സിംഗപ്പൂര്‍ സര്‍ബത്ത് കുടിക്കണോ? ചലോ അങ്കമാലി!
Mail This Article
വേനല്‍ക്കാലത്ത് ഉള്ളും പുറവും ഒരേപോലെ തണുപ്പിക്കുന്ന ഒരു പാനീയമാണ് സര്‍ബത്ത്. നമ്മുടെ നാട്ടിലെ വഴിയോരക്കടകളില്‍ ഇത് സുലഭമാണ്. കുലുക്കി സര്‍ബത്ത്, നന്നാറി സര്‍ബത്ത്, പാല്‍ സര്‍ബത്ത് എന്നിങ്ങനെ വിവിധ വെറൈറ്റികളില്‍ സര്‍ബത്ത് ലഭ്യമാണ്. എന്നാല്‍ സിംഗപ്പൂര്‍ സര്‍ബത്തിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?
അങ്കമാലിയിലെ ഒരു സ്പെഷല്‍ ഐറ്റമാണ് ഈ സര്‍ബത്ത്. അങ്കമാലി ഫുഡ് ഡയറീസ് എന്ന ഇന്‍സ്റ്റഗ്രാം ചാനലിലാണ് സിംഗപ്പൂര്‍ സര്‍ബത്തിന്‍റെ വിശേഷം പങ്കുവച്ചിരിക്കുന്നത്. ഒരു ഗ്ലാസിലേക്ക് അല്‍പ്പം സര്‍ബത്ത് ഒഴിച്ച്, അതിനു മുകളിലേക്ക് ഉപ്പും പഞ്ചസാരയും മിക്സ് ചെയ്ത് വച്ച നാരങ്ങ പിഴിഞ്ഞ് ഒഴിക്കുന്നു. ശേഷം സോഡ പൊട്ടിച്ച് സര്‍ബത്തിലേക്ക് ഒഴിക്കുന്നു. ശേഷം ഇതിനു മുകളിലേക്ക് വീണ്ടും നാരങ്ങ പിഴിഞ്ഞ് ഒഴിക്കുന്നു. ഇങ്ങനെയാണ് സിംഗപ്പൂര്‍ സര്‍ബത്ത് ഉണ്ടാക്കുന്നത്.അങ്കമാലി പ്രൈവറ്റ് സ്റ്റാന്‍ഡിനടുത്തുള്ള ആര്യാസ് ഹോട്ടലിന് ഓപ്പോസിറ്റായാണ് ഈ കടയുള്ളത്. ഇത് വെറും സോഡാ സര്‍ബത്ത് അല്ലേ, സിംഗപ്പൂര്‍ സര്‍ബത്ത് എന്നൊക്കെ വിളിക്കുന്നത് എന്തിനാണ് എന്നൊക്കെയുള്ള രീതിയില്‍ ആളുകള്‍ താഴെ കമന്റ് ചെയ്തിട്ടുണ്ട്.
സര്‍ബത്ത് വീട്ടില്‍ ഉണ്ടാക്കാം. സാധാരണയായി നമ്മുടെ നാട്ടുംപുറങ്ങളില്‍ കണ്ടുവരുന്ന നന്നാറി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു പാനീയമാണ് സര്‍ബത്ത്. നന്നാറി സര്‍ബത്ത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
1) നന്നാറി വേര് - 100 ഗ്രാം
2) പഞ്ചസാര - 1 കിലോ
3) ചെറുനാരങ്ങ - 6 എണ്ണം
4) ശുദ്ധമായ വെള്ളം - 1 ലിറ്റര്‍
തയാറാക്കുന്ന വിധം
നന്നാറി വേര് നന്നായി കഴുകി വൃത്തിയാക്കിയെടുക്കുക. ശേഷം, അവ 1 മുതല്‍ 1.5 ഇഞ്ച് നീളത്തില്‍ പൊട്ടിച്ചെടുക്കുക. ഇത് നല്ല വെയിലത്ത് ഒന്നോ രണ്ടോ മണിക്കൂര്‍ വച്ച് നന്നായി ഉണക്കിയെടുക്കുക. ശേഷം ചെറുതായി കൈ കൊണ്ട് കശക്കി ഉള്ളിലുള്ള കട്ടിയുള ഭാഗം നീക്കം ചെയ്യുക. ഇത് നന്നായി ഉണങ്ങിയ ഒരു മിക്സര്‍ ഗ്രൈന്‍ഡറില്‍ പൊടിച്ചെടുക്കുക. ഒരു പാത്രത്തില്‍ വെള്ളം നന്നായി തിളപ്പിക്കുക. ഇത് തണുത്ത ശേഷം നന്നാറി വേര് പൊടി ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം 8 മണിക്കൂര്‍ അനക്കാതെ വെക്കുക. അടുത്ത ദിവസം, ഒരു ഫില്‍റ്റര്‍ അല്ലെങ്കില്‍ ഒരു മസ്ലിന്‍ തുണി ഉപയോഗിച്ച് പൊടി അരിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കുക. പാത്രം ചെറുതീയില്‍ വച്ചു ഇളക്കുക. പഞ്ചസാര അടിയില്‍ പിടിക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. നന്നായി അലിഞ്ഞ ശേഷം തീയില്‍ നിന്ന് ഇറക്കിവെച്ച് തണുപ്പിക്കുക. ഇതിലേക്ക് ചെറുനാരങ്ങ നീര് പിഴിഞ്ഞ് ഒഴിക്കുക.ദീര്‍ഘനാള്‍ കേടുകൂടാതെ ഇരിക്കാന്‍ ഇത് സഹായിക്കും. ഈ സര്‍ബത്ത് എസ്സെന്‍സ് ഒരു ചില്ലുകുപ്പിയില്‍ സൂക്ഷിക്കാം. ഒരു ഗ്ലാസ് തണുത്ത വെള്ളത്തില്‍ ഒരു ചെറുനാരങ്ങയുടെ നീരും, 3 ടീസ്പൂണ്‍ എസ്സെന്‍സും ചേര്‍ത്താല്‍ നന്നാറി സര്‍ബത്ത് തയാര്‍.