത്ത് വിരല്‍ കൊണ്ട് അമര്‍ത്തി നോക്കുന്നതാണ് മറ്റൊരു വഴി. അമര്‍ത്തുമ്പോള്‍ കുഴിഞ്ഞു പോകുന്ന ശരീരഭാഗം, പെട്ടെന്ന് പഴയപടി ആകുന്നില്ലെങ്കില്‍ പഴകിയ മീനാണ് എന്നാണര്‍ത്ഥം. മീനിന്‍റെ കണ്ണുകള്‍ നല്ല തെളിഞ്ഞതും ചെകിളപ്പൂക്കളുടെ ഭാഗത്ത് ചുവപ്പ് കലർന്ന പിങ്ക് നിറവും ആയിരിക്കണം.

 

ശരിയായി സൂക്ഷിക്കുക

പുറത്തുവച്ചാല്‍ മറ്റേതൊരു മാംസവും പോലെ മീനും വേഗത്തില്‍ കേടാകും. അതിനാല്‍ ഇത് വൃത്തിയാക്കിയ ശേഷം, ഒരു സിപ്ലോക്ക് ബാഗിലേക്കോ ടൈറ്റ് കണ്ടയ്നറിലേക്കോ മാറ്റി ഫ്രീസറില്‍ സൂക്ഷിക്കുക. 

 

മാരിനേറ്റ് ചെയ്യുമ്പോള്‍

മീനിന്‍റെ മാംസം വളരെ മൃദുവാണ്. അതിനാല്‍ വളരെയേറെ നേരം ഇത് മാരിനേറ്റ് ചെയ്യുന്നത് നല്ലതല്ല. അടരുകള്‍ ഉള്ള മീനുകള്‍ 30 മിനിറ്റിൽ കൂടുതൽ മാരിനേറ്റ് ചെയ്യാൻ പാടില്ല. മത്തി, പൂമീന്‍ പോലെയുള്ള മത്സ്യങ്ങളാകട്ടെ പരമാവധി 2 മണിക്കൂർ മാരിനേറ്റ് ചെയ്യാം.

 

കറിയില്‍ സ്പൂണ്‍ ഇട്ട് ഇളക്കരുത്

പെട്ടെന്ന് ഉടഞ്ഞു പോകുന്നത്രയും മൃദുവാണ് മീനിന്‍റെ മാംസളഭാഗം. അതിനാല്‍ കറിയില്‍ സ്പൂണോ കരണ്ടിയോ ഇട്ടു ഇളക്കിയാല്‍ അത് പെട്ടെന്ന് ഉടഞ്ഞുപോകും. അതിനാല്‍ മീന്‍ കറിയില്‍ എപ്പോഴും ഫിഷ് സ്പാറ്റുലയോ ചട്ടുകമോ മാത്രം ഉപയോഗിക്കുക.

 

ഗ്രില്ലില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍

മീന്‍ ഗ്രില്‍ ചെയ്ത് കഴിക്കുമ്പോള്‍, ഗ്രില്ലില്‍ ഒട്ടിപ്പിടിക്കാതിരിക്കാനായി മീനിന്‍റെ പുറംവശത്ത് ബ്രഷ് ഉപയോഗിച്ച് എണ്ണയോ മയോണൈസോ പുരട്ടുക. ഇത് മീനിന്‍റെ രുചി കൂട്ടാനും സഹായിക്കും.

English Summary: tips to keep in mind while cooking fish at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com