ഇഞ്ചി പ്രശ്നക്കാരനാണോ? 'അധികമായാൽ അമൃതും വിഷം'
Mail This Article
കാലാവസ്ഥയിൽ പെട്ടെന്നാണ് മാറ്റം വന്നത്. ജലദോഷവും തൊണ്ടവേദനയും അതിനൊപ്പം തന്നെ കൂട്ട് വരികയും ചെയ്തു. തൊണ്ടയുടെ ചെറിയ അസ്വസ്ഥതകൾക്കും ജലദോഷത്തിനുമൊക്കെ പ്രതിവിധിയായി ഇഞ്ചി ചേർത്ത് ചായ തയാറാക്കി കഴിക്കുന്നവരുണ്ട്. ചുക്കും കുരുമുളകും തുളസിയിലയുമൊക്കെ ചേരുന്ന കാപ്പിയും ചിലരൊക്കെ പരീക്ഷിക്കും. അടുക്കളയിലെ സ്ഥിരം സാന്നിധ്യമായ ഇഞ്ചി ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങൾക്കും പരിഹാരമായി ഉപയോഗിക്കാറുണ്ട്. ഗുണങ്ങൾ ഏറെയുണ്ടെങ്കിലും ഇഞ്ചി കൂടുതലായി ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് പറയപ്പെടുന്നത്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ഇഞ്ചി. മാത്രമല്ല ഇതിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. ദിവസവും ഇഞ്ചി കഴിക്കുന്നത് ശരീര ഭാരം കുറയാനും സഹായിക്കുന്നു. എന്നാൽ കൂടിയ അളവിൽ ഇഞ്ചി കഴിക്കുന്നതു ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കും.
* ഭക്ഷണത്തിനു ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി കഴിക്കുന്നത് വായുക്ഷോഭത്തെ ചെറുക്കാൻ സഹായിക്കുമെങ്കിലും കൂടിയ അളവിൽ കഴിക്കുന്നത് വയറിൽ ആസിഡ് ഉല്പാദനം വർധിപ്പിക്കുകയും നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രബിൾ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുകയും ചെയ്യുന്നു.
* ഇഞ്ചിയിൽ രക്തത്തെ നേർപ്പിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടുതൽ അളവിൽ ഇഞ്ചി ശരീരത്തിലെത്തുന്നതിന്റെ ഫലമായി രക്തം കട്ടപിടിക്കുന്നതിനെ ബാധിക്കാനിടയുണ്ട്. ബ്ലഡ് തിന്നിങ്ങിനു വേണ്ടി മരുന്ന് കഴിക്കുന്നവരെയാണ് ഇത് കൂടുതലായും ബാധിക്കുക. അതുകൊണ്ടു തന്നെ അത്തരക്കാർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയാകും.
* ഇഞ്ചിയുടെ അമിതമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയ്ക്കുന്നു. അതുകൊണ്ടു തന്നെ കുറഞ്ഞ അളവിൽ മാത്രം ഇഞ്ചി കഴിക്കാൻ ശ്രദ്ധിക്കാം.
* അധികമായാൽ അമൃതും വിഷമെന്നതു പോലെ ഇഞ്ചിയും അധികം കഴിക്കുന്നത് പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കും. കൂടിയ അളവിൽ പച്ച ഇഞ്ചി കഴിച്ചാൽ ചിലരിൽ വായ്ക്ക് എരിച്ചിലുണ്ടാക്കും. എപ്പോഴും മിതമായ അളവിൽ മാത്രം കഴിക്കാൻ ശ്രമിക്കുക.
മിതമായ അളവിൽ ഇഞ്ചി ചേർത്ത് ചായ ഉണ്ടാക്കാം
രാവിലത്തെ ചായ, ചെറുതായി നുറുക്കിയ ഇഞ്ചി ചേർത്തു തിളപ്പിച്ച വെള്ളത്തിൽ തയാറാക്കാം. ചുമ, ജലദോഷം എന്നിവയ്ക്കൊക്കെ ആശ്വാസം പകരും. കൂടാതെ ജിഞ്ചർ മിൽക്കും ഉണ്ടാക്കാം. ചായ ഇഷ്ടമല്ലാത്തവർക്ക് ചതച്ചെടുത്ത ഇഞ്ചി പാലിൽ ചേർത്തു തിളപ്പിച്ച് കുടിക്കാം.