ഇനി ചിക്കൻ വയ്ക്കുന്ന രീതി ഒന്നു മാറ്റിപിടിച്ചാലോ? ഇത് വളരെ എളുപ്പമാണ്
Mail This Article
അപ്പത്തിനും പൊറോട്ടയ്ക്കും ഇടിയപ്പത്തിനും മാത്രമല്ല, ചോറിനും ചിക്കൻ സൂപ്പറാണ്. എപ്പോഴും വയ്ക്കുന്ന രീതി ഒന്നു മാറ്റിപിടിച്ചാലോ? നല്ല അടിപൊളി രുചിയിൽ ഇൗസിയായി ചിക്കൻ പെരട്ട് റെഡിയാക്കാം. അതും കുരുമുളകിന്റെ രുചിയിൽ. അധികം മസാല ചേർക്കാതെ കുരുമുളകിൽ വെന്തുവേവുന്ന ചിക്കൻ പെരട്ട്. എങ്ങനെ എളുപ്പത്തിൽ തയാറാക്കാമെന്നു നോക്കാം.
ചിക്കൻ കഷ്ണങ്ങൾ കഴുകി വൃത്തിയാക്കി എടുക്കാം. ചെറുതായി നുറുക്കിയ എല്ലില്ലാത്തത് എങ്കില്‍ ഏറ്റവും നല്ലതാണ്. അതിൽ ഇത്തിരി ഉപ്പും മഞ്ഞപ്പെടിയും കുരുമുളക് ചതച്ചതും ചേർത്ത് യോജിപ്പിച്ച് വയ്ക്കാം. ചിക്കന്റെ അളവിന് അനുസരിച്ച് വേണം ചേരുവകൾ എടുക്കാൻ. ചീനച്ചട്ടി ചൂടാകുമ്പോൾ സാവള കനംകുറച്ച് അരിഞ്ഞതും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും തക്കാളിയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി വഴറ്റാം.
ശേഷം അതിലേക്ക് മല്ലിപ്പൊടിയും മഞ്ഞപ്പൊടിയും ഗരം മസാലയും കുരുമുളകുപ്പൊടിയും ചേർത്ത് പച്ചമണം മാറുന്നിടം വരെ വഴറ്റണം. അതിലേക്ക് ചിക്കനും ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നന്നായി ഇളക്കി അടച്ച് വച്ച് വേവിക്കാം. 10 മിനിറ്റ് കഴിയുമ്പോൾ ഇത്തിരി കറിവേപ്പിലയും ചെറിയ കഷ്ണം ബട്ടറും ചേർത്ത് കൊടുക്കാം. രുചിയൂറും ചിക്കൻ കുരുമുളക് പെരട്ട് റെഡി. ഇൗ വെറൈറ്റി രീതിയിലും ചിക്കൻ തയാറാക്കാം