ADVERTISEMENT

ആരോഗ്യദായകമായ ഭക്ഷണം വേണം കഴിക്കാൻ. ശരീരത്തിന് ആവശ്യമായ പ്രോട്ടീനും വിറ്റമിനുകളുമൊക്കെ കിട്ടുന്ന ഹെൽത്തി ഫൂഡ് വേണം ഡയറ്റിലായാലും ഉൾപ്പെടുത്തേണ്ടത്. റാഗിയും ഉലുവയുമൊക്കെ ഒരുപാട് ഗുണങ്ങളുള്ളതാണ്. കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറു ധാന്യമായ റാഗി. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്. വിശപ്പിനെ കുറയ്ക്കുന്ന ട്രൈറ്റോഫാൻ എന്ന അമിനോ ആസിഡ് റാഗിയിലുണ്ട്. അരിയിലും മറ്റ് ധാന്യങ്ങളിലും ഉള്ളതിനെക്കാളും വളരെയധികം നാരുകൾ ഇതിലടങ്ങിയിരിക്കുന്നു. കൊഴുപ്പ് വളരെ കുറഞ്ഞ ഒരു ധാന്യമാകയാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇത് തീർച്ചയായും കഴിക്കേണ്ടതാണ്. നാരുകൾ ധാരാളമായി അടങ്ങിയതിനാൽ കുറച്ച് കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതു പോലെ തോന്നുകയും കൂടുതൽ കാലറി അകത്താക്കുന്നത് തടയുകയും ചെയ്യുന്നു. അതേ പോലെ ഉലുവയും നല്ലതാണ്. 

അൽപം കയ്പാണെങ്കിലും ഭക്ഷണത്തിന് രുചിയും മണവും ലഭിക്കാൻ സഹായകമാണ് ഉലുവ. സ്വാദ് വര്ധിപ്പിക്കുന്നതിനപ്പുറം ഏറെ ഔഷധഗുണങ്ങളുള്ളതാണ് ഉലുവ. പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, നിയാസിൻ, പൊട്ടാസ്യം, ഇരുമ്പ്, ആൽക്കലോയ്ഡുകൾ എന്നിവ ഉലുവയിൽ അടങ്ങിയിരിക്കുന്നു. ചില അമിനോ ആസിഡുകളും ഗാലക്ടോമന്നനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. അതിനാൽതന്നെ ഉലുവ പ്രമേഹരോഗികൾക്ക് ഉത്തമമായ ഒന്നാണ്. എന്നാൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതൽ ആയതിനാൽ കിഡ്നിരോഗമമുള്ളവർ ഡയറ്റീഷന്റെയോ ഡോക്ടറുടെയോ ഉപദേശപ്രകാരമേ ഉപയോഗിക്കാവൂ. ഷുഗർ കുറയാനും ഹീമോഗ്ലോബിൻ കൂട്ടാനും റാഗിയും ഉലുവയും ഇങ്ങനെ കഴിച്ചാലോ? എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

റാഗി  -അര കപ്പ്

ഉലുവ - 3 ടേബിൾസ്പൂൺ

നെയ്യ് --1 ടീസ്പൂൺ

തേങ്ങാ പാൽ

 ശർക്കര പാനി

വെള്ളം

തയാറാക്കുന്ന വിധം

ഉലുവ നന്നായി കഴുകിയ ശേഷം ഒരു കപ്പ് വെള്ളം ഒഴിച്ച് 8 മണിക്കൂർ കുതിർത്ത് എടുക്കണം. റാഗി നന്നായി കഴുകിയ ശേഷം അരമണിക്കൂറോളം വെള്ളത്തിലിട്ട് കുതിർത്ത് എടുക്കണം. അരമുറി തേങ്ങാ ചിരകിയതിൽ മുക്കാൽ കപ്പ് വെള്ളം ചേർത്ത് നന്നായി പിഴിഞ്ഞ് പാല് എടുക്കാം. ശേഷം കുക്കറിൽ ഉലുവയും കുതിർത്ത് വെള്ളവും ചേർത്ത് 2 വിസിൽ വരുന്നിടം വരെ വേവിക്കാം. കുക്കറിലെ പ്രഷർ പോയതിനു ശേഷം റാഗി കുതിർത്ത വെള്ളം കളഞ്ഞു എടുക്കുക. ഒരു മിക്സി ജാറിലേക്കു കുതിർത്ത റാഗിയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അടിച്ചെടുത്ത് അരിച്ചെടുക്കാം. രണ്ടുതവണ കഴുകിയെടുക്കണം. 

ഇനി ഒരു പാനിലേക്കു റാഗി അരിച്ചെടുത്തത് ഒഴിച്ച് വേവിക്കാം. റാഗി വെന്തു വെള്ളം വറ്റുമ്പോൾ വേവിച്ചെടുത്ത ഉലുവ കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. റാഗിയും ഉലുവയും നന്നായി യോജിച്ചു വന്നാൽ കുറച്ചു ശർക്കര പാനി ചേർക്കാം. നേരിയ മധുരം മതി. കൂട്ടിലേക്ക് തേങ്ങാപാലും നെയ്യും ചേർത്ത് നന്നായി യോജിപ്പിക്കുക. ഹെൽത്തി വിഭവം തയാർ.

Ragi and Fenugreek Healthy Recipe

English Summary:

Food News, Ragi and Fenugreek Healthy Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com