ADVERTISEMENT

പഫ്സ് ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. വൈകുന്നേരങ്ങളിൽ ചായയ്ക്കോ നാരങ്ങാവെള്ളത്തിനൊപ്പമോ മിക്കവരും കഴിക്കുന്ന ഒന്നാണ് പഫ്സ്. അതും എഗ് പഫ്സിനാണ് ആരാധകരേറെ. നല്ല ക്രിസ്പിയായിട്ടുള്ള പഫ്സ് കഴിയ്ക്കുമ്പോൾ മുഖത്തുമുഴുവൻ അതിന്റെ പൊടികൾ ആയാലും നമ്മളൊരിക്കലും ഈ ഈവനിങ് സ്നാകിനെ അങ്ങനെ തള്ളികളയാറില്ല. പക്ഷേ എപ്പോഴും കടയിൽ നിന്നും വാങ്ങികഴിക്കുന്നത് അത്ര നല്ല രീതിയല്ലല്ലോ. ആരോഗ്യവും കൂടെ ശ്രദ്ധിക്കണ്ടേ. അതുകൊണ്ട് പഫ്സ് വീട്ടിൽ തന്നെയുണ്ടാക്കാം. എഗ്, ചിക്കൻ പഫ്സിൽ നിന്നും വ്യത്യസ്തമായി നമുക്ക് ഒരു വെറൈറ്റി ടേസ്റ്റ് ട്രൈ ചെയ്താലോ. തന്തൂരി ചിക്കൻ പഫ്സ് തയാറാക്കി നോക്കാം. പേര് കേൾക്കുമ്പോൾ കുറച്ച് പാടുള്ള പണിയാണെന്ന് തോന്നുമെങ്കിലും വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയാറാക്കിയെടുക്കാവുന്ന ഒന്നാണിത്. 

തന്തൂരി ചിക്കൻ പഫ്സ് ഉണ്ടാക്കാൻ ചേരുവകളുടെ ഒരു നീണ്ട ലിസ്റ്റൊന്നും ആവശ്യമില്ല. വളരെ കുറച്ച് ചേരുവകൾ ചേർത്താണ് ഇതുണ്ടാക്കുന്നത്. മാരിനേറ്റ് ചെയ്യാൻ മാത്രം കുറച്ച് സമയമെടുക്കുമെന്ന് മാത്രം. 

ചേരുവകൾ

300 ഗ്രാം എല്ലില്ലാത്ത ചിക്കൻ, 2 ടേബിൾസ്പൂൺ തൈര്, 1 ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, 1 ടീസ്പൂൺ തന്തൂരി മസാല, 1 ടീസ്പൂൺ നാരങ്ങ നീര്, 1/2 ടീസ്പൂൺ നെയ്യ്, 1/2 ടീസ്പൂൺ ചുവന്ന മുളക് പൊടി, 1 ടീസ്പൂൺ ഉപ്പ്, മുട്ട 1, പഫ്സ് ഷീറ്റ് 2-4. 

തയാറാക്കുന്ന  വിധം 

ആദ്യം ഫില്ലിങ് തയാറാക്കാം. ഇതിനായി തൈര്, തന്തൂരി മസാല, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, നെയ്യ്, ചുവന്ന മുളകുപൊടി, നാരങ്ങ നീര് എന്നിവ ഒരു പാത്രത്തിൽ എടുക്കുക. ഇതിലേക്ക് എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ ചേർക്കുക. ഈ പാത്രം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഏകദേശം അരമണിക്കൂറോളം മാരിനേറ്റ് ചെയ്യാൻ വയ്ക്കണം. ശേഷം ഒരു പാനിൽ കുറച്ച് എണ്ണ ചൂടാക്കി അതിൽ മാരിനേറ്റ് ചെയ്ത ചിക്കൻ ഇട്ട് പാകമാകുന്നതുവരെ വേവിച്ച് മാറ്റി വയ്ക്കുക. അടുത്തതായി, പഫ് പേസ്ട്രി ഷീറ്റുകൾ എടുത്ത് ആവശ്യമുള്ള ആകൃതിയിൽ മുറിക്കുക. തയ്യാറാക്കിയ തന്തൂരി ചിക്കൻ ഫില്ലിംഗ് ഓരോന്നിന്റെയും മധ്യഭാഗത്ത് വയ്ക്കുക, എല്ലാ അരികുകളും നിന്നും നന്നായി അടയ്ക്കണം. കടകളിൽ നിന്നും കിട്ടുന്ന പോലെ തന്നെ ഗോൾഡൻ ബ്രൗൺ നിറം ലഭിക്കാൻ മുട്ട അടിച്ച് ബ്രഷ് ചെയ്യാൻ മറക്കരുത്. ഇനി പ്രീഹീറ്റ് ചെയ്‌ത ഓവനിൽ 180 ഡിഗ്രി സെൽഷ്യസിൽ 20-25 മിനിറ്റ് ബേക്ക് ചെയ്തെടുക്കണം. വീട്ടിലുണ്ടാക്കിയ തന്തൂരി ചിക്കൻ പഫ്‌സ് തയാർ. 

English Summary:

Tandoori Chicken Puffs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com