ADVERTISEMENT

ഷാപ്പിലെ കറികൾക്ക് ഒരു പ്രത്യേക രുചിയാണ്. ഏറിനിൽക്കുന്ന എരിവ് നാവിന്റെ രസമുകുളങ്ങളെ ത്രസിപ്പിക്കുമ്പോൾ അത്ര രുചിയുള്ള കറികൾ നമ്മൾ എത്ര ശ്രമിച്ചാലും വീട്ടിൽ പാകപ്പെടുത്താൻ സാധിക്കാറില്ല. ഷാപ്പുകളിൽ ലഭിക്കുന്ന മീൻകറിയാണെങ്കിൽ മീൻ കൂട്ടാത്തവർ പോലും ചിലപ്പോൾ കഴിച്ചുപോകും. എന്നാൽ ഈ മീൻകറി നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുമോ എന്ന് വിചാരിച്ച് താടിയ്ക്ക് കയ്യുംകൊടുത്ത് ഇരിക്കാതെ പോയി നല്ല കഷ്ണം മീൻ ഒരു അരക്കിലോ വാങ്ങി വരു, നല്ല ഒന്നാന്തരം ഷാപ്പ് സ്റ്റൈൽ മീൻകറി അങ്ങ് ഉണ്ടാക്കിയേക്കാം. ഷാപ്പ് കറിയിൽ എരിവ് കൂടി നിൽക്കും. മുളകിട്ട കറിയും ഷാപ്പ് കറിയും തമ്മിലുള്ള പ്രധാന വ്യത്യാസം മുളകിട്ട കറിയിൽ ചുവന്ന മുളകും, പിരിയൻ മുളകും ആണ് കൂടുതൽ ഉപയോഗിക്കുക. മല്ലിയും കുരുമുളകും പാടില്ല. എന്നാൽ ഷാപ്പ് കറിയിൽ ഇതെല്ലാം കൂട്ടിയാണ് പാചകം. അല്ലെങ്കിൽ കള്ളിനൊപ്പം അത് സെറ്റാകില്ല. അപ്പോൾ നല്ല എരിവുള്ള കറി കഴിയ്ക്കാൻ തയാറായി വേണം ഈ മീൻ കറി ഉണ്ടാക്കാൻ. 

ആദ്യ പടി മാരിനേഷൻ 

ആദ്യം മീൻ കഷ്ണങ്ങളാക്കിയെടുക്കുക. അരക്കിലോ മീൻ ആണ് നമുക്കാവശ്യം. നന്നായി വെട്ടി കഴുകി ആവശ്യത്തിനുള്ള വലുപ്പത്തിൽ തയാറാക്കി വയ്ക്കണം. തുടർന്ന് വ്യത്തിയാക്കി വച്ചിരിക്കുന്ന മീൻ കഷ്ണങ്ങളിലേക്ക് മഞ്ഞൾ പൊടിയും മുളകുപൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് പുരട്ടിവയ്ക്കണം. 

കുടംപുളിയും ചുവന്നമുളകും മുഖ്യം  

അടുത്ത പടി ആവശ്യത്തിന് കുടംപുളി എടുത്ത് വെള്ളത്തിൽ കുതിരാൻ ഇടാം. അതിലേക്ക് നാല് ഉണക്കമുളകുകൂടി ചേർക്കണം. ഇവ രണ്ടും നല്ലതുപോലെ കുതിർന്ന് കിട്ടണം. 

ഇനി മസാല തയാറാക്കാം

മസാലയ്ക്ക് വേണ്ട ചേരുവകൾ ഇവയൊക്കെയാണ്. മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഇവയെല്ലാം നല്ലതുപോലെ മിക്സ്ചെയ്ത് എടുത്തുവയ്ക്കണം, ഇനി 200 ഗ്രാം ചെറിയ ഉള്ളിയും ചതച്ചെടുക്കണം. 

ഇനി കറിയുണ്ടാക്കാം 

നല്ല ഒരു മൺചട്ടിയെടുക്കുക. ചട്ടി ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിയ്ക്കുക. അതിലേയ്ക്ക് ഇഞ്ചി,. വെളുത്തുള്ളി, കറിവേപ്പില, ചതല്ല, ചെറിയ ഉള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ചെറിയ ഉള്ളി ചുവന്നുവരുമ്പോൾ അതിലേയ്ക്ക് നമ്മൾ നേരത്തെ റെഡിയാക്കിവച്ചിരിക്കുന്ന മസാല ചേർത്തുകൊടുക്കണം.നല്ല നിറം കിട്ടാൻ കസ്മീരി മുളകുപൊടി ചേർത്തുകൊടുത്താൽ മതി. ശേഷം അതിലേയ്ക്ക് കുടംപുളി ഇട്ട വെള്ളവും കുതിർത്ത മുളകും ചേർത്ത് തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചുവരുമ്പോൾ മീൻ കഷ്ണങ്ങൾ ചേർത്ത് ഉപ്പുമിട്ട് അടച്ച് വേവിയ്ക്കണം. ഷാപ്പിലെ കറിയിലെ ഏറ്റവും വലിയ പ്രത്യേകത അത് നല്ലതുപോലെ കുറുകിയായിരിക്കും ഇരിക്കുക. ഇതിനാൽ നമ്മുടെ കറിയും കുറുകുന്നത് വരെ കാത്തിരിക്കാം. ഏകദേശം പത്തുമിനിറ്റിനുശേഷം മീൻ കഷ്ണങ്ങൾ ഉടഞ്ഞുപോകാതെ ഇളക്കിക്കൊടുക്കുക.വീണ്ടും ഒരു പത്തുമിനിറ്റുകൂടി അടച്ചുവെച്ച് വേവിയ്ക്കാം. 

താളിയ്ക്കലിലാണ് കാര്യം

ഷാപ്പിലെ മീൻകറിയ്ക്ക് രുചി കൂട്ടുന്നത് അവസാനത്തെ ഈ താളിയ്ക്കലാണ്. കറി അടുപ്പിൽ നിന്നും വാങ്ങി വച്ചതിനുശഷം ഒറു ചെറിയ ചീനചട്ടി ചൂടാക്കി എണ്ണയൊഴിച്ച് കടുകും കറിവേപ്പിലയും ചെറിയ ഉള്ളിയും വഴറ്റി അത് കറിയിലേക്ക് ചേർത്ത് കൊടുക്കുക. ഷാപ്പ് സ്റ്റൈൽ മീൻ കറി റെഡി. 

English Summary: Shappu Style Fish Curry 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com