ഇനി വീട്ടിൽ തന്നെ മസാലപ്പൊടി ഈസിയായി തയാറാക്കാം
Mail This Article
നമ്മുടെ ഭക്ഷണത്തിൽ മസാലയ്ക്ക് ഉള്ള സ്ഥാനത്തെ കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. എന്ത് വിഭവം തയാറാക്കിയാലും അതിൽ ഒരല്പം മസാല ചേർക്കാൻ നമ്മൾ മറന്നു പോകാറില്ല. മല്ലിപൊടി, മുളക് പൊടി, ജീരകം, മഞ്ഞൾ എന്നിവ പോലെത്തന്നെ മസാല പൊടിയ്ക്കും അടുക്കളയിലെ ഷെൽഫിൽ പ്രത്യേക സ്ഥാനം തന്നെയുണ്ട്. വിപണിയിൽ പല കമ്പനികളുടെ മസാലപ്പൊടികൾ ലഭ്യമാണ്. ഇവ വാങ്ങിച്ചുനോക്കിയാൽ മനസിലാകും, ചിലതിനു ഗരം മസാലയുടെ രൂക്ഷഗന്ധമാകുമ്പോൾ ചിലതിൽ മുന്നിട്ടു നിൽക്കുക ഹെർബുകളുടെ മണമായിരിക്കും. അതുകൊണ്ടുതന്നെ ഏതു വാങ്ങുമെന്ന ആശയകുഴപ്പം ചിലർക്കെങ്കിലുമുണ്ടാകും. ഇനി അങ്ങനെയൊരു ആശങ്കയുടെ ആവശ്യമില്ല. വീട്ടിൽ തന്നെ മസാല പൊടി തയാറാക്കിയെടുക്കാം. ഇങ്ങനെ തയാറാക്കുമ്പോൾ അത് ഫ്രഷ് ആയിരിക്കുമെന്ന് മാത്രമല്ല, യാതൊരു തരത്തിലുള്ള പ്രിസർവേറ്റീവ്‌സും ചേർക്കുന്നുമില്ല.
മസാലപ്പൊടി തയാറാക്കുന്നതിന്
സുഗന്ധവ്യഞ്ജനങ്ങൾ തെരഞ്ഞെടുക്കുമ്പോൾ പുതിയതും ഗുണനിലവാരമുള്ളതു നോക്കിയെടുക്കണം. എങ്കിൽ മാത്രമേ മസാലപ്പൊടിയ്ക്ക് യഥാർത്ഥ ഗന്ധം ലഭിക്കുകയുള്ളൂ. മസാല പൊടി തയാറാക്കുമ്പോൾ ചെറിയ അളവിൽ മാത്രം ഉണ്ടാക്കുക. എങ്കിൽ മാത്രമേ അതിന്റെ പുതുമ നഷ്ടപ്പെടാതിരിക്കുകയുള്ളൂ. നന്നായി ഉണക്കിയ സുഗന്ധവ്യഞ്ജനങ്ങൾ പാനിൽ വെച്ച് ചൂടാക്കിയതിനു ശേഷം മാത്രം പൊടിക്കണം. അങ്ങനെ ചെയ്താൽ അവയുടെ യഥാർത്ഥ ഗന്ധം നിലനിൽക്കും. ജലാംശം ഒട്ടും തന്നെയില്ലാത്ത, വായു കടക്കാത്ത പാത്രങ്ങളിൽ മസാല പൊടി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഈർപ്പമുണ്ടെങ്കിൽ എളുപ്പത്തിൽ പൊടി കട്ടയാകാനിടയുണ്ട്.
മീറ്റ് മസാല പൊടി തയാറാക്കാൻ ആവശ്യമായവ
ജീരകം - രണ്ട് ടേബിൾ സ്പൂൺ
മല്ലി - ഒരു ടേബിൾ സ്പൂൺ
കുരുമുളക് - ഒരു ടേബിൾ സ്പൂൺ
വറ്റൽ മുളക് - രണ്ടെണ്ണം
കാശ്മീരി മുളക് - രണ്ടെണ്ണം
പെരുംജീരകം - രണ്ട് ടേബിൾ സ്പൂൺ
ഗ്രാമ്പു - 8 എണ്ണം
കറുവപ്പട്ട - ഒരു ഇഞ്ച് നീളത്തിലുള്ള രണ്ട് കഷ്ണം
ഏലയ്ക്ക - 3 എണ്ണം
പേരേലം - ഒരെണ്ണം
തക്കോലം - ഒരെണ്ണം
ജാതിയ്ക്ക - ഒരെണ്ണം
ബേ ലീഫ് - രണ്ടെണ്ണം
വെളുത്തുള്ളി - 4 എണ്ണം
കറിവേപ്പില - രണ്ടു തണ്ട്
കസൂരിമേത്തി - രണ്ട് ടേബിൾ സ്പൂൺ
ഉപ്പ് - ഒരു ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
നല്ലതുപോലെ ഉണങ്ങിയ ഈ സുഗന്ധവ്യഞ്ജനങ്ങളെല്ലാം തന്നെ ഒരു പാനിലേയ്ക്കിട്ടു നന്നായി ഡ്രൈ റോസ്റ്റ് ചെയ്യുക. ചൂടാറിയതിനു ശേഷം ഒരു മിക്സിയുടെ ജാറിലേയ്ക്കിട്ടു പൊടിച്ചെടുക്കാം. ഉപ്പ് കൂടി ചേർത്ത് ഒരിക്കൽ കൂടി പൊടിച്ച്, നനവ് തീരെയില്ലാത്ത, വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാവുന്നതാണ്.
English Summary: Homemade Garam Masala Recipe