ഇത്ര സിംപിളോ? ഓറഞ്ച് കൊണ്ടുണ്ടാക്കാം അടിപൊളി കേക്ക്!
Mail This Article
ഇപ്പോള്‍ നാട്ടില്‍ ഓറഞ്ച് സീസണ്‍ ആണ്. മിക്ക കടകളിലും നൂറു രൂപയ്ക്ക് രണ്ടും മൂന്നും കിലോ ഓറഞ്ചാണ് വില്‍ക്കുന്നത്. മധുരവും രുചിയും മാത്രമല്ല, വിറ്റാമിനുകളും ധാതുക്കളും ആൻറി ഓക്സിഡൻറുകളും കൊണ്ട് പോഷകസമൃദ്ധമാണ് ഓറഞ്ച്.
രോഗപ്രതിരോധത്തിനും ചര്‍മത്തിന്‍റെ ആരോഗ്യത്തിനും ഇരുമ്പിന്‍റെ ആഗിരണത്തിനും സഹായിക്കുന്ന വിറ്റാമിന്‍ സിയുടെ കലവറയാണ് ഓറഞ്ച്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യവും കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ലയിക്കുന്ന നാരുകളും അവയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ക്ഷണത്തിൽ ഓറഞ്ച് ഉൾപ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്‍റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളും ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, കലോറി കുറവായതിനാല്‍, ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് തൃപ്തികരമായ ലഘുഭക്ഷണമാണ് ഓറഞ്ച്.
ഇത്രയും ഗുണങ്ങള്‍ ഉള്ള ഓറഞ്ച് കൊണ്ട് അടിപൊളി ഒരു കേക്ക് ഉണ്ടാക്കിയാലോ?
ഓറഞ്ച് കേക്ക് റെസിപ്പി
ചേരുവകൾ
ഓറഞ്ച് - 1
പഞ്ചസാര - 3/4 കപ്പ്
വെളിച്ചെണ്ണ - 1/2 കപ്പ്
മുട്ട - 2
മൈദ - 1 കപ്പ്
ബേക്കിംഗ് പൗഡർ - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
- ആദ്യം തന്നെ ഓറഞ്ച് എടുത്ത് തൊലിയും കുരുവും കളഞ്ഞ് മാറ്റി വയ്ക്കുക
- ഇത് മിക്സിയുടെ ജാറിലിട്ട്, പഞ്ചസാര, വെളിച്ചെണ്ണ, മുട്ട എന്നിവയ്ക്കൊപ്പം അടിച്ചെടുക്കുക.
- ഈ മിശ്രിതം ഒരു പാത്രത്തിലേക്കിട്ട്, ബേക്കിംഗ് പൗഡര്‍, മൈദ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക
- ഒരു ബേക്കിങ് പാത്രത്തില്‍ അല്‍പ്പം നെയ്യോ എണ്ണയോ പുരട്ടിയ ശേഷം, അടിയില്‍ ബട്ടര്‍ പേപ്പര്‍ വയ്ക്കുക. ഇതിലേക്ക് മാവ് ഒഴിക്കുക.
- ഈ പാത്രം ഓവനില്‍ വച്ചോ ഡബിള്‍ ബോയിലിങ് വഴിയോ കേക്ക് വേവിച്ചെടുക്കാം.
- പുറത്തെടുത്ത് തണുത്ത ശേഷം മുറിച്ച് വിളമ്പാം.