കരിക്കിനെ എങ്കിലും വെറുതെ വിടൂ! ഗ്രിൽ ചെയ്യുന്ന വിചിത്ര കാഴ്ച
Mail This Article
കരിക്ക് കുടിക്കാത്ത മലയാളികളുണ്ടാകില്ല. ചെറു മധുരവും അതിനൊപ്പമുള്ള നവോന്മേഷം തരുന്ന സുഖവും പറഞ്ഞറിയിക്കാൻ കഴിയുകയില്ല. വൃതമെടുക്കുന്നവർ ക്ഷീണമകറ്റാനും വിശപ്പിനെ ശമിപ്പിക്കാനുമായി കരിക്ക് കുടിക്കാറുണ്ട്. മാത്രമല്ല, ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട് ആരോഗ്യത്തിനും അത്യുത്തമമാണ്. സാധാരണയായി തെങ്ങിൽ നിന്നും വെട്ടിയിറക്കുന്ന കരിക്ക് കുടിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇന്തൊനീഷ്യയിൽ നിന്നുമുള്ള ഒരു കാഴ്ച കണ്ടാൽ ആരുമൊന്നും അതിശയിച്ചു പോകും. കരിക്കുകൾ വലിയ അടുപ്പിൽ വച്ച് ഗ്രിൽ ചെയ്തെടുത്താണ് കഴിക്കാനായി നൽകുന്നത്. ഈ വിചിത്ര കാഴ്ച പങ്കുവച്ചിരിക്കുന്നത് അൽ മലയാളി എന്ന ഇൻസ്റ്റഗ്രാം പേജിലാണ്.
വിഡിയോ ആരംഭിക്കുമ്പോൾ അടുപ്പിലെ ചൂടിൽ കറുത്ത് പോയ ഒരു കരിക്ക് പുറത്തെടുത്തു ചെത്തി കുടിക്കാനായി കൊടുക്കുന്ന കാഴ്ച കാണാവുന്നതാണ്. ഒരു ദിവസം ഇതുപോലെ എത്രയെണ്ണം പാകം ചെയ്തു കൊടുക്കും എന്ന ചോദ്യത്തിന് നൂറെണ്ണം വരെ എന്ന ഉത്തരവും വിഡിയോയിൽ പറയുന്നുണ്ട്. നേരത്തെ വെട്ടി വെച്ചിരിക്കുന്ന കരിക്കുകൾ, വിറ്റുപോകുന്നതിനു അനുസരിച്ച് വീണ്ടും വീണ്ടും അടുപ്പിനു മുകളിൽ നിരത്തി വെയ്ക്കുന്നതും പച്ച നിറം മാറി കറുത്ത നിറത്തിലേയ്ക്ക് എത്തുമ്പോൾ അടുപ്പിൽ നിന്നും മാറ്റുന്നതും കാണാവുന്നതാണ്. ആവശ്യക്കാർ വരുന്നതിനു അനുസരിച്ച് ചൂടോടെ അടുപ്പിൽ നിന്നും എടുത്ത് ചെത്തി കൊടുക്കുന്നുമുണ്ട്. എങ്ങനെയാണ് ഇവ പാകമായെന്നു അറിയാൻ കഴിയുന്നതെന്ന ചോദ്യത്തിന് കരിക്കിന്റെ പുറംഭാഗത്തിനു മാർദ്ദവം കൈവരുമ്പോൾ മനസിലാക്കാമെന്നാണ് മറുപടി.
എന്തായാലും വളരെ വ്യത്യസ്തമായ രീതിയിൽ തയാറാക്കുന്ന ഈ പാനീയം രുചികരമായിരിക്കുമെന്നു തന്നെയാണ് ചിലർ കമെന്റുകളിൽ പറയുന്നത്. ഇന്തൊനീഷ്യയിലെ തെരുവുകടകളിൽ പലയിടങ്ങളിലും കാണുന്ന ഒരു പാനീയമാണിത്. കരിക്ക് ഇങ്ങനെ തയാറാക്കി കഴിക്കുമ്പോൾ ഗുണങ്ങൾ ഏറെയുണ്ട് എന്നാണ് പറയപ്പെടുന്നത്.