ക്രിസ്മസിന് കേക്ക് ഇല്ലാതെ എന്ത് ആഘോഷം! ഈന്തപ്പഴവും കാരറ്റും ചേർന്ന രുചി
Mail This Article
കേക്കുന്നുണ്ടോ, ഈ ക്രിസ്മസിന് കോട്ടയംകാർ മാത്രം കഴിക്കുന്നത് അഞ്ച് ലക്ഷം കിലോ കേക്കാണ്. ഇനിയിപ്പോൾ പുരാതന ഈജിപ്തിൽ തേനും മാവും കൂട്ടി വേവിച്ചതിൽ നിന്ന് രൂപം കൊണ്ട ഈ കേക്ക് നമ്മുടെ ക്രിസ്മസിന് എങ്ങനെ കടന്നു കൂടിയെന്നു പറഞ്ഞാൽ അങ്ങ് മധ്യകാലഘട്ട ഇംഗ്ലണ്ടിലേക്കു പോകണം. ക്രിസ്മസ് കഴിഞ്ഞുള്ള 12ാം ദിവസം ഇംഗ്ലണ്ടിൽ വലിയ ആഘോഷമായിരുന്നു.
ട്വൽത്ത് നൈറ്റ് എന്നറിയപ്പെടുന്ന ആ രാവുകളിൽ കഴിക്കുവാനായി വലിയ കേക്കുകൾ നിർമിക്കുവാൻ തുടങ്ങി. കേക്കിന്റെ വലുപ്പം വീടിന്റെ ആസ്തിയുടെ പ്രതിഫലനവുമായിരുന്നു.
എന്നാൽ വ്യവസായ വിപ്ലവത്തിന്റെ കടന്നുവരവ് ഇത്തരം ആഘോഷങ്ങളുടെയെല്ലാം സ്വഭാവം മാറ്റി. പട്ടണങ്ങളിലേക്ക് കുടിയേറിയ പുതിയ തലമുറയ്ക്ക് ക്രിസ്മസിന്റെ പിറ്റേന്നു മുതൽ ജോലിക്ക് പോകേണ്ടി വന്നു. അങ്ങനെ 12ാം രാത്രിയിലെ കേക്ക് ക്രിസ്മസ് ദിനത്തിൽ തന്നെ മുറിക്കുവാൻ തുടങ്ങി. ക്രിസ്മസിന് കേക്കില്ലാതെ എന്ത് ആഘോഷം. ഇത്തവണ ഇന്തപ്പഴത്തിന്റെയും കാരറ്റിന്റെയും രുചിനിറച്ച കേക്ക് ഉണ്ടാക്കിയാലോ?ക്രിസ്മസിനു സ്വന്തമായി ഒരു കേക്കുണ്ടാക്കിയാലോ? കോട്ടയം ബിസിഎം കോളജ് ഒന്നാം വർഷ എംഎ ലിറ്ററേച്ചർ വിദ്യാർഥിയായ സ്നേഹ ജോയിയുടെ ഒരു അടിപൊളി കേക്കുകൂട്ട്.
ഡേറ്റ്സ് ആൻഡ് കാരറ്റ് കേക്ക്
ചേരുവകൾ
കുരു കളഞ്ഞ് ചെറുതായി അരിഞ്ഞ ഈന്തപ്പഴം - ഒരു കപ്പ്
ചിരകിയ കാരറ്റ് - 2 കപ്പ്
മൈദ - 2 കപ്പ്
ഉപ്പില്ലാത്ത ബട്ടർ - അരക്കപ്പ്
പഞ്ചസാര - ഒരു കപ്പ്
മുട്ട - 3 എണ്ണം വലുത്
വനില എസ്സൻസ് - 2 ടീസ്പൂൺ
ബേക്കിങ് സോഡ - 1 ടീസ്പൂൺ
ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
ഉപ്പ് - അര ടീസ്പൂൺ
കറുവാപ്പട്ട, ജാതിക്ക - 1 ½ ടീസ്പൂൺ
തയാറാക്കുന്ന വിധം
മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ്, കറുവാപ്പട്ട, ജാതിക്ക എന്നിവ ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക. മറ്റൊരു പാത്രത്തിൽ പഞ്ചസാരയും ബട്ടറും ഉടച്ച് മയപ്പെടുത്തുക. ഇതിലേക്ക് ഓരോ മുട്ട വീതം പൊട്ടിച്ച് ഒഴിച്ച് ഇളക്കുക. ശേഷം വനില എസ്സൻസും ചേർക്കാം. ഇനി മാറ്റി വച്ചിരിക്കുന്ന മൈദ മിശ്രിതം കുറച്ചു കുറച്ചായി ചേർത്ത് ഇളക്കി യോജിപ്പിക്കാം. ചെറുതായി അരിഞ്ഞ കാരറ്റും ഈന്തപ്പഴവും ചേർത്ത് മയത്തിൽ കുഴച്ചെടുക്കുക. 350°F (175°C) ൽ പ്രീ ഹീറ്റ് ചെയ്ത അവ്നിൽ 20-30 മിനിറ്റ് ബേക്ക് ചെയ്യുക. ചൂടാറിയ ശേഷം മുറിച്ചു കഴിക്കാം.